ഹ്യൂമേട്ടൻ ഹാട്രിക്കിൽ ബ്ളാസ്റ്റേഴ്സിന് രണ്ടാം ജയം

ആദ്യ പകുതി 1-1 എന്ന നിലയിൽ തുല്യത പാലിച്ചെങ്കിലും കളിയുടെ അവസാന ക്വാർട്ടറിൽ ഹ്യൂം നേടിയ രണ്ടു ഗോളുകൾ കളിയുടെ വിധിയെഴുതി. ഒന്നാം പകുതിയിൽ നേടിയ ആദ്യ ഗോളിന് ഭാഗ്യത്തിന്റെ അകമ്പടി ഉണ്ടായിരുന്നെങ്കിൽ രണ്ടാം പകുതിയിലെ രണ്ടു ഗോളുകളും ഹ്യൂമിന്റെ ക്ലാസ് തെളിയിക്കുന്നതായിരുന്നു. ഡൽഹി പ്രതിരോധനിരയുടെ ദൗർബല്യം ഒരിക്കൽ കൂടി തുറന്നുകണ്ട മത്സരത്തിൽ ആ ദൗർബല്യം മുതലെടുത്താണ് ഹ്യൂം തന്റെ ഹാട്രിക്ക് തികച്ചത്.

ഹ്യൂമേട്ടൻ ഹാട്രിക്കിൽ ബ്ളാസ്റ്റേഴ്സിന് രണ്ടാം ജയം

ഡൽഹിയിലെ കൊടുംതണുപ്പിൽ ഇയാൻ ഹ്യൂം എന്ന കാൽപന്ത് മാന്ത്രികൻ വിശ്വരൂപം പൂണ്ടപ്പോൾ ഡൽഹി ഡൈനാമോസിനെതിരേ കേരളാ ബ്ളാസ്റ്റേഴ്സിന് മിന്നുന്ന ജയം. സീസണിൽ ഫോം കണ്ടെത്താനാവാതെ ഉഴറുന്ന ഡൽഹിയെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് ബ്ളാസ്റ്റേഴ്‌സ് കെട്ടു കെട്ടിച്ചത്. ആദ്യ പകുതി 1-1 എന്ന നിലയിൽ തുല്യത പാലിച്ചെങ്കിലും കളിയുടെ അവസാന ക്വാർട്ടറിൽ ഹ്യൂം നേടിയ രണ്ടു ഗോളുകൾ കളിയുടെ വിധിയെഴുതി. ഒന്നാം പകുതിയിൽ നേടിയ ആദ്യ ഗോളിന് ഭാഗ്യത്തിന്റെ അകമ്പടി ഉണ്ടായിരുന്നെങ്കിൽ രണ്ടാം പകുതിയിലെ രണ്ടു ഗോളുകളും ഹ്യൂമിന്റെ ക്ലാസ് തെളിയിക്കുന്നതായിരുന്നു. ഡൽഹി പ്രതിരോധനിരയുടെ ദൗർബല്യം ഒരിക്കൽ കൂടി തുറന്നുകണ്ട മത്സരത്തിൽ ആ ദൗർബല്യം മുതലെടുത്താണ് ഹ്യൂം തന്റെ ഹാട്രിക്ക് തികച്ചത്.

കഴിഞ്ഞ മത്സരത്തിലെ താരം കേസിത്തോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയ ഡേവിഡ് ജെയിംസ് റിനോ ആന്റോയെയും കളത്തിലിറക്കി. പരിക്ക് പൂർണമായും മാറാതിരുന്ന വിനീത് ഇത്തവണയും ബെഞ്ചിലിരുന്ന് കളി കണ്ടു. പേക്കൂസന്റെ പാസിൽ നിന്നും കളിയുടെ 12ാം മിനിറ്റിൽ ഹ്യൂം ഡൽഹി ഗോൾ വല കുലുക്കി. കളിയുടെ ഗതിക്കെതിരായി പിറന്ന ആ ഗോൾ ഡൽഹിയെ ഉണർത്തി. തുരുതുരാ ആക്രമമഴിച്ചു വിട്ട ഡൽഹിയെ ജിങ്കനും ലാൽരുവാത്തയും വെസ് ബ്രൗണും പണിപ്പെട്ടാണ് പിടിച്ചു നിർത്തിയത്. കേരളാ പോസ്റ്റിന് മുന്നിൽ ദൗർഭാഗ്യവും പല വട്ടം വിലങ്ങു തടിയായപ്പോൾ ഡൽഹി കളിയുടെ 44ാം മിനിറ്റിൽ സമനില ഗോൾ പിടിച്ചു. റോമിയോ ഫെർണാണ്ടസിന്റെ ഫ്രീകിക്ക് ബോക്സിലേക്ക് ചാഞ്ഞിറങ്ങുമ്പോൾ ഡൽഹി ക്യാപ്റ്റൻ പ്രീതം കോട്ടാലിന് തലവെച്ചു കൊടുക്കേണ്ട ചുമതലയേ ഉണ്ടായിരുന്നുള്ളൂ. ഡൽഹിയുടെ അപ്രമാദിത്വം തുടർന്ന ഒന്നാം പകുതി തുല്യനിലയിൽ അവസാനിച്ചു. ഇതിനിടെ പരിക്കേറ്റ ബെർബയെ പിൻവലിച്ച് ഒന്നാം പകുതിയിൽ തന്നെ മാർക്ക് സിഫിനിയോസിനെ ഇറക്കേണ്ടി വന്നു.രണ്ടാം പകുതിയിൽ അല്പം കൂടി മെച്ചപ്പെട്ട ബ്ളാസ്റ്റേഴ്സിനെ കണ്ടെങ്കിലും മികച്ചു നിന്നത് ഡൽഹി തന്നെയായിരുന്നു. കളിയുടെ 77ാം മിനിറ്റിൽ പേക്കൂസൻ മറിച്ചു കൊടുത്ത പന്ത് രണ്ടു ഡിഫന്റർമാരെ വെട്ടിച്ച് ഹ്യൂം ഡൽഹി വലയുടെ ഇടതു പാർശ്വത്തിലേക്ക് തൊടുക്കുമ്പോൾ ഹ്യൂം എന്ന കളിക്കാരന്റെ ക്ലാസ് ഗാലറി കണ്ടു. 83ാം മിനിറ്റിൽ ഡൽഹി പ്രതിരോധത്തിന്റെ പിഴവിൽ നിന്നും പന്തുമായി ഓടിക്കയറിയ ഹ്യൂം അഡ്വാൻസ് ചെയ്ത ഗോളിയെ കബളിപ്പിച്ച് പന്ത് ചിപ്പ് ചെയ്ത് വലക്കുള്ളിലാക്കി ഗോൾ പട്ടിക തികച്ചു. ഐഎസ്എൽ ചരിത്രത്തിൽ ഹ്യൂമിന്റെ മൂന്നാം ഹാട്രിക്കാണിത്.

ഹോം​ഗ്രൗണ്ടിലെ നിരന്തര പരാജയങ്ങൾക്കും നിരാശയ്ക്കു ശേഷം എവേ മൽസരത്തിലാണ് ബ്ലാസ്റ്റേഴ്സിന് മിന്നും ജയം സ്വന്തമാക്കാനായത്. അതിലുപരി, പരിശീലക വേഷത്തിൽ വീണ്ടും മഞ്ഞപ്പടയ്ക്കൊപ്പം ചേർന്ന ഡേവിഡ് ജയിംസിന് തന്റെ തന്ത്രങ്ങൾ പാളില്ല എന്ന് ആരാധകരെ ബോധ്യപ്പെടുത്തി, അവരുടെ പ്രീതി കാംക്ഷിക്കേണ്ട ചുമതല കൂടിയുണ്ടായിരുന്നു. എന്തായാലും ഡൽഹിയിലെ ചൂടുപിടിച്ച പുൽമെെതാനിയിൽ കേരളം കലിപ്പടക്കി. ജയത്തോടെ ബ്ളാസ്റ്റേഴ്‌സ് 11 പോയിന്റോടെ ആറാം സ്ഥാനത്തെക്കുയർന്നു.

Read More >>