അസൂറിപ്പടയും ബഫണുമില്ല; റഷ്യൻ ലോകകപ്പിൽ സ്വീഡൻ കളിക്കും

1958നു ശേഷം ആദ്യമായാണ് ഇറ്റലി ലോകകപ്പ് യോഗ്യത നേടാതെ പോകുന്നത്. തോൽവിക്ക് പിന്നാലെ ഇറ്റാലിയൻ ഇതിഹാസങ്ങളായ ബഫണും ഡി റോസിയും രാജ്യാന്തര കരിയർ അവസാനിപ്പിച്ചു. ഇരുവരെയുടെയും വിരമിക്കലോടെ ഇറ്റാലിയൻ ഫുടബോളിലെ ഒരു യുഗമാണ് അവസാനിക്കുന്നത്.

അസൂറിപ്പടയും ബഫണുമില്ല; റഷ്യൻ ലോകകപ്പിൽ സ്വീഡൻ കളിക്കും

ലോകമെമ്പാടുമുള്ള ബഫൺ ആരാധകരുടെ പ്രാർത്ഥനകൾക്ക് ഫലം കണ്ടില്ല. ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തിൽ സ്വീഡനോട് ഗോൾരഹിത സമനില വഴങ്ങി ഇറ്റലി ലോകകപ്പിന് യോഗ്യത നേടാനായില്ല. ആദ്യ പാദത്തിൽ 1-0 എന്ന സ്കോറിന് സ്വീഡൻ വിജയിച്ചതോടെ ഇറ്റലിയുടെ ലോകകപ്പ് സാധ്യതകൾ തുലാസിലായിരുന്നു. രണ്ടാം പാദം ഒരു ഗോളിന്റെയെങ്കിലും വ്യത്യാസത്തിൽ ജയിച്ചാലേ റഷ്യൻ ലോകകപ്പിൽ മത്സരിക്കാൻ കഴിയൂ എന്ന അസന്തുലിതാവസ്ഥയോടെയാണ് ഇറ്റലി സാൻ സീറോയിൽ പന്ത് തട്ടാനിറങ്ങിയത്. കളി ഗോൾരഹിത സമനില പാലിച്ചതോടെ ആദ്യ പാദത്തിൽ നേടിയ ഒരു ഗോളിന്റെ ബലത്തിൽ സ്വീഡൻ റഷ്യക്ക് ടിക്കെറ്റെടുത്തു. 1958 നു ശേഷം ആദ്യമായാണ് ഇറ്റലി ലോകകപ്പ് യോഗ്യത നേടാതെ പോകുന്നത്. തോൽവിക്ക് പിന്നാലെ ഇറ്റാലിയൻ ഇതിഹാസങ്ങളായ ബഫണും ഡി റോസിയും രാജ്യാന്തര കരിയർ അവസാനിപ്പിച്ചു. ഇരുവരെയുടെയും വിരമിക്കലോടെ ഇറ്റാലിയൻ ഫുടബോളിലെ ഒരു യുഗമാണ് അവസാനിക്കുന്നത്.

കഴിഞ്ഞ ആഴ്ച സ്റ്റോക്ക്ഹോമിലെ ഫ്രെണ്ട്സ് അരീനയിൽ നടന്ന മത്സരത്തിൽ സ്വീഡൻ നേടിയ ഒരു ഗോൾ ജയമാണ് ഇറ്റലിയുടെ ലോകകപ്പ് യോഗ്യതക്ക് വിലങ്ങുതടിയായത്. കഴിഞ്ഞ അറുപത് വർഷത്തിനിടെ ആദ്യമായി ഇറ്റലിയില്ലാതെ ഒരു ലോകകപ്പ് നടക്കുമ്പോൾ കാഴ്ചക്കാർ ഏറ്റവുമധികം മിസ് ചെയ്യുക വിഖ്യാത ഗോളി ബഫണിനെ തന്നെയാവും. കാറ്റെനാഷ്യോ എന്ന ഡിഫൻസീവ് ഫുട്ബോളിന്റെ സൗന്ദര്യവുമായി കളിക്കാനിറങ്ങിയിരുന്ന അസൂറികളുടെ പ്രതിരോധത്തിന്റെ അവസാനവാക്കായിരുന്നു 39 കാരനായ ജിയാൻ ലൂഗി ബഫൺ. 20 വർഷമായി കേളി കേട്ട ഇറ്റാലിയൻ പ്രതിരോധ നിരയെയും മാറി കടന്ന് ഗോൾ പോസ്റ്റിലേക്ക് വരുന്ന ആക്രമണങ്ങളെ ഒരു വന്മതിൽ പോലെ നിഷ്ഫലമാക്കിക്കൊണ്ടിരുന്ന ബഫണിന്റെ ഈ വിരമിക്കൽ ഫുട്ബോൾ പ്രേമികൾക്ക് വേദനയുണ്ടാക്കുന്നുണ്ട്.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും ഒരു ഗോൾ പോലും നേടാനാവാതെ ഉഴറുന്ന ഇറ്റലിയെയാണ് ഇന്നലെ കണ്ടത്. പലപ്പോഴും ദൗർഭാഗ്യം അവർക്കു മുന്നിൽ ഒരു വിലങ്ങു തടിയായി നിന്നു. 76 ശതമാനം ബോൾ പൊസിഷൻ ഉണ്ടായിരുന്നിട്ട് പോലും ഒരു ഗോൾ പിറന്നില്ല എന്നത് ചേർത്തുവായിക്കുമ്പോൾ നിർഭാഗ്യത്തിന്റെ ഒരു ചിത്രം കിട്ടുന്നില്ലേ? ഇരു വിങ്ങുകളിൽ നിന്നും ഇറ്റലി നടത്തിയ എണ്ണം പറഞ്ഞ ഗോൾ ആക്രമണങ്ങൾ സ്വീഡിഷ് ഡിഫന്റർമാരുടെ ക്ലിയറൻസുകളിൽ അവസാനിക്കുമ്പോഴും ക്രോസ്ബാറിൽ തൊട്ടുരുമ്മി പുറത്തേക്ക് പോകുമ്പോഴും അവിശ്വസനീയതോടെ ഇറ്റാലിയൻ കളിക്കാർ തല കുടഞ്ഞു. ക്ലിയറൻസും ദൗർഭാഗ്യവും ഒരുപോലെ കോട്ട കെട്ടിയപ്പോൾ ഇറ്റലി ലോകകപ്പിന് പുറത്തേക്ക് നടന്നു.

1958 ഇൽ ലോകകപ്പ് യോഗ്യത നേടാനാവാതെ ഇറ്റലി തിരികെ നടക്കുമ്പോൾ ലോകം കണ്ട ഏറ്റവും മഹാനായ കളിക്കാരൻ പെലെ ലോകഫുട്ബോളിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനു ശേഷം നടന്ന എല്ലാ ലോകകപ്പുകളിലും ഇറ്റലി കളിച്ചിട്ടുണ്ട്. 14 ലോകകപ്പുകളിൽ പങ്കെടുത്ത ഇറ്റലിക്ക് മുന്നിലുള്ളത് ജർമനി (16), ബ്രസീൽ (20) മാത്രമാണ്. 2006 ഇലെ ലോകകപ്പ് വിജയത്തിന് ശേഷം ഇറ്റലിയുടെ ലോകകപ്പ് പ്രകടനങ്ങൾ തീരെ മികച്ചതല്ല. ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനെ പുറത്താക്കാൻ നടത്തിയ ചരടുവലികൾക്ക് ലഭിച്ച ശാപം പോലെ ഇറ്റലി ലോകകപ്പ് വേദികളിൽ ഇടറി നടന്നു. 2010 ലും 2014 ലും ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് മുന്നോട്ട് സഞ്ചരിക്കാൻ അവർക്ക് കഴിഞ്ഞില്ല. അതിന്റെ ബാക്കി പത്രം പോലെ അര നൂറ്റാണ്ടിന് ശേഷം ഇപ്പോൾ ലോകകപ്പ് യോഗ്യത നേടാനും കഴിഞ്ഞില്ല.

Read More >>