ലോക ചാമ്പ്യൻഷിപ്പിലെ തോൽവിക്ക് മധുര പ്രതികാരം; ഒകുഹാരയെ തോല്പിച്ച് പിവി സിന്ധുവിന് കിരീടം

ലോക ചാമ്പ്യൻ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോൽപ്പിച്ചാണ് പിവി സിന്ധു കിരീടം ചൂടിയത്. ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒകുഹാര പിവി സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു. ആ തോൽവിക്ക് കൊറിയൻ ഓപ്പൺ ഫൈനലിൽ സിന്ധു പകരം വീട്ടി

ലോക ചാമ്പ്യൻഷിപ്പിലെ തോൽവിക്ക് മധുര പ്രതികാരം; ഒകുഹാരയെ തോല്പിച്ച് പിവി സിന്ധുവിന് കിരീടം

കൊറീയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം പിവി സിന്ധുവിന് കിരീടം. ലോക ചാമ്പ്യൻ ജപ്പാൻ താരം നൊസോമി ഒകുഹാരയെ തോൽപ്പിച്ചാണ് പിവി സിന്ധു കിരീടം ചൂടിയത്. സിന്ധുവിന്റെ കരിയറിലെ മൂന്നാം സൂപ്പർ സീരീസ് കിരീടമാണിത്.

ലോക ചാമ്പ്യൻഷിപ്പിലേറ്റ തോൽവിക്ക് ഒരു മധുര പ്രതികാരം കൂടിയായി സിന്ധുവിന്റെ വിജയം. ഗ്ലാസ്ഗോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒകുഹാരയാണ് സിന്ധുവിനെ തോല്പിച്ചിരുന്നത്. റിയോ ഒളിമ്പിക്സ് സെമിയിൽ സിന്ധു ഒകുഹാരയെ തോല്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ലോക ചാമ്പ്യൻഷിപ്പിൽ ഒകുഹാര തിരിച്ചടിച്ചത്. ഇപ്പോൾ ആ തോൽവിക്ക് പിവി സിന്ധുവും മറുപടി നൽകിയിരിക്കുന്നു. സിന്ധുവും ഒകുഹാരയും തമ്മിലുള്ള അടുത്ത പോരാട്ടത്തിനാണ് ലോകമെങ്ങുമുള്ള ബാഡ്മിന്റൺ ആരാധകർ കാത്തിരിക്കുന്നത്.

ഒളിമ്പിക്സും ലോക ചാമ്പ്യൻഷിപ്പും കഴിഞ്ഞാൽ ബാഡ്മിന്റണിന്റെ ഏറ്റവും വലിയ വേദിയാണ് കൊറിയൻ ഓപ്പൺ. ലോക ബാഡ്മിന്റൺ ഫെഡറേഷൻ നേരിട്ടു നടത്തുന്ന ചാമ്പ്യൻഷിപ്പാണിത്.

ഒന്നാം സെറ്റ് കടുത്ത പോരാട്ടത്തിലാണ് സിന്ധു വിജയിച്ചത്. എന്നാൽ രണ്ടാം സെറ്റ് ഒകുഹാര അനായാസം കൈപ്പിടിയിലൊതുക്കിയപ്പോൾ മത്സരം കൈവിട്ടു പോകുന്നതായി തോന്നി. പൂർവാധികം ശക്തിയോടെ തിരിച്ചു വന്ന സിന്ധു, മൂന്നാം സെറ്റിൽ ഒകുഹാരയെ കീഴടക്കി. സ്കോർ 22-20, 11-21, 21-18.

കഴിഞ്ഞ ദിവസം നടന്ന സെമിയിൽ ചൈനയുടെ ആറാം സീഡ് ഹി ബിംഗ്ജിയാവോയെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. കൊറിയൻ ഓപ്പണിൽ കിരീടം ചൂടിയ പിവി സിന്ധുവിന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദനമറിയിച്ചത്.

Read More >>