പോപ്പോവിച്ചും പൂനെയും റെഡിയാണ്; ഇത്തവണ ചരിത്രം വഴിമാറും

ഫ്രഞ്ച് ഇതിഹാസം ഡേവിഡ് ട്രെസഗെ, ലോകോത്തര റൊമേനിയൻ സ്‌ട്രൈക്കർ അഡ്രിയാൻ മുട്ടു എന്നിവരൊക്കെ ബൂട്ടണിഞ്ഞ പൂനെ ടീമിൽ എന്താണ് പ്രശ്നം എന്ന് കണ്ടെത്തുകയാണ് ഹെബാസിന്റെ ആദ്യത്തെ ലക്‌ഷ്യം. കടലാസിൽ കരുത്തരെങ്കിലും ഒരു ടീമായി ഒത്തിണക്കത്തോടെ കളിക്കാനോ അവസരങ്ങൾ ഗോൾപോസ്റ്റിലേക്ക് തട്ടിയിടാനോ പൂനെയ്ക്ക് കഴിയാത്തതായിരുന്നു കഴിഞ്ഞ സീസണുകളിൽ പൂനെയുടെ പ്രശ്നം.

പോപ്പോവിച്ചും പൂനെയും റെഡിയാണ്; ഇത്തവണ ചരിത്രം വഴിമാറും

ഐഎസ്എല്ലിന്റെ ചരിത്രത്തിൽ ഏറ്റവും മോശം റെക്കോർക്കുള്ള ക്ലബാണ് എഫ്‌സി പൂനെ സിറ്റി. കഴിഞ്ഞ മൂന്ന് സീസണുകളില്‍ പൂനെയുടെ സ്ഥാനം യഥാക്രമം 6, 7, 6 എന്നിങ്ങനെയായിരുന്നു. ഇത് വരെ ഒരു സീസണിലും നാലിൽ കൂടുതൽ ജയം നടന്ന പൂനെയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ തങ്ങളുടെ ഈ സുഖകരമല്ലാത്ത കണക്കുകൾ മായ്ച്ചു കളയാനൊരുങ്ങിയാണ് ഈ വർഷം അവരുടെ വരവ്.

അത്ലറ്റിക്കോ ഡി കൊൽക്കത്തയെ ആദ്യ സീസണിൽ ജേതാക്കളാക്കുകയും രണ്ടാം സീസണിൽ സെമിഫൈനലിലെത്തിക്കുകയും ചെയ്ത സ്പാനിഷ് കോച്ച് അന്റോണിയോ ലോപ്പസ് ഹെബാസിന് പക്ഷേ, കൊൽക്കത്തയിൽ ചെയ്തത് പൂനെയിൽ ആവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 14 കളികളിൽ നിന്ന് വെറും നാല് ജയവുമായി പൂനെ പോയിന്റ് ടേബിളിൽ ആറാമതായി ഒതുങ്ങി. അതോടെ ടീം മാനേജ്‌മെന്റ് ഹെബാസിനെ കൈ വിട്ടു.പരിശീലക റോളിൽ മുൻ സെർബിയൻ ഫുട്ബോളർ റാങ്കോ പൊപോവിച്ച് എത്തി. 15 വർഷത്തെ കോച്ചിംഗ് എക്സ്പീരിയൻസുള്ളയാളാണ് പോപ്പോവിച്ച്. പരിശീലകനോടൊപ്പം മികച്ച കുറച്ച് കളിക്കാരെ ടീമിലെത്തിച്ച് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനാണ് മാനേജ്‌മെന്റിന്റെ ശ്രമം. ഫ്രഞ്ച് ഇതിഹാസം ഡേവിഡ് ട്രെസഗെ, ലോകോത്തര റൊമേനിയൻ സ്‌ട്രൈക്കർ അഡ്രിയാൻ മുട്ടു എന്നിവരൊക്കെ ബൂട്ടണിഞ്ഞ പൂനെ ടീമിൽ എന്താണ് പ്രശ്നം എന്ന് കണ്ടെത്തുകയാണ് പോപ്പോവിച്ചിന്റെ ആദ്യത്തെ ലക്‌ഷ്യം. കടലാസിൽ കരുത്തരെങ്കിലും ഒരു ടീമായി ഒത്തിണക്കത്തോടെ കളിക്കാനോ അവസരങ്ങൾ ഗോൾപോസ്റ്റിലേക്ക് തട്ടിയിടാനോ പൂനെയ്ക്ക് കഴിയാത്തതായിരുന്നു കഴിഞ്ഞ സീസണുകളിൽ പൂനെയുടെ പ്രശ്നം. ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം കണ്ടെത്തിയാൽ ഇത്തവണ പൂനെ കുതിക്കും. അതല്ലെങ്കിൽ കഴിഞ്ഞ സീസണുകളിലെന്ന പോലെ അവർക്ക് കിതപ്പേ ഉണ്ടാവൂ.

കഴിഞ്ഞ സീസണിൽ ഡൽഹി ഡൈനാമോസിനു വേണ്ടി ബൂട്ട് കെട്ടിയ മാഴ്‌സലിഞ്ഞോയാണ് ഇത്തവണ പൂനെയിലെ ഏറ്റവും വലിയ ആകർഷണം. ഐഎസ്എല്ലിൽ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളിലൊരാളായ മാഴ്‌സലിഞ്ഞോ ഏത് പൊസിഷനിലും കളിക്കാൻ കഴിയുന്ന താരമാണ്. കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് പുരസ്കാരവും മാഴ്‌സലിഞ്ഞോക്കായിരുന്നു. ബ്രസീലുകാരനായ മാഴ്‌സലിഞ്ഞോ സ്‌പെയിനിൽ നിന്നാണ് കളി പഠിച്ചത്. പിന്നീട് യൂറോപ്പിലുടനീളം പല രണ്ടാം നിര ക്ലബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞു. അസാമാന്യ വേഗതയും പന്തിന്മേലുള്ള നിയന്ത്രണവും ഷോട്ടുകളുടെ ശക്തിയുമാണ് മാഴ്‌സലിഞ്ഞോയെ അപകടകാരിയായ ഒരു കളിക്കാരനാക്കുന്നത്. അറ്റാക്കിംഗ് മിഡ്ഫീൽഡർ എന്ന റോളിൽ മാഴ്‌സലിഞ്ഞോക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഡൽഹിയുടെ കഴിഞ്ഞ സീസണിലെ മുന്നേറ്റത്തിന്റെ വലിയൊരു ക്രെഡിറ്റ് മാഴ്‌സലിഞ്ഞോക്ക് അവകാശപ്പെട്ടതാണ്. മുന്നേറ്റ നിരയിൽ മാഴ്‌സലിഞ്ഞൊക്കൊപ്പം മുൻ യുറുഗ്വായ്‌ സ്‌ട്രൈക്കർ

എമിലിയോ അൽഫാരോ അണിനിരക്കും. 2006 മുതൽ 2011 വരെ ലിവർപൂളിനായി 107 മത്സരങ്ങളിൽ നിന്ന് 41 ഗോളുകൾ നേടിയ അൽഫാരോ ലാസിയോയിലും യുറുഗ്വായ്‌ ദേശീയ ടീമിലും കളിച്ചിട്ടുണ്ട്. യുഎഇയിലെ ഫുജൈറ ക്ലബിന് വേണ്ടി അവസാനം കളിച്ച സീസണിൽ 12 കളികളിൽ നിന്ന് 8 ഗോളുകൾ നേടിക്കൊണ്ട് തന്റെ സ്കോറിംഗ് മികവിന് ആക്കം തട്ടിയിട്ടില്ലെന്ന് അൽഫാരോ തെളിയിക്കുന്നു. മാഴ്‌സലിഞ്ഞോയും അൽഫാരോയും ചേരുന്ന ലോകോത്തര നിലവാരമുള്ള മുന്നേറ്റ നിര മറ്റു ടീമുകൾക്ക് കടലാസിലെങ്കിലും തലവേദനയുണ്ടാക്കുന്നുണ്ട്. കളി മെനയാനറിയുന്ന മാഴ്‌സലിഞ്ഞോയും ഗോളടിക്കാനറിയുന്ന അൽഫാരോയും ചേരുമ്പോൾ പൂനെ സിറ്റിയുടെ ഗോൾവരൾച്ച ഒഴിഞ്ഞേക്കും. ഇവരോടൊപ്പം മാഴ്‌സലിഞ്ഞോയുടെ നാട്ടുകാരനും ഫ്ളമിംഗോയുടെ യുവ ടീം അംഗവുമായിരുന്ന ഡീഗോ കാർലോസ്, മുൻ ഡൽഹി ഡൈനാമോസ് വിങ്ങർ കീൻ ലൂയിസ്, മുൻ മോഹൻ ബഗാൻ താരം അജയ് സിംഗ് എന്നിവർ കൂടി പൂനെ മുന്നേറ്റ നിരയിൽ പന്ത് തട്ടും. ഗോളടിക്കാനും അടിപ്പിക്കാനുമറിയുന്ന ഈ മുന്നേറ്റ നിര പെരുമയ്‌ക്കൊത്ത പ്രകടനം കളിക്കളത്തിൽ കാഴ്ച വെച്ചാൽ പൂനെ ചരിത്രം തിരുത്തിക്കുറിക്കും.

മധ്യനിരയിലും ഇത്തവണ പറയത്തക്ക പ്രശ്നങ്ങൾ പൂനെക്കില്ല. മുൻ റോമാ താരവും 2015 ഐഎസ്എല്ലിൽ എഫ്‌സി ഗോവയുടെ മിഡ്ഫീൽഡറുമായിരുന്ന ബ്രസീലിയൻ ഫുട്ബോളർ ജോനാഥൻ ലൂക്ക ഇത്തവണ പൂനെ മധ്യനിര നയിക്കും. ഇരുപത്തിമൂന്ന്കാരനായ ലൂക്കയ്ക്ക്

കരിയറിൽ ഇനിയും ഒരുപാട് സമയം ബാക്കി കിടപ്പുണ്ട്. റയോ വല്ലക്കാനോ, ജിറോണ, അൽമേരിയ എന്നീ ക്ലബുകളിൽ കളിച്ചിട്ടുള്ള മാർക്കോസ് ടെബാർ മധ്യനിരയിൽ ലൂക്കയ്ക്ക് കൂട്ടാകും. 31 കാരനായ ടെബാർ റയൽ മാഡ്രിഡിന് വേണ്ടിയും സ്‌പെയിൻ അണ്ടർ 16 , അണ്ടർ 17 ടീമുകളിലും കളിച്ചിട്ടുണ്ട്. ഇവരോടൊപ്പം അർജന്റീനക്കാരൻ റോബർട്ടിനോ, ഉദ്ഘാടന സീസണിൽ ഡൽഹിക്ക് വേണ്ടി കളിച്ച ഗോവൻ ഫുട്ബോടളർ ആദിൽ ഖാൻ, ഷിലോങ്ങ് ലജോങ്ങിന്റെ യുവതാരം നിം ദൊർജീ തമാങ്ങ് എന്നിവരും പൂനെ മധ്യനിരയിൽ ജോനാഥൻ ലൂക്കയ്ക്ക് പിന്നിൽ അണിനിരക്കും. മുൻ അത്ലറ്റിക്കോ ഡി കൊൽക്കത്ത, ചെന്നൈയിൻ എഫ്‌സി താരം ബൽജിത്ത് സാഹ്നിയുടെ സാന്നിധ്യം പൂനെ മധ്യനിരയ്ക്ക് കൂടുതൽ കരുത്ത് പകരും. ആദ്യ രണ്ട് സീസണുകളിൽ അത്ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക് വേണ്ടിയും കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടിയും കളത്തിലിറങ്ങിയ ബൽജിത്ത് രണ്ട് ഗോളുകളാണ് നേടിയിട്ടുള്ളത്. ഇന്ത്യൻ സീനിയർ ടീം താരവും മുൻ അത്ലറ്റിക്കോ ഡി കൊൽക്കത്തയുടെ മിഡ്ഫീൽഡറുമായ ജുവൽ രാജ ഷെയ്‌ഖാണ് മധ്യനിരയിലെ മറ്റൊരു ശ്രദ്ധേയ താരം. ഇവരോടൊപ്പം പൂനെ ഫുട്ബോൾ അക്കാദമിയുടെ സൃഷ്ടിയും ലോൺ അടിസ്ഥാനത്തിൽ സ്പാനിഷ് ക്ലബ് വില്ലറയലിന്റെ സി ടീമിൽ കളിക്കുകയും ചെയ്ത മുഹമ്മദ് ആഷിക്ക് ഇത്തവണ ചേരും. നിലവിൽ വില്ലാറയലിന്റെ ക്യാപ്റ്റനാണ് ഈ മലപ്പുറം സ്വദേശി. ഐഎസ്എല്ലിന്റെ രീതികളുമായി പരിചയമുള്ള ഒരുപറ്റം യുവ കളിക്കാരും അവരെ നയിക്കാൻ അന്താരാഷ്‌ട്ര മത്സരപരിചയമുള്ള ഏതാനും താരങ്ങളും ഒത്തു ചേരുമ്പോൾ ശരാശരിയ്ക്ക് മുകളിൽ നിൽക്കുന്ന മധ്യനിരയായി പൂനെ സിറ്റി എഫ്സിയുടെ മധ്യനിര മാറുന്നു.

സ്പാനിഷ് ഫുട്ബോളർ റാഫ ലോപ്പസ് പ്രതിരോധ നിരയിലെ ശ്രദ്ധേയ താരമാകും. വല്ലലോയ്ഡ്, ഗെറ്റാഫെ തുടങ്ങിയ ലാ ലീഗ ക്ലബുകളിൽ ബൂട്ട് കെട്ടിയിട്ടുള്ള ലോപ്പസ് 2008 മുതൽ 2014 വരെയുള്ള 5 വർഷങ്ങളിൽ ഗെറ്റാഫെക്ക് വേണ്ടി 122 കളികളാണ് കളിച്ചിട്ടുള്ളത്. പല ക്ളബുകളിലായി ഇരുന്നൂറിലധികം മത്സരങ്ങളിൽ കളിച്ചിട്ടുള്ള ലോപ്പസിന്റെ സേവനം പൂനെയ്ക്ക് ഗുണകരമാവും. ഹർപ്രീത് സിംഗ്, മുൻ ബെംഗളൂരു എഫ്‌സി താരം ഗുർജിത്ത് സിംഗ്, പവൻ കുമാർ, വെയ്ൻ വാസ് എന്നിവരാണ് ലോപ്പസിനൊപ്പം പിൻനിരയിൽ ജേഴ്‌സിയണിയുക. മുന്നേറ്റനിരയേയും മധ്യനിരയെയും അപേക്ഷിച്ച് പ്രതിരോധം ദുര്ബലമാണെങ്കിൽ പോലും അതിനെ മറി കടക്കാവുന്ന മറ്റു ഡിപ്പാർട്ട്മെന്റുകൾ പൂനെയ്ക്കുണ്ട് എന്നത് മറക്കാവുന്നതല്ല.

ഇത്തവണയും ഗോള്‍ വല കാക്കാന്‍ വിശാൽ കൈത്തും കമൽജിത്ത് സിംഗും തന്നെയാവും ഉണ്ടാവുക. കഴിഞ്ഞ സീസണിൽ മികച്ച ഫോമിലായിരുന്ന വിശാലിനെ നിലനിർത്താൻ പൂനെ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത് ആ പ്രകടനം ആവർത്തിക്കുമെന്ന വിശ്വാസത്തിലാണ്.

ഗംഭീര മുന്നേറ്റ നിരയും മികച്ച മദ്ധ്യനിരയുമായി മത്സരിക്കാനെത്തുന്ന പൂനെയും പോപ്പോവിച്ചും ഇത്തവണ ചരിത്രം തിരുത്താം പ്രതീക്ഷയിലാണ്. ഒത്തിണക്കമുള്ള ഒരു ടീമിനെ രൂപപ്പെടുത്താൻ പോപ്പോവിച്ചിന് കഴിഞ്ഞാൽ ആ പ്രതീക്ഷ പുലരുകയും ചെയ്യും.

Read More >>