ഇന്ത്യ വിജയപ്രതീക്ഷയിലേക്ക്

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ അവസാന ദിവസത്തെ ബാറ്റിംഗ് ഓസീസിന് ഒട്ടും എളുപ്പമാവില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ വിജയപ്രതീക്ഷയിലേക്ക്

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ വിജയപ്രതീക്ഷയുമായി ഇന്ത്യ. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 451 റണ്‍സിന് മറുപടിയായി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഇന്ത്യ ഡിക്ലയര്‍ ചെയ്തിരുന്നു. നാലാം ദിനത്തില്‍ രണ്ട് ഓസീസ് വിക്കറ്റുകള്‍ കൂടി വീഴ്‌ത്തിയ്തോടെ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ അകലെയല്ല.

360/6 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയ്ക്കു പൂജാരയും സാഹയും ചേര്‍ന്നാണ് ശക്തമായ മുന്നേറ്റം നല്‍കിയത്. ആദ്യ രണ്ട് സെഷനുകളിലും വിക്കറ്റ് പോവാതെ ലീഡിലേക്ക് അടിവെച്ചുകയറിയ ഇന്ത്യ അവസാന സെഷനില്‍ ജഡേജയിലൂടെ ലീഡ് 150 കടന്നു.പൂജാര കരിയറിലെ മൂന്നാം ഡബിളും സാഹ കരിയറിലെ മൂന്നാം സെഞ്ചുറിയും കുറിച്ചിരുന്നു. 202 റണ്‍സെടുത്ത പൂജാര ലയണിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ ഇന്ത്യന്‍ ലീഡ് 70 കടന്നിരുന്നു. പൂജാരയ്ക്ക് പിന്നാലെ സാഹയും(117) മടങ്ങിയെങ്കിലും ഉമേഷ് യാദവിന്റെ(16) കൂട്ടില്‍ ജഡേജ അടിച്ചു തകര്‍ത്തതോടെ ഇന്ത്യ 600 കടന്നു.

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ അവസാന ദിവസത്തെ ബാറ്റിംഗ് ഓസീസിന് ഒട്ടും എളുപ്പമാവില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.ആദ്യ സെഷനില്‍ പിടിച്ചുനില്‍ക്കാനായിരിക്കും ഓസീസ് ശ്രമിക്കുക. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ വിക്കറ്റ് നിര്‍ണ്ണായകമാണ്. സ്മിത്ത് വീണാല്‍ ഓസീസിനെ വീഴ്‌ത്താന്‍ പിന്നെ ഇന്ത്യയ്ക്ക് അധികം പ്രയാസപ്പെടെണ്ടി വരില്ല.