കൊമ്പന്മാരെ വരിഞ്ഞു മുറുക്കി കൊൽക്കത്ത: എടികെ-ബ്ളാസ്റ്റേഴ്സ് മത്സരം ഗോൾരഹിത സമനിലയിൽ

ഇയാൻ ഹ്യൂം, ദിമിത്രി ബാർബെറ്റോവ്, സികെ വിനീത്, അറാട്ട ഇസുമി എന്നിവരൊക്കെ ബ്ളാസ്റ്റേഴ്‍സിന് വേണ്ടി കളത്തിലിറങ്ങിയെങ്കിലും ഗോൾ ഒഴിഞ്ഞു നിന്നു. പേര് കേട്ട താരങ്ങളൊന്നുമില്ലാതെ കളിക്കാനിറങ്ങിയ എടികെയാണ് പലപ്പോഴും മികച്ച കളി പുറത്തെടുത്തത്.

കൊമ്പന്മാരെ വരിഞ്ഞു മുറുക്കി കൊൽക്കത്ത: എടികെ-ബ്ളാസ്റ്റേഴ്സ് മത്സരം ഗോൾരഹിത സമനിലയിൽ

ഇളകിമറിഞ്ഞ മഞ്ഞക്കടൽ സാക്ഷിയാക്കി സ്വന്തം തട്ടകത്തിൽ ഐഎസ്എൽ ഉദ്ഘാടന മത്സരത്തിനിറങ്ങിയ ബ്ളാസ്റ്റേഴ്‍സിന് മോശം തുടക്കം. പ്രധാനപ്പെട്ട താരങ്ങളെയൊക്കെ ഫസ്റ്റ് ഇലവനിൽ കളിപ്പിച്ച ബ്ളാസ്റ്റേഴ്സ് എടികെയോട് ഗോൾരഹിത സമനില വഴങ്ങി. ഇയാൻ ഹ്യൂം, ദിമിത്രി ബാർബെറ്റോവ്, സികെ വിനീത്, അറാട്ട ഇസുമി എന്നിവരൊക്കെ ബ്ളാസ്റ്റേഴ്‍സിന് വേണ്ടി കളത്തിലിറങ്ങിയെങ്കിലും ഗോൾ ഒഴിഞ്ഞു നിന്നു. പേര് കേട്ട താരങ്ങളൊന്നുമില്ലാതെ കളിക്കാനിറങ്ങിയ എടികെയാണ് പലപ്പോഴും മികച്ച കളി പുറത്തെടുത്തത്.

ആദ്യ പകുതിയിൽ മികച്ച ബോൾ പൊസിഷനും അറ്റാക്കിംഗുമായി മുന്നിട്ടു നിന്ന എടികെ പലപ്പോഴും കേരളാ ഗോൾ മുഖം വിറപ്പിച്ചു. ഇരു വിങ്ങുകളിലൂടെയും കേരളാ ബോക്സിലേക്ക് ഇരച്ചു കയറിയ എടികെക്ക് ദൗർഭാഗ്യം കൊണ്ടാണ് പലപ്പോഴും പോൾ റാച്ചുബ്കയെ മറി കടക്കാൻ കഴിയാതിരുന്നത്. ഗോൾ പോസ്റ്റിനു കീഴിൽ ഇംഗ്ലീഷ് കീപ്പർ നടത്തിയ ചില മികച്ച സേവുകളും പ്രതിരോധ നിരയിൽ സന്ദേശ് ജിംഗാൻറെയും നെമഞ്ച പേസിച്ചിന്റെയും മികച്ച പ്രകടനങ്ങളുമാണ് എടികെ മുന്നേറ്റത്തിന് തടസമായി നില കൊണ്ടത്. വല്ലപ്പോഴും ചില കൗണ്ടർ അറ്റാക്കുകൾ നടത്തിയെങ്കിലും ബ്ളാസ്റ്റേഴ്സ് നിരാശപ്പെടുത്തി. ലോകോത്തര താരങ്ങളായ ബെർബെറ്റോവും ഹ്യൂമും അടങ്ങിയ ബ്ളാസ്റ്റേഴ്സ് മുന്നേറ്റ നിരയിൽ നിന്നും ഇതല്ല പ്രതീക്ഷിച്ചത്. ഈ വർഷത്തെ മികച്ച യുവതാരമാകും എന്ന് കരുതപ്പെടുന്ന കറേജ് പേർകൂസന്റെ ചില മികച്ച മുന്നേറ്റങ്ങൾ കണ്ടെങ്കിലും ഗോൾ വീഴാൻ അത് മതിയായിരുന്നില്ല.

പതിമൂന്നാം മിനിറ്റിൽ കൊൽക്കത്തയുടെ പത്തൊൻപതുകാരൻ ഹിതേഷ് ശർമയുടെ മികച്ച ഒരു ഷോട്ട് പോൾ റാച്ചുബ്ക കുത്തിയകറ്റി. നാസി ക്യൂക്കിലൂടെ കൊൽക്കത്ത വിങ് അറ്റാക്കുകൾ കൊഴുപ്പിച്ചു കൊണ്ടിരുന്നു. റൈറ്റ് വിങ്ങിൽ കീഗൻ പെരേരയുടെ ചില മുന്നേറ്റങ്ങൾ പലപ്പോഴും ബ്ളാസ്റ്റേഴ്സ് ഗോൾ പോസ്റ്റിൽ അപകടം വിതച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ കൊൽക്കത്ത ഗോൾ പോസ്റ്റിൽ ബ്ളാസ്റ്റേഴ്‌സിന്റെ കൂട്ടപ്പൊരിച്ചിൽ. ഗോൾ വീണു എന്നുറപ്പിച്ചെങ്കിലും ഒന്നും സംഭവിക്കാതെ ആദ്യ പകുതി പിരിഞ്ഞു.

രണ്ടാം പകുതിയിൽ അല്പം കൂടി മികച്ച കളിയാണ് ബ്ളാസ്റ്റേഴ്സ് പുറത്തെടുത്തത്. 49ആം മിനിറ്റിൽ സികെ വിനീതിന്റെ ഉജ്ജ്വലമായ ഒരു സോളോ എഫർട്ട് എടികെ ഗോളി കുത്തിയകറ്റി. പന്ത് പേർകൂസൻറെ കാൽക്കീഴിൽ വന്ന് വീണെങ്കിലും തുറന്ന് കിടന്ന പോസ്റ്റിലേക്കുള്ള പേർകൂസന്റെ ഷോട്ട് പിഴച്ചു. പന്ത് പുറത്തേക്ക്. മത്സരത്തിൽ ബ്ളാസ്റ്റേഴ്‍സിന് കിട്ടിയ ഏറ്റവും മികച്ച അവസരമായിരുന്നു അത്. മത്സരം പുരോഗമിക്കെ കളി വീണ്ടും കൊൽക്കത്തയുടെ നിയന്ത്രണത്തിലായി. 59ആം മിനിറ്റിൽ ഇയാൻ ഹ്യൂമിനു പകരം ഡച്ച് യുവ സ്‌ട്രൈക്കർ സിഫ്‌നോസ് കളത്തിലിറങ്ങി. ഈ ഐഎസ്എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ വിദേശതാരമായ സിഫ്‌നോസ് മികച്ച ചില മുന്നേറ്റങ്ങൾ നടത്തി. അടുത്ത മിനിറ്റിൽ അധ്വാന്ദിച്ച കളിച്ച ക്യൂച്ചിക്ക് പകരം എടികെ ഇന്ത്യൻ സ്‌ട്രൈക്കർ റോബിൻ സിംഗിനെ കളത്തിലിറക്കി. എഴുപതാം മിനിറ്റിൽ എടികെയുടെ പോർച്ചുഗീസ് താരം സെക്കീഞ്ഞോയുടെ ബുള്ളറ്റ് ലോങ്ങ് റേഞ്ചർ. ഗോൾ പോസ്റ്റിൽ വന്മതിൽ പോലെ നിന്ന പോൾ റാച്ചുബ്കയെ ഷോട്ട് മറി കടന്നെങ്കിലും ക്രോസ്ബാറിലിടിച്ച് പന്ത് വീണ്ടും കളത്തിൽ. 79ആം മിനിറ്റിൽ സികെ വിനീതിന് പകരം പ്രശാന്തിന്റെ ഐഎസ്എൽ അരങ്ങേറ്റം. വിങ്ങുകളിൽ ഉപയോഗിക്കാൻ കഴിയുന്ന മികച്ച ഒരു കളിക്കാരനാണ് പ്രശാന്ത് എന്ന് കളത്തിലുണ്ടായിരുന്ന 15 മിനിറ്റുകൾ കൊണ്ട് പ്രശാന്ത് തെളിയിച്ചു. 91ആം മിനിറ്റിൽ മിനിറ്റിൽ മിലൻ സിംഗിന്റെ കോർണറിൽ ബെർബെറ്റോവ് ഉജ്വലമായി തല വെച്ചെങ്കിലും ബോൾ എടികെ പ്രതിരോധ നിര ക്ലിയർ ചെയ്തു. ഇതോടെ കളി വിരസമായ ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

ഒരു ടീം എന്ന നിലയിൽ ബ്ളാസ്റ്റേഴ്സ് അല്പം കൂടി ഒത്തിണക്കം കാണിച്ചില്ലെങ്കിൽ വരും മത്സരങ്ങൾ കടുപ്പമേറിയതാകും. ഫസ്റ്റ് ഇലവനിലും സൈഡ് ബെഞ്ചിലും മികച്ച കളിക്കാരാണ് ഇക്കുറി ബ്ളാസ്റ്റേഴ്സ്റ്റിനുള്ളത്. അവരെ കൃത്യമായി ഉപയോഗിക്കുക എന്ന ധർമം മാത്രമേ കോച്ച് റെനെയ്ക്ക് ചെയ്യാനുള്ളൂ. മത്സരത്തിലെ ഹീറോ ആയി തിരഞ്ഞെടുക്കപ്പെട്ട ബ്ളാസ്റ്റേഴ്സ് പ്രതിരോധ നിരയിലെ പൊക്കക്കാരൻ നേമാഞ്ച ലാക്കിക് പെസിച്ചും കറേജ് പേർകൂസനും പ്രശാന്തും സിഫ്‌നോസുമൊക്കെ മികച്ച താരങ്ങളാണ്. അത് കളത്തിൽ പ്രതിഫലിക്കണമെങ്കിൽ ടീം എന്ന നിലയിൽ ഒത്തിണക്കമുണ്ടാവണം. അറിയപ്പെട്ടുന്ന താരങ്ങളൊന്നുമില്ലാതിരുന്നിട്ടും എടികെ ടീമിന്റെ ഒത്തിണക്കം ഉജ്വലമായിരുന്നു. ടീമിന്റെ ഓരോ മുന്നേറ്റത്തിലും തൊണ്ട പൊട്ടി അലറുന്ന, എതിർ ടീം കളിക്കാരെ ഫൗൾ ചെയ്യുമ്പോഴും ഗോളി കളിക്കാർക്കെതിരെ തീരുമാനമെടുക്കുമ്പോഴും ആർത്തലച്ച് പ്രതിഷേധമറിയിക്കുന്ന ഈ കാണികൾക്ക് അർഹിച്ചത് നൽകേണ്ടത് തീർച്ചയായും ബ്ളാസ്റ്റേഴ്‌സിന്റെ ഉത്തരവാദിത്തമാണ്.

Read More >>