പി യു ചിത്ര: 22 വയസ്, 23 സ്വർണമെഡലുകൾ

ട്രാക്കിൽ നിൽക്കുമ്പോൾ ഈ പീക്കിരിപ്പെണ്ണ് എന്തു ചെയ്യാൻ പോവുന്നു എന്ന സന്ദേഹവും പുച്ഛവുമായി നിൽക്കുന്ന കാണികൾക്കു മുന്നിലൂടെ അവൾ സ്വർണപ്പതക്കവും കൊയ്തെടുത്തു പോവുന്ന ദൃശ്യങ്ങൾക്കാണ് പല മീറ്റുകളും സാക്ഷിയായത്. മെഡൽ സാധ്യതയില്ലെന്നു പറഞ്ഞ് പി യു ചിത്രയെ ലോക ചാമ്പ്യൻഷിപ്പിൽ നിന്നും മാറ്റിനിർത്തുമ്പോൾ ഒരു നാടൊട്ടാകെ അവൾക്കൊപ്പമുണ്ട്.

പി യു ചിത്ര: 22 വയസ്, 23 സ്വർണമെഡലുകൾ

ഇന്ത്യയുടെ കായിക ലോകത്ത് എന്നും അഭിമാനതാരകം തന്നെയാണ് പാലക്കാട് ജില്ലയിലെ മുണ്ടൂർ സ്വദേശിനിയായ പി യു ചിത്ര. കാൽപ്പാദങ്ങളിൽ സ്വർണം വിരിയിച്ച് ഈ 22 കാരി തന്റെ തേരോട്ടം തുടരുകയാണ്. മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ മുറ്റത്ത് ഓടിക്കളിച്ച ഈ പെൺ ചീറ്റപ്പുലി പിന്നീടിങ്ങോട്ട് തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു.

എന്നാൽ, അപ്രതീക്ഷിത തിരിച്ചടിയായി ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ നിന്നും തഴയപ്പെട്ട കേരളത്തിന്റെ ഈ അഭിമാന താരം ഇപ്പോൾ നിയമപോരാട്ടത്തിലാണ്. ചിത്രയെ തഴഞ്ഞതിൽ ഹൈക്കോടതിയും ഇടപെട്ടുകഴിഞ്ഞു. ഇന്നലെ ഇതു സംബന്ധിച്ച് ഹൈക്കോടതി കേന്ദ്രസർക്കാരിനോടു വിശദീകരണം തേടുകയും ചെയ്തിരുന്നു.

കഴിഞ്ഞവർഷം ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണം നേടിയ ചിത്ര "ഏഷ്യയുടെ ദൂരങ്ങളുടെ രാജകുമാരി" എന്ന പേരിലൂടെ ആദരിക്കപ്പെട്ടു. വെറും 4.17.92 സെക്കന്റുകൾ കൊണ്ടാണ് ചിത്രം ഏവരേയും അതിശയിപ്പിക്കുന്ന ഈ നേട്ടം സ്വന്തമാക്കിയത്. പാലക്കാട്ടെ മുണ്ടൂരെന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് ലോക അത്‌ലറ്റിക്സിന്റെ നെറുകയിലേക്ക് തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുകയാണ് ചിത്രയെന്ന വിസ്മയതാരം.

ട്രാക്കിൽ നിൽക്കുമ്പോൾ ഈ പീക്കിരിപ്പെണ്ണ് എന്തു ചെയ്യാൻ പോവുന്നു എന്ന സന്ദേഹവും പുച്ഛവുമായി നിൽക്കുന്ന കാണികൾക്കു മുന്നിലൂടെ അവൾ സ്വർണപ്പതക്കവും കൊയ്തെടുത്തു പോവുന്ന ദൃശ്യങ്ങൾക്കാണ് പല സംസ്ഥാന-ദേശീയ-അന്തർദേശീയ അത്‌ലറ്റിക് മീറ്റുകളും സാക്ഷിയായത്. മെഡൽ സാധ്യതയില്ലെന്നു പറഞ്ഞ് പി യു ചിത്രയെ ലോക ചാമ്പ്യൻഷിപ്പിൽ നിന്നും മാറ്റിനിർത്തുമ്പോൾ ഒരു നാടൊട്ടാകെ അവൾക്കൊപ്പമുണ്ട്. അവൾ ഇതുവരെ നേടിയ മെഡലുകൾ ഈ പൊള്ളവാദത്തിനു നേരെയുള്ള ചോദ്യചിഹ്നമാണ്.

നേട്ടങ്ങളുടെ പൂമാലകൾ അണിയിക്കപ്പെടുമ്പോഴും ചിത്രയുടെ മുഖത്ത് അഹങ്കാരമുണ്ടാവുന്നത് ആരും കണ്ടിട്ടില്ല. കാരണം അവളങ്ങനെയാണ്.

നാണംകുണുങ്ങിയായ തനി നാട്ടിൻപുറത്തുകാരി. നേട്ടങ്ങള്‍ ഓരോന്ന് വെട്ടിപ്പിടിക്കുമ്പോഴും അവൾ കൂടുതല്‍ വിനയാന്വിതയാവാറാണ് പതിവ്. ട്രാക്കിലെത്തുമ്പോൾ തീപ്പൊരിയാവുന്ന ചിത്ര പുറത്ത് പഞ്ചപാവമാണ്.

ട്രാക്കിലിറങ്ങിയാൽ പിന്നെ ‌ഒരിക്കലും വെറുംകൈയോടെ മടങ്ങിയ ചരിത്രം ഈ മധ്യ- ദീർഘദൂര ഓട്ടക്കാരിക്ക് ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. ട്രാക്കിൽ വേ​ഗതയുടെ പുതിയ അധ്യായം തീർക്കുന്ന ചിത്രയെ കുറിച്ച് പലതും നമുക്കറിയില്ല. 2011 മുതൽ 2017 വരെ ഏഴുകൊല്ലത്തിനിടെ മാത്രം അവൾ നേടിയത് 23 സ്വർണ മെഡലും ഒരു വെങ്കലവുമാണ്. ഇവയിൽ സംസ്ഥാന തലം മുതൽ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വരെയുള്ള മെ‍ഡൽവേട്ടകൾ ഉൾപ്പെടുന്നു.

ലോക മീറ്റിൽ നിന്നും മാറ്റിനിർത്തപ്പെട്ട പി യു ചിത്രയ്ക്കു പിന്തുയുമായി സോഷ്യൽമീഡിയകളിലും വിത്ത് പിയുചിത്ര ഹാഷ്ടാ​ഗ് ക്യാംപയിൻ ആരംഭിച്ചു കഴിഞ്ഞു.

2011ലാണ് ചിത്ര ആദ്യമായി ട്രാക്കിൽ സ്വർണമണിയുന്നത്. ഈ വർഷം ഭുവനേശ്വറിൽ വച്ചു നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിലാണ് ചിത്ര അവസാനമായി മത്സരിക്കുന്നത്. കൃഷിക്കാരായ ഉണ്ണികൃഷ്ണന്റേയും വസന്തകുമാരിയുടേയും മകളായ പി യു ചിത്ര 2011 മുതൽ ഈ വർഷം വരെ നേടിയ പുരസ്കാരങ്ങൾ അറിയാം.

2011 - 56 -ാമത് ദേശീയ സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m സ്വർണം. മൂന്ന് കിലോമീറ്റർ ക്രോസ് കണ്ട്രി ഇവന്റിൽ വെങ്കലം

2012 - 56 -ാമത് കേരള സംസ്ഥാന സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m സ്വർണമെഡൽ

2013 - 57 -ാമത് കേരള സംസ്ഥാന സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m സ്വർണമെഡൽ

2013 - 58 -ാമത് ദേശീയ സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m- ലും മൂന്നു കിലോമീറ്റർ ക്രോസ് കണ്ട്രി ഇനത്തിലും സ്വർണമെഡൽ

2013 - ആദ്യ ഏഷ്യൻ സ്കൂൾ അത്ലറ്റിക് മീറ്റിൽ 3000m -ൽ സ്വർണ മെഡൽ

2014 - 59 -ാമത് ദേശീയ സ്കൂൾ ഗെയിംസിൽ 1500m, 3000m, 5000m -ലും മൂന്ന് കിലോമീറ്റർ ക്രോസ് കണ്ട്രി ഈവന്റിലും സ്വർണമെഡൽ

2016 - ​ഗുവാഹത്തിയിൽ നടന്ന 12-ാമത് സൗത്ത് എഷ്യൻ ​ഗെയിംസിൽ 1500മീ, 3000മീ, 5000മീ

2016 - റാഞ്ചിയിൽ നടന്ന 59 -ാമത് ദേശീയ ഗെയിംസിൽ മൂന്ന് കി.മീ ക്രോസ്സ് കണ്ട്രി ഇനത്തിൽ സ്വർണ മെഡൽ

2017 - ഭുവനേശ്വറിൽ നടന്ന 22 -ാമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണമെഡൽ

Read More >>