ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും; ബിസിസിഐ ശരിവച്ച് ഹൈക്കോടതി

ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന വിലക്കിനെ ചോദ്യം ചെയ്ത് ശ്രീശാന്ത് സമർപ്പിച്ച ഹരജിയിൽ, ഹരജിക്കാരന് അനുകൂലമായി ഹൈക്കോടതി സിംഗിൾ ബഞ്ച് നിലപാടെടുത്തിരുന്നു. ഈ വിധി റദ്ദാക്കിക്കൊണ്ടാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും; ബിസിസിഐ ശരിവച്ച് ഹൈക്കോടതി

ഐപിഎൽ ഒത്തുകളി കേസിൽ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക്. ശ്രീശാന്തിന്റെ വിലക്ക് തുടരുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഐപിഎൽ ഒത്തുകളി കേസുമായി ബന്ധപ്പെട്ട് ബിസിസിഐ സമർപ്പിച്ച അപ്പീൽ ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി ശ്രീശാന്തിന്റെ വിലക്ക് തുടരാൻ ഉത്തരവിട്ടത്.

ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന വിലക്കിനെ ചോദ്യം ചെയ്ത് ശ്രീശാന്ത് സമർപ്പിച്ച ഹരജിയിൽ, ഹരജിക്കാരന് അനുകൂലമായി ഹൈക്കോടതി സിംഗിൾ ബഞ്ച് നിലപാടെടുത്തിരുന്നു. ഇതോടെയാണ് ശ്രീശാന്തിന്റെ ഒത്തുകളി വിവാദം വീണ്ടും വാർത്തകളിൽ നിറയുന്നത്. വീണ്ടും കളിക്കാനുള്ള ആത്മവിശ്വാസം ശ്രീശാന്ത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ ശ്രീശാന്തിന്റെ വിലക്കു നീക്കിക്കൊണ്ടുള്ള സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ആജീവനാന്ത വിലക്ക് തുടരുമെന്ന് ഉത്തരവിട്ടത്. കളിക്കളത്തിൽ സജീവമാകാമെന്ന ശ്രീശാന്തിന്റെ മോഹങ്ങൾക്കാണ് ഇതോടെ തിരിച്ചടിയായത്.

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന ശ്രീശാന്ത് സഹതാരങ്ങളോടൊപ്പം ചേർന്ന് ഒത്തുകളിച്ചതായി പരാതി ഉയർന്നിരുന്നു. ഇതിനെ കുറിച്ച് അന്വേഷിച്ച ബിസിസിഐ കമ്മീഷനാണ് ശ്രീശാന്ത് കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് ശ്രീശാന്തിനു മേൽ ബിസിസിഐ ആജീവനാന്ത വിലക്കേർപ്പെടുത്തിയത്.

Read More >>