ഇനി മറ്റരാസിയില്ല; മാറ്റങ്ങളുമായി ചെന്നൈയിൻ

മറ്റു ടീമുകളെ അപേക്ഷിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ ടീമിനെ ഒരുക്കേണ്ടി വന്നെങ്കിലും മറ്റരാസി തന്ത്രമറിയുന്ന കോച്ചായിരുന്നു. ഇറ്റലിയുടെ എക്കാലത്തെയും മികച്ച ഡിഫൻഡർമാരിലൊരാളായ മറ്റരാസി പ്രതിരോധത്തിലൂന്നിയ കളി തന്നെയാണ് സ്വീകരിച്ചത്. മാർക്കീ പ്ലെയറായി ബ്രസീലിയൻ ഇതിഹാസം എലാനോയെ മറ്റരാസി ചെന്നൈയിൻ ടീമിലെത്തിച്ചു.

ഇനി മറ്റരാസിയില്ല; മാറ്റങ്ങളുമായി ചെന്നൈയിൻ

2014ൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിലേക്കുള്ള ഫ്രാഞ്ചൈസി ലേലം നടക്കുന്ന സമയം. ഇന്ത്യയിലെ എണ്ണപ്പെട്ട മെട്രോ നഗരങ്ങളിലൊന്നായ ചെന്നൈക്ക് വേണ്ടി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ ഉൾപ്പെടുന്ന കൺസോർഷ്യം രംഗത്ത് വന്നു. പക്ഷേ, ബിസിസിഐയുമായുള്ള കരാറുകളുടെ ഭാഗമായി ഗവാസ്കർ ലേലത്തിൽ നിന്ന് പിന്മാറി. ലീഗ് തുടങ്ങാൻ രണ്ട് മാസങ്ങൾ ബാക്കി നിൽക്കെ ചെന്നൈ ഫ്രാഞ്ചസിക്ക് വേണ്ടി രംഗത്തുണ്ടായിരുന്ന സൺ നെറ്റ്‌വർക്കും പിന്മാറി. ചെന്നൈയിൽ നിന്നും ഫ്രാഞ്ചസി ബാംഗ്ലൂരിലേക്ക് മാറ്റാനുള്ള അണിയറ ചർച്ചകൾ നടന്നു കൊണ്ടിരിക്കെ ഇന്ത്യൻ വ്യവസായിയായ റോണീ സ്ക്രൂവാലയും ബോളിവുഡ് നടൻ അഭിഷേക് ബച്ചനും ചെന്നൈ ഫ്രാഞ്ചസി ഏറ്റെടുത്തു കൊണ്ട് മുന്നോട്ട് വന്നു. എന്നാൽ ചെന്നൈ ടീമിന് വേണ്ടി ലേലം സമർപ്പിച്ചത് അഭിഷേക് ബച്ചനും വ്യവസായി വിത ദാനിയും ചേർന്നാണ്.

മറ്റെല്ലാ ടീമുകളും ഐഎസ്എല്ലിന് അഞ്ചോ ആറോ മാസങ്ങൾക്കു മുൻപ് മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ ചെന്നൈ ടീമിനുള്ളത് വെറും രണ്ട് മാസം. ടീം ഉടമകൾ ധൃതി പിടിച്ച് കാര്യങ്ങൾ മുന്നോട്ട് നീക്കി. ഇറ്റാലിയൻ ഡിഫന്ററും ലോകകപ്പ് ജേതാവുമായ മാർക്കോ മറ്റെരാസിയെ ടീം കോച്ചായി നിയമിച്ചു. 2016 ഒക്ടോബർ നാലിന് അന്നത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ടീമിന്റെ സഹ ഉടമയായി. ടീം ഉടമസ്ഥരുടെ പട്ടികയിലേക്കുള്ള ധോണിയുടെ വരവ് ചെന്നൈയിൻ എഫ്സിയുടെ ആരാധകരുടെ എണ്ണത്തിൽ ഗണ്യന്മായ വർദ്ധനവുണ്ടാക്കി. സച്ചിൻ തെണ്ടുൽക്കർ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ആരാധകപിന്തുണയുള്ള താരമായ ധോണിയുടെ കടന്നു വരവ് ചെന്നൈയിൻ എഫ്‌സിയെ ദേശീയ തലത്തിൽ ബൂസ്റ്റ് ചെയ്തു.

മറ്റു ടീമുകളെ അപേക്ഷിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ ടീമിനെ ഒരുക്കേണ്ടി വന്നെങ്കിലും തന്ത്രമറിയുന്ന കോച്ചായിരുന്നു മാർക്കോ മറ്റരാസി. ഇറ്റലിയുടെ എക്കാലത്തെയും മികച്ച ഡിഫൻഡർമാരിലൊരാളായ മറ്റരാസി പ്രതിരോധത്തിലൂന്നിയ കളി തന്നെയാണ് സ്വീകരിച്ചത്. മാർക്കീ പ്ലെയറായി ബ്രസീലിയൻ ഇതിഹാസം എലാനോയെ ചെന്നൈയിൻ ടീമിലെത്തിച്ചു. ലോക ഫുട്ബോളിലെ അത്ര വലിയ ഒരു പേരുകാരൻ ഐഎസ്എല്ലിൽ പന്ത് തട്ടാനിറങ്ങുന്നു എന്നത് ടൂര്ണമെന്റിനും കാണികൾക്കും പുതുമയായി. ഫ്രാൻസിനെ തോല്പിച്ച് ഇറ്റലി ലോകകപ്പ് നേടുമ്പോൾ ടീമിൽ തന്നോടൊപ്പം ഉണ്ടായിരുന്ന അലസ്സൻഡ്രോ നെസ്റ്റയെ മറ്റെരാസി ചെന്നൈയിൻ കൂടാരത്തിലെത്തിച്ചത് കൃത്യമായ കണക്കുകൂട്ടലുകളോടെയായിരുന്നു. പിന്നണിയിൽ നിന്ന് കളി നിയന്ത്രിക്കാനും താരതമ്യേന കുറഞ്ഞ അന്താരാഷ്ര പരിചയമുള്ള കളിക്കാരെ സമ്മർദ്ദത്തിലാക്കാനും ഈ നീക്കത്തിന് കഴിയുമെന്ന് മറ്റെരാസി കണക്കു കൂട്ടി.

എലാനോ

ലെഫ്റ്റ് വിംഗ് ബാക്കിൽ ഫ്രഞ്ചുകാരൻ ബെർണാഡ് മെൻഡിയുടെ സോളോ നീക്കങ്ങളിൽ നിന്ന് ചെന്നൈയിൽ പല വട്ടം സ്‌കോർ ചെയ്തു. ഐഎസ്എൽ ചരിത്രത്തിലെ ആദ്യ ഗോളും ആദ്യ ജയവും ചെന്നൈയിൻ എഫ്സിയുടെ പേരിലാണ്. ഗോവയുമായി നടന്ന മത്സരത്തിൽ നേടിയ ഗോളോടെ ഐഎസ്എല്ലിലെ ആദ്യ ഗോൾ എന്ന റെക്കോർഡ് ഇന്ത്യക്കാരൻ ബൽവന്ത് സിംഗ് സ്വന്തമാക്കി. ആ മത്സരത്തിൽ 2-1 നാണ് ചെന്നൈയിൻ ജയിച്ചത്. 14 കളികളിൽ നിന്ന് ആറ് ജയവും അഞ്ച് സമനിലയും മൂന്ന് തോൽവിയുമായി സെമിഫൈനലിലെത്തിയ ചെന്നൈയിനെ കാത്തിരുന്നത് ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളിലും തങ്ങളോട് തോറ്റ കേരളാ ബ്ളാസ്റ്റേഴ്‌സായിരുന്നു. ചെന്നൈയിനെ ഞെട്ടിച്ചു കൊണ്ട് ആദ്യ സെമിയിൽ ബ്ളാസ്റ്റേഴ്സ് 3 -0 എന്ന സ്കോറിന് ചെന്നൈയിനെ തോൽപിച്ചു. ഫൈനൽ സ്വപ്നം ഉറപ്പിച്ച ബ്ളാസ്റ്റേഴ്‌സിനെ സെമി ഫൈനൽ രണ്ടാം പാദത്തിൽ കാത്തിരുന്നത് ആക്രമണ സമീപനവുമായി വന്ന മറ്റൊരു ചെന്നൈയിനെയായിരുന്നു.

പ്രതിരോധ ഫുട്ബോളിലേക്ക് വലിഞ്ഞ ബ്ളാസ്റ്റേഴ്‌സിനെ മൈതാനത്തിന്റെ എല്ലാ കോണുകളിൽ നിന്നും ചെന്നൈയിൻ ആക്രമിച്ചു. അനുവദിക്കപ്പെട്ട സമയം തീരുമ്പോൾ ചെന്നൈ 3 - 0 എന്ന സ്കോറിന് വിജയിച്ചു. ഇരുപാദങ്ങളിലുമായി 6-6 എന്ന സ്കോറിന് കളി സമനിലയായതോടെ എക്സ്ട്രാ ടൈം എന്ന അനിവാര്യതയിലേക്ക് ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം എടുത്തെറിയപ്പെട്ടു. എക്സ്ട്രാ ടൈം രണ്ടാം പകുതിക്ക് വിസിൽ മുഴങ്ങാൻ മിനിറ്റുകൾ ബാക്കി നിൽക്കെ സ്റ്റീവൻ പിയേഴ്‌സൺ നേടിയ ഗോളിൽ ചെന്നൈ പുറത്ത്. ഗോൾ നേടിയ ആഹ്ലാദത്തിൽ ജേഴ്‌സി ഊരി മൈതാനത്തിലൂടെ ഓടിയ പിയേഴ്‌സന്റെ ചിത്രം ഏറെ നാൾ ബ്ലാസ്റ്റേഴ്‌സിന്റെ ഐക്കണായി നില കൊണ്ടു.

ചെന്നൈയിനെതിരെ വിജയഗോൾ നേടിയ സ്റ്റീവൻ പിയേഴ്സൺ

രണ്ടാം സീസണിൽ പകുതിയോളം പേരെ ടീമിൽ നില നിർത്തിയ ചെന്നൈ മെഹ്‌റാജുദ്ദീന് വാഡൂ, ഗോഡ്‌വിൻ ഫ്രാങ്കോ എന്നിവരെയും ടീമിലെത്തിച്ചു. രണ്ടാം സീസണിന്റെ തുടക്കം ചെന്നൈയിൻ എഫ്‌സിക്ക് അത്ര സുഖകരമായിരുന്നില്ല. ആദ്യ രണ്ട് കളികൾ തുടർച്ചയായി തോറ്റ ചെന്നൈയിൻ രണ്ട് ജയങ്ങളുമായി തിരികെ വന്നെങ്കിലും മൂന്ന് കളികളിൽ തുടർച്ചയായി പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ ഏറ്റവും അവസാനസ്ഥാനക്കാരായി. പ്ലേ ഓഫ് സാധ്യത മനസ്സ് കൊണ്ട് അവസാനിപ്പിച്ച ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചെന്നൈയിൻ തിരിച്ചു വന്നു. എലാനോയുടെയും മെൻഡോസയുടെയും ചിറകിലേറി ടേബിളിൽ മൂന്നാം സ്ഥാനക്കാരായി ചെന്നൈ ഫിനിഷ് ചെയ്തു. ആ യാത്ര അവസാനിച്ചത് ഐഎസ്എൽ കിരീടത്തിലാണ്. ഫൈനലിൽ 3 - 2 എന്ന സ്കോറിനാണ് ചെന്നൈയിൻ ഗോവയെ തോല്പിച്ച് കിരീടമുയർത്തിയത്.

കഴിഞ്ഞ സീസണിൽ മുൻ ലിവർപൂൾ, റോമാ ക്ലബ് താരമായിരുന്ന ജോൺ ആർനെ റീസ് മാർക്കീ പ്ലെയറായി ചെന്നൈയിൻ പാളയത്തിലെത്തി. ടീം ഡെപ്ത്ത് തീരെ കുറവാണെന്ന് ഫുട്ബോൾ പണ്ഡിതർ വിധിയെഴുതി. അത് ശരി വച്ചു കൊണ്ട് കഴിഞ്ഞ സീസണിൽ ചെന്നൈയിൻ ടേബിളിൽ ഏഴാമതായാണ് ഫിനിഷ് ചെയ്തത്. വിന്നിംഗ് കോംപിനേഷൻ കണ്ടെത്താൻ ശ്രമിക്കാതെ റൊട്ടേഷൻ പോളിസി നടപ്പിലാക്കിയ മറ്റെരാസിയുടെ തന്ത്രം തിരിഞ്ഞു കുത്തി. അതോടെ ചെന്നൈയിനുമായുള്ള മൂന്ന് വർഷത്തെ ബന്ധം അവസാനിപ്പിച്ച് മറ്റെരാസി ഇറ്റലിയിലേക്ക് വണ്ടി കയറി.

മറ്റെരാസിയുടെ ഒഴിവിലേക്കാണ് മുൻ ആസ്റ്റൺ വില്ല മാനേജർ ജോൺ ഗ്രിഗറി എത്തുന്നത്. ആസ്റ്റൺ വില്ല, ക്യൂപിആര്‍, ബോൾട്ടൻ എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള ഗ്രിഗറി ആസ്റ്റൺ വില്ല, ഡെർബി കൗണ്ടി, ക്യൂപിആര്‍ എന്നീ ക്ലബുകളുടെ പരിശീലകനായിരുന്നു.

ജോൺ ഗ്രിഗറി

പോർച്ചുഗീസുകാരൻ ഹെൻറിക്ക് സറീനോയുടെ ഉപനായകത്വത്തിൽ കളത്തിലിറങ്ങുന്ന ചെന്നൈയിൻ ടീം കടലാസ്സിൽ ശക്തരാണ്. നെതർലണ്ടുകാരൻ ഗ്രിഗറി നെൽസൺ, നൈജീരിയക്കാരൻ ജൂഡ് എന്നിവരോടൊപ്പം കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ജേഴ്‌സിയിൽ കളത്തിലിറങ്ങിയ മലയാളിയായ മുഹമ്മദ് റാഫിയും മുന്നേറ്റ നിരയിൽ ഇക്കുറി പന്ത് തട്ടും. ഇന്ത്യൻ ദേശീയ ടീമിൽ സ്ഥിര സാന്നിധ്യമായ ജെജെയും കൂടി ഇവരോടൊപ്പം ചേരുമ്പോൾ സന്തുലിതമായ മുന്നേറ്റ നിരയായി ഇത് മാറുന്നു.

വലൻസിയ, ഗെറ്റാഫെ തുടങ്ങിയ സ്പാനിഷ് ക്ലബുകളിൽ കളിച്ച ജയ്‌മേ ഗാവിലാനാണ് മധ്യനിരയിലെ ശ്രദ്ധിക്കേണ്ട താരം. 2015 സീസണിൽ അത്ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ ജയ്‌മേ സ്പെയിനിന്റെ ജൂനിയർ ടീമുകളിലെല്ലാം കളിച്ചിട്ടുണ്ട്. ജയ്മെ ഗാവിലാനോടൊപ്പം ബ്രസീലുകാരൻ റാഫേൽ അഗസ്റ്റോ, സ്ലോവേനിയന് താരം റെനേ മിഹ്‌ലിക്ക് എന്നിവരും മധ്യനിരയിൽ കളിക്കും. ഇവരോടൊപ്പം തോയ്‌ സിംഗ്, ഫ്രാൻസിസ് ഫെർണാണ്ടസ് എന്നീ ഇന്ത്യൻ കളിക്കാരും ചേരുമ്പോൾ ചെന്നൈയിൻ മധ്യനിര പൂർണമാകുന്നു. ഐഎസ്എല്ലിൽ പരിചയമുള്ള കളിക്കാർ കുറവാണെങ്കിൽ പോലും അന്താരാഷ്ട്ര മത്സര പരിചയമുള്ള താരങ്ങൾ ചെന്നൈക്ക് മുതൽക്കൂട്ടാവുമെന്നുറപ്പാണ്. ആസ്റ്റൺ വില്ല പോലുള്ള യൂറോപ്യൻ മുൻ നിര ക്ലബ്ബിനെ പരിശീലിപ്പിച്ച ഗ്രിഗറിയുടെ കോച്ചിംഗ് സ്‌കിൽസിലും ചെന്നൈയിൻ ആരാധകർക്ക് വിശ്വാസമർപ്പിക്കാം.

സ്പാനിഷ് വംശജനും ടീം ക്യാപ്റ്റനുമായ ഇനിഗോ കാൽഡെറോൺ നേതൃത്വം നൽകുന്ന പ്രതിരോധ നിരക്ക് ഹെൻറിക്ക് സറീനോയും, ബ്രസീലുകാരൻ മൈൽസൺ ആൽവ്‌സും കീനാൻ അൽമേഡ, ധനചന്ദ്ര സിംഗ് എന്നീ ഇന്ത്യക്കാരും ശക്തി പകരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലായി ചെന്നൈയിൻ ഗോൾ വല കാക്കുന്ന കരൺജിത്ത് തന്നെയാണ് ഇക്കുറിയും ഗോൾവല കാക്കുക.

ഫലത്തിൽ, സന്തുലിതമായ ടീമാണ് ഗ്രിഗറിക്ക് കിട്ടിയിട്ടുള്ളത്. ടീം സെറ്റ് ആവാനും വിന്നിംഗ് കോമ്പിനേഷൻ കണ്ടെത്താനുമെടുക്കുന്ന സമയമാണ് ഇക്കുറി ചെന്നൈയിലെ ഫൈനൽ മോഹങ്ങൾക്കു മുന്നിലുള്ളത്. ഈ രണ്ട് കാര്യങ്ങളിൽ ഗ്രിഗറിക്ക് ഫലപ്രദമായ തീരുമാനമെടുക്കാൻ കഴിഞ്ഞാൽ ഇത്തവണ ഐഎസ്എൽ ഫൈനലിൽ ഗ്യാലറിയിൽ നിന്നും ഉയർന്ന് കേൾക്കും, 'പോട്‌ മച്ചീ ഗോള്‌'.

Read More >>