സീക്കോ പുറത്ത് ലൊബേര അകത്ത്; ദൗർഭാഗ്യം മറികടക്കാൻ മാറ്റങ്ങളുമായി എഫ്‌സി ഗോവ

ഉദ്ഘാടന സീസണിൽ സെമിഫൈനലിലെത്തിയ ഗോവ രണ്ടാം സീസണിൽ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു. ലാറ്റിനമേരിക്കൻ ഫുട്ബോൾ ശൈലി വിദഗ്ദമായി ഗോവയിൽ നടപ്പിൽ വരുത്തിയ സീക്കോയ്ക്ക് പക്ഷേ, മൂന്നാം സീസണിൽ കണക്കു കൂട്ടലുകൾ പിഴച്ചു. ഓപ്പൺ ഫുട്ബാളിന്റെ തന്ത്രം പഠിച്ച ചെന്നൈയിൻ എഫ്‌സിയാണ് രണ്ടാം സീസണിന്റെ ഫൈനലിൽ ഗോവയ്ക്ക് ആദ്യ പ്രഹരമേല്പിക്കുന്നത്.

സീക്കോ പുറത്ത് ലൊബേര അകത്ത്; ദൗർഭാഗ്യം മറികടക്കാൻ മാറ്റങ്ങളുമായി എഫ്‌സി ഗോവ

ഐഎസ്എൽ നാലാം സീസണിന് വിസിൽ മുഴങ്ങുമ്പോൾ ഏറ്റവുമധികം സമ്മർദ്ദമനുഭവിക്കുന്നത് എഫ്സി ഗോവ കോച്ച് സെർജിയോ ലൊബേര റോഡ്രിഗസാണ്. ആദ്യ രണ്ട് സീസണുകളിലെ മോശമല്ലാത്ത പ്രകടനങ്ങൾക്ക് ശേഷം കഴിഞ്ഞ സീസണിൽ എഫ്‌സി ഗോവ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ഇതിനെ തുടർന്നാണ് മുൻ കോച്ചും ബ്രസീൽ ഇതിഹാസവുമായ സീക്കോയ്ക്ക് പകരം സ്പെയിൻകാരനായ ലൊബേര ഗോവയുടെ കോച്ചായി സ്ഥാനമേൽക്കുന്നത്. ഉദ്ഘാടന സീസണിൽ സെമിഫൈനലിലെത്തിയ ഗോവ രണ്ടാം സീസണിൽ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു. ലാറ്റിനമേരിക്കൻ ഫുട്ബോൾ ശൈലി വിദഗ്ദമായി ഗോവയിൽ നടപ്പിൽ വരുത്തിയ സീക്കോയ്ക്ക് പക്ഷേ, മൂന്നാം സീസണിൽ കണക്കു കൂട്ടലുകൾ പിഴച്ചു. ഓപ്പൺ ഫുട്ബാളിന്റെ തന്ത്രം പഠിച്ച ചെന്നൈയിൻ എഫ്‌സിയാണ് രണ്ടാം സീസണിന്റെ ഫൈനലിൽ ഗോവയ്ക്ക് ആദ്യ പ്രഹരമേല്പിക്കുന്നത്.

2014 ഫുട്ബോൾ ലോകകപ്പ് സെമിഫൈനലിൽ ലാറ്റിനമേരിക്കൻ തന്ത്രവുമായി കളത്തിലിറങ്ങിയ ബ്രസീലിന്റെ നെഞ്ച് പിളർത്ത് 7-1 എന്ന ഭീമമായ സ്കോറിന് ജർമനി വിജയിക്കുമ്പോൾ ലോകം അവിശ്വസനീയതയോടെ മൂക്കത്ത് വിരൽ വെച്ചു. ലാറ്റിനമേരിക്കൻ ഫുട്ബോൾ ടാക്റ്റിക്സിനെ ടാക്കിൾ ചെയ്യാൻ ഫുട്ബോൾ ലോകം പഠിച്ചു എന്ന അവിശ്വസനീയത അതോടെ അംഗീകരിക്കപ്പെട്ടു. ഞെട്ടിപ്പിക്കുന്ന ഈ തോൽവിക്ക് ശേഷം കോച്ചിനെയും കേളീശൈലിയെയും മാറ്റി ബ്രസീൽ വിജയവഴിയിലേക്ക് തിരിച്ചെത്തിയെങ്കിലും സീക്കോ പഴയ തന്ത്രങ്ങൾ മാറ്റാൻ തയ്യാറായില്ല.

കഴിഞ്ഞ സീസണിൽ വെറും നാല് ജയങ്ങളുമായി പോയിന്റ് പട്ടികയിൽ അവസാനസ്ഥാനത്ത് യാത്ര അവസാനിപ്പിക്കേണ്ടി വന്നപ്പോൾ സീക്കോയ്ക്കും തന്റെ തന്ത്രങ്ങൾ കാലഹരണപ്പെട്ടു കഴിഞ്ഞു എന്ന് തോന്നിയിട്ടുണ്ടാവണം. അതോടെയാണ് മുൻ ബ്രസീൽ ഇതിഹാസം ക്ലബിനോട് യാത്ര പറയുന്നത്. ഈ സീസണിൽ സീക്കോയുടെ റോൾ മുൻ ലാസ് പാമാസ് പരിശീലകൻ സെർജിയോ ലൊബേര റോഡ്രിഗസിനാണ്. സീക്കോയുടെ ലാറ്റിനമേരിക്കൻ തന്ത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ യൂറോപ്യൻ കേളീശൈലിയുമായാണ് ലൊബേരയുടെ വരവ്. ബാഴ്‌സലോണ പരിശീലക സംഘത്തിലുണ്ടായിരുന്ന ലൊബേരയുടെ ശൈലിയുമായി കളിക്കാർ എങ്ങനെ പൊരുത്തപ്പെടുമെന്നത് ഒരു ചോദ്യ ചിഹ്നമാണ്.

സീക്കോ അവശേഷിപ്പിച്ച് പോയ തന്ത്രങ്ങൾക്കനുസരിച്ചുള്ള കളിക്കാരാണ് എഫ്‌സി ഗോവയിലുള്ളത്. ക്രോസ് ബാറിന് കീഴിൽ ലക്ഷ്മികാന്ത് കട്ടിമണിയും പിൻനിരയിൽ നാരായൺ ദാസും മധ്യ നിരയിൽ സ്പാനിഷ് താരം മാനുവൽ റോഡ്രിഗസുമൊഴികെ അറിയപ്പെടുന്ന കളിക്കാരൊന്നും ഇത്തവണ ഗോവൻ നിരയിലില്ല. വാസ്കോ, ഡെംപോ എന്നീ ഐ ലീഗ് ക്ളബുകളിലൂടെയാണ് ഗോവൻ വംശജനായ കട്ടിമണി തന്റെ പ്രഫഷണൽ ഫുട്ബോൾ കരിയർ കെട്ടിപ്പടുക്കുന്നത്. ഇന്ത്യയുടെ അണ്ടർ 19, അണ്ടർ 23 ടീമുകളിൽ അംഗമായിരുന്ന കട്ടിമണി വിശ്വസ്തനായ ഗോൾകീപ്പറാണ്. ഇന്ത്യൻ ദേശീയ ടീമംഗമായ നാരായൺ ദാസ്, ഡെംപോ, ഈസ്ററ് ബംഗാൾ എന്നീ ക്ലബുകളിൽ കളിച്ചിട്ടുണ്ട്. ബെറ്റിസ്‌ ബി, റയോ വല്ലേക്കാനോ, മയ്യോർക്ക എന്നീ സ്പാനിഷ് ക്ലബുകളിൽ ബൂട്ട് കെട്ടിയ പരിചയവുമായാണ് മാനുവൽ റോഡ്രിഗസ് ഗോവയിലെത്തുന്നത്. എൽബർ, എസ്പാനിയോൾ, റയൽ സരഗോസ തുടങ്ങിയ സ്പാനിഷ് ക്ലബുകളിൽ കളിച്ച മാനുവൽ ലാൻസാരോട്ടിനോപ്പം റയൽ സരഗോസ, സാന്റാന്റർ തുടങ്ങിയ ക്ളബുകളിലൂടെ കളി പഠിച്ച എടു ബീഡിയയും ജിറോൺ, എൽച്ചെ തുടങ്ങിയ ക്ലബുകളുടെ ഫസ്റ്റ് ഇലവൻ ഫോർവേഡ് ആയിരുന്ന ഫെറാൻ കൊറോമിനാസുമടക്കം ഗോവൻ ടീമിലെ ആളെണ്ണത്തിൽ ഇന്ത്യ കഴിഞ്ഞാൽ സ്പെയിനാണ്.

മധ്യനിരയാണ് ഗോവൻ നിരയുടെ കരുത്ത്. മാനുവൽ റോഡ്രിഗസ്, മാനുവൽ ലാൻസാരോട്ടി, എടു ബീഡിയ എന്നീ സ്പാനിഷുകാർക്കൊപ്പം ഐഎസ്എലിന്റെ സൃഷ്ടിയായ മന്ദർ റാവു ദേശായിയും മധ്യനിരയിൽ അണിനിരക്കും. കാലങ്ങളായി സ്പെയിൻ പിന്തുടരുന്ന ടിക്കി ടാക്കിയാവും ലൊബേരയുടെയും മനസ്സിൽ. സ്പാനിഷുകാരായ ഫെറൻ കൊറോമിനാസ്, അഡ്രിയാൻ കൊലുങ്ക എന്നിവർക്കൊപ്പം ഫസ്റ്റ് ഇലവനിൽ മൻവീർ സിങ്ങ് ബൂട്ടണിഞ്ഞേക്കും. പോർച്ചുഗീസുകാരന്റെ ബ്രൂണോ പിനീറോ, ചേച്ചി എന്ന വിളിപ്പേരുള്ള സ്പെയിൻകാരൻ സെർജിയോ ജസ്റ്റെ, നാരായൺ ദാസ് എന്നിവർക്കൊപ്പം പിൻനിരയിൽ ആരാണുണ്ടാവുക എന്നതിനെപ്പറ്റി വലിയ ഉറപ്പുകളൊന്നുമില്ല. കഴിഞ്ഞ സീസണിലെ അവസാന സ്ഥാനം മെച്ചപ്പെടുത്താനാവും ഗോവയുടെ ശ്രമം.

Read More >>