1877ൽ ഇന്ത്യൻ കാല്പന്തു കളിക്ക് സംഭവിച്ചത്

അവരിലൊരാൾ നീട്ടിയടിച്ച പന്ത് ഉരുണ്ടു ചെന്നു. പന്തിനെ നോക്കി നിൽക്കുന്ന ആ ബാലനോട് അവരിലൊരാൾ പറഞ്ഞു, "Kick it back lil fella".

1877ൽ ഇന്ത്യൻ കാല്പന്തു കളിക്ക് സംഭവിച്ചത്

ലോക കായികരംഗത്തെ സംബന്ധിച്ചിടത്തോളം ഒരുപാട് തുടക്കങ്ങൾ സംഭവിച്ചൊരു വർഷമായിരുന്നു 1877. ഇംഗ്ലണ്ടിലെ വിമ്പിൾഡനിലുള്ള ഓൾ ഇംഗ്ലണ്ട് ടെന്നീസ് ആൻഡ് കോർകെറ് ക്ലബ്ബിന്റെ പുൽമൈതാനം ആദ്യമായൊരു ടെന്നീസ് മത്സരത്തിനു വേദിയായപ്പോൾ ലോകം ഗ്രാൻഡ്സ്ലാം ടെന്നീസ് ടൂർണമെന്റുകളുടെ യുഗത്തിലേക്ക് ആദ്യ ചുവടുവെച്ചു. ഓസ്‌ട്രേലിയയിലെ മെൽബണിൽ ഇംഗ്ലണ്ടും ആതിഥേയരായ ഓസ്‌ട്രേലിയയും അഞ്ചു ദിനങ്ങളുള്ള ഒരു ക്രിക്കറ്റ്‌ മത്സരത്തിലേർപ്പെട്ടതും ആ വർഷമായിരുന്നു. ചരിത്രത്തിലെ ആദ്യ ഒഫീഷ്യൽ ടെസ്റ്റ്‌ മത്സരമായാണ് റെക്കോർഡു പുസ്തകങ്ങളിൽ ആ മത്സരം ഇടം പിടിച്ചത്.

ആ വർഷം ഇവിടെ ഇന്ത്യയിൽ, കൽക്കട്ടയിലെ ഒരു സായാഹ്നം മറ്റൊരു തുടക്കത്തിന് സാക്ഷിയാവുകയായിരുന്നു. ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം ഈസ്റ്റ്‌ ഇന്ത്യ കമ്പനിയിൽ നിന്നും വിക്ടോറിയ രാജ്‌ഞിയിലേക്ക് ഇന്ത്യയുടെ അധികാരത്തിന്റെ ചെങ്കോൽ കൈമാറ്റം നടന്ന കാലഘട്ടമായതിനാൽ ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ ബൂട്ടുകളുടെ ഭീകരധ്വനികളാൽ സമ്പന്നമായിരുന്നു കൽക്കട്ടയിലെ ഓരോ തെരുവുകളും. അത്തരമൊരു തെരുവിലൂടെയാണ് ആ ഒറ്റക്കുതിരവണ്ടി നീങ്ങിയത്. പ്രശസ്തമായ കൽക്കട്ട എഫ് സിയുടെ മൈതാനത്തിനരികിലെത്തിയതോടെ നിശ്ചലമായ ആ വണ്ടിയിൽ നിന്നും പുസ്തകസഞ്ചിയുമായി ഒരു ബാലൻ പുറത്തിറങ്ങി. സ്കൂൾ വിട്ടു വേഗം വീട്ടിലെത്തണമെന്ന അമ്മയുടെ ഉപദേശം പോലും മറന്നു ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് ആർമി ഉദ്യോഗസ്ഥരെ കൗതുകപൂർവ്വം വീക്ഷിച്ചു കൊണ്ടിരുന്ന ആ ബാലന്റെ മുന്നിലേക്ക്‌ അവരിലൊരാൾ നീട്ടിയടിച്ച പന്ത് ഉരുണ്ടു ചെന്നു. പന്തിനെ നോക്കി നിൽക്കുന്ന ആ ബാലനോട് അവരിലൊരാൾ പറഞ്ഞു, "Kick it back lil fella".

ആവേശപൂർവം അവനാ പന്തു നീട്ടിയടിച്ചു. തിരികെ വീട്ടിലെത്തിയ അവന്റെ മനസ്സു മുഴുവനും കാല്പന്തുകളിയായിരുന്നു. പതിയെ അവൻ ആ സുന്ദര ഗെയിമിനെ പ്രണയിക്കാൻ തുടങ്ങി. പിൽക്കാലത്തു ഇന്ത്യക്കാരെ മുഴുവൻ കാൽപ്പന്തിനെ പ്രണയിക്കുവാൻ പഠിപ്പിച്ച 'നാഗേന്ദ്ര പ്രസാദ് സർബാധികാരി' എന്ന ആ ബാലനെ കാലം ഇപ്രകാരം സംബോധന ചെയ്തു, "ഇന്ത്യൻ ഫുട്ബോളിന്റെ പിതാവ് ".

പിറ്റേന്ന് സ്കൂളിലെത്തിയ പ്രസാദ് കൂട്ടുകാരോടൊന്നിച്ചു ഒരു ഫുട്ബോൾ ടീം രൂപീകരിച്ചു. അടുത്തുള്ള കടയിൽ നിന്നും ഒരു പന്തു വാങ്ങിയ അവർ അടുത്ത് ദിവസം ഒരു പ്രദർശന മത്സരം സംഘടിപ്പിച്ചു. പ്രദേശത്തെ പ്രമുഖ വ്യക്തികളും മാതാപിതാക്കളും അധ്യാപകരും പ്രേക്ഷകരായ ആ മത്സരം കാണാനെത്തിയ പ്രെസിഡെൻസി കോളേജ് പ്രൊഫസർ ജി എ സ്റ്റാക്ക് മറ്റൊരു കാര്യം ശ്രദ്ധിച്ചു. ഫുട്ബോളിനു പകരം കുട്ടികൾ കളിക്കുന്നത് റഗ്ബി ബോളിലായിരുന്നു! കളി കഴിഞ്ഞയുടനെ തന്നെ കുട്ടികൾക്ക് ഒരു പുതിയ ഫുട്ബോൾ സമ്മാനമായി നൽകാനും ഫുട്ബോൾ കളിയുടെ നിയമങ്ങൾ അവരെ പഠിപ്പിക്കാനും അദ്ദേഹം മറന്നില്ല.

കാല്പന്ത് ഭൂമികയിൽ പതിയെ പേരെടുത്ത ആ സ്കൂൾ ടീമിന്റെ ജീവനാഡിയായി പ്രസാദ് നിലകൊണ്ടു. സ്കൂൾ ടീമിന്റെയും പിന്നീട്‌ പ്രെസിഡൻസി കോളേജിന്റെയും സെന്റർ ഫോർവേഡ് പൊസിഷനിൽ കളിച്ച പ്രസാദ് പതിയെ സംഘാടന രംഗത്തും മികവു തെളിയിക്കാൻ തുടങ്ങി. മികച്ച ടീമുകളടങ്ങുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1884ൽ വെല്ലിങ്ടൺ ഫുട്ബോൾ ക്ലബ്‌ രൂപീകരിക്കപ്പെട്ടു.

ജാതീയ വ്യവസ്ഥകളും ഉച്ചനീചത്വങ്ങളും കൊടികുത്തിവാണിരുന്ന ഒരു സമൂഹത്തിൽ കൂട്ടായ്മകൾ വളരെ ദുഷ്കരമായിരുന്നു. അതുതന്നെയാണ് വെല്ലിംഗ്ടൺ ക്ലബിന്റെ പതനത്തിനും കാരണമായത്. കീഴ്ജാതിക്കാരനായ മോനി ദാസ് എന്ന കളിക്കാരനോടു ഒപ്പം കളിക്കാൻ മറ്റു കളിക്കാർ വിസമ്മതിച്ചതോടെ ക്ലബ്‌ പിരിച്ചു വിട്ട പ്രസാദ് മോനിയെ നായകനാക്കി 1887ൽ സോവ ബസാർ ക്ലബ്‌ രൂപീകരിച്ചു. 1891ൽ ഈസ്റ്റ്‌ സറെ റെജിമെൻറ് ക്ലബ്ബിനെതീരെ 2-1നു വിജയിച്ച സോവബസാർ ചരിത്രത്തിൽ ആദ്യമായി ഒരു വിദേശ ക്ലബ്ബിനെ തോൽപിച്ച ഇന്ത്യൻ ക്ലബ്‌ ആയി മാറി.

സോവബസാറിന്റെ ഈ വിജയം ഒരു തുടക്കമായിരുന്നു. ഈ വിജയത്തിൽ പ്രചോദനം കൊണ്ടു അനേകം ക്ലബ്ബുകൾ കൽക്കട്ടയുടെ പല ഭാഗങ്ങളിലും രൂപം കൊണ്ടു. ഇംഗ്ലീഷ് ക്ലബ്ബുകളുടെ കുത്തകയായിരുന്ന പല ടൂർണമെന്റുകളിലും ഇന്ത്യൻ ക്ലബുകൾ ശക്തി തെളിയിക്കാൻ തുടങ്ങി. ഇന്ത്യൻ ഫുട്ബോളിനു മികച്ച ഒരു പിടി കളിക്കാരെ സംഭാവന ചെയ്യാനും പ്രസാദിനു കഴിഞ്ഞു. മോഹൻബഗാൻ ക്ലബ്ബിന്റെ ജീവനാഡിയായിരുന്ന കാളീചരൻ മിത്ര, മോഹൻ ബഗാന്റെ മുൻ നൗയകൻ മോനി ദാസ് എന്നിവർ അവരിൽ ചില പേരുകൾ മാത്രം.

ഇന്ത്യൻ ഫുടബോളിന്റെ ഉന്നതിക്കുവേണ്ടി അഹോരാത്രം പരിശ്രമിച്ചൊരു വ്യക്തിത്വമായിരുന്നു നാഗേന്ദ്ര പ്രസാദ് സർബാധികാരി. 1940 ൽ ജീവിതത്തോടു വിടപറയുമ്പോൾ ആരോടും കിടപിടിക്കുന്ന മികച്ച ഒരു ഫുട്ബോൾ സംസ്കാരം ഇന്ത്യയിൽ വാർത്തെടുക്കുവാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. 1877ൽ അദ്ദേഹം തട്ടിവിട്ട ആ പന്ത് ഇന്നും ഇന്ത്യയുടെ നാഡികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അനേകം ഹൃദയങ്ങളിൽ കാല്പന്തുകളിയോടുള്ള പ്രണയം പടർത്തിക്കൊണ്ട്.