ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം

231 റണ്‍സ് എന്ന മോശമില്ലാത്ത വിജയലക്ഷ്യം 24 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്കോർ: ന്യൂസിലൻഡ് 50 ഓവറിൽ 230/9; ഇന്ത്യ 46 ഓവറിൽ 232/4.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം

വാംഖഡെയിലെ തോൽവിക്ക് പകരം വീട്ടി ഇന്ത്യ. പൂനെയിൽ നടന്ന രണ്ടാം ഏകദിനത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ കിവീസിനെ തകർത്തെറിഞ്ഞത്. 231 റണ്‍സ് എന്ന മോശമില്ലാത്ത വിജയലക്ഷ്യം 24 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്കോർ: ന്യൂസിലൻഡ് 50 ഓവറിൽ 230/9; ഇന്ത്യ 46 ഓവറിൽ 232/4.

അഞ്ചാം ഓവറില്‍ തന്നെ ഇന്ത്യക്ക് രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ടു. 19 പന്തില്‍ ഏഴു റണ്‍സ് മാത്രം നേടിയ രോഹിതിനെ ടിം സൗത്തിയാണ് പുറത്താക്കിയത്. അതിനുശേഷം ശ്രദ്ധയോടെ മുന്നോട്ട് നീങ്ങിയ ഇന്ത്യക്ക് കോഹ്‌ലിയുടെ പുറത്താവൽ മാത്രമാണ് തിരിച്ചടിയായത്. 29 റൺസെടുത്താണ് കോഹ്‌ലി പുറത്തായത്.

എന്നാല്‍ ശിഖര്‍ ധവാനും ദിനേശ് കാര്‍ത്തിക്കും അവസരത്തിനൊത്തുയര്‍ന്നതോടെ വിജയം ഇന്ത്യ കൈപ്പിടിയിലൊതുക്കി. ധവാന്‍ 84 പന്തില്‍ 68 റണ്‍സടിച്ചപ്പോള്‍ 92 പന്തില്‍ 64 റണ്‍സുമായി കാര്‍ത്തിക്ക് പുറത്താവാതെ നിന്നു. ഇരുവരും 66 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഹാര്‍ദിക് പാണ്ഡ്യ 30 റണ്‍സടിച്ചപ്പോള്‍ എം.എസ് ധോനി 18 റണ്‍സുമായി പുറത്താവാതെ നിന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 16 ഓവറില്‍ 58 റണ്‍സെടുക്കുന്നതിനിടെ ന്യൂസിലന്‍ഡിന് നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 20 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്ടിൽ, 10 റണ്‍സെടുത്ത കൊളിന്‍ മണ്‍റോ, മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, 21 റണ്‍സെടുത്ത റോസ് ടെയ്ലര്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.

49-ാം ഓവറില്‍ സാന്റ്നറും ക്രീസ് വിട്ടതോടെ ടിം സൗത്തിയും ട്രെന്റ് ബൗള്‍ട്ടും ചേര്‍ന്ന് കിവീസിന്റെ സ്‌കോര്‍ 230ല്‍ എത്തിക്കുകയായിരുന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നു വിക്കറ്റും ബുംറയും ചാഹലും രണ്ടു വീതവും വിക്കറ്റുകൾ വീഴ്ത്തി.