ഇറ്റലിയും ഹോളണ്ടുമില്ലാത്ത ലോകകപ്പ്; റഷ്യൻ ടിക്കറ്റ് കിട്ടാതെ പോയ പ്രമുഖ ടീമുകൾ

ഇറ്റലിക്കൊപ്പം ഹോളണ്ടും ചിലിയുമുൾപ്പെടുന്ന ഈ ലോകകപ്പിന്റെ നഷ്ടങ്ങളെ പരിചയപ്പെടാം.

ഇറ്റലിയും ഹോളണ്ടുമില്ലാത്ത ലോകകപ്പ്; റഷ്യൻ ടിക്കറ്റ് കിട്ടാതെ പോയ പ്രമുഖ ടീമുകൾ

ലോക ഫുട്‍ബോൾ മാമാങ്കത്തിന് ഇനി ഒരു മാസം. ലോക ഫുട്‍ബോളിൽ അടുത്ത നാല് വർഷത്തേക്കുള്ള രാജാക്കന്മാരെ കണ്ടെത്താനുള്ള ഫിഫയുടെ ഏറ്റവും വലിയ ടൂർണമെന്റ് ജൂൺ 14 ന് ആരംഭിക്കും. ആതിഥേയരായ റഷ്യ ഈജിപ്തുമായി കൊമ്പ് കോർക്കുന്നതോടെ ലോകകപ്പിന് വിസിൽ മുഴങ്ങും. 20 വർഷത്തിന് ശേഷം യോഗ്യത നേടിയ ഈജിപ്തും 50 വർഷത്തിൽ ആദ്യമായി യോഗ്യത നേടാൻ കഴിയാതെ പോയ ഇറ്റലിയും ഈ ലോകകപ്പിന്റെ വാർത്തകളാണ്. ഇറ്റലിക്കൊപ്പം ഹോളണ്ടും ചിലിയുമുൾപ്പെടുന്ന ഈ ലോകകപ്പിന്റെ നഷ്ടങ്ങളെ പരിചയപ്പെടാം.

ഇറ്റലി

ഈ ലോകകപ്പിന്റെ ഏറ്റവും വലിയ നഷ്ടമാണ് ഇറ്റലി. നാല് തവണ ലോക ജേതാക്കളായിട്ടുള്ള അസൂറികൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പ്രഥമ റൗണ്ടിൽ സ്പെയിന് പിന്നിൽ രണ്ടാമതായി ഗ്രൂപ്പ് ജിയിൽ ഫിനിഷ് ചെയ്തു. രണ്ടാം റൗണ്ടിൽ സ്വീഡനോട് ഇരു പാദങ്ങളിലുമായി 2-0 എന്ന ഞെട്ടിക്കുന്ന തോൽവി ഏറ്റു വാങ്ങിയതോടെ മുൻ ചാമ്പ്യന്മാർ പുറത്ത്. ഫുട്‍ബോൾ കണ്ട ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ ജിയാൻലൂഗി ബഫൺ, ഇറ്റലി ദേശീയ ടീമിലും റോമയിലും സ്ഥിര സാന്നിധ്യമായ ഡിഫൻസീവ് മിഡ്ഫീൽഡർ ഡാനിയേൽ ഡീ റോസി എന്നിവരുടെ കരിയറും കൂടിയാണ് ഈ തോൽവിയോടൊപ്പം അവസാനിച്ചത്. ബുഫൺ തിരികെ വന്നെങ്കിലും ഇനിയൊരു ലോകകപ്പ് കളിക്കാനുള്ള ബാല്യം ബഫണിൽ അവശേഷിക്കുന്നില്ല. ലോകഫുട്‍ബോളിൽ ഡിഫൻസീവ് ഗെയിമിന്റെ അവസാന വാക്കായ ഇറ്റലിയില്ലാത്ത ഒരു ലോകകപ്പ് തീർച്ചയായും ഒരു നഷ്ടമാണ്.

ഹോളണ്ട്

ടോട്ടൽ ഫുട്‍ബോളിന്റെ വക്താക്കളായ ഹോളണ്ട് ഇത്തവണ ലോകകപ്പിനുണ്ടാവില്ല. രണ്ടു വ്യത്യസ്ത പരിശീലകരുടെ കീഴിൽ യോഗ്യതാ മത്സരങ്ങൾ പൂർത്തിയാക്കിയ ഹോളണ്ട് ഫ്രാൻസിനും സ്വീഡനും പിന്നിൽ മൂന്നാമതായാണ് ഗ്രൂപ്പ് എയിൽ ഫിനിഷ് ചെയ്തത്. 19 പോയിന്റുകൾ വീതം സ്വീഡനും ഹോളണ്ടിനും ഉണ്ടായിരുന്നുവെങ്കിലും മികച്ച ഗോൾ ശരാശരിയുടെ ബലത്തിൽ സ്വീഡൻ ഹോളണ്ടിനെ പിന്തള്ളുകയായിരുന്നു. മൂന്നു തവണ ഫൈനലിസ്റ്റുകളും കഴിഞ്ഞ തവണ ലോകകപ്പ് സെമിഫൈനലിസ്റ്റുകളുമായ ഓറഞ്ച് സൈന്യത്തിന്റെ പുറത്താകൽ വേഗത കൊണ്ട് എതിർ പാളയത്തിലേക്കിരച്ചു കയറുന്ന ആര്യൻ റോബൻ എന്ന പ്രതിഭാധനനായ കളിക്കാരന്റെ കരിയറിനും വിരാമം കുറിച്ചു. ഒരു കാലത്ത് ഫിഫ റാങ്കിംഗിൽ രണ്ടാം സ്ഥാനം അലങ്കരിച്ചിരുന്ന ഹോളണ്ട് റഷ്യയിലേക്കില്ല. നഷ്ടങ്ങളിൽ രണ്ടാമത്തേത്.

ചിലി

നിലവിലെ കോപ്പാ അമേരിക്ക ജേതാക്കളായ ചിലിയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ പ്രകടനം നിരാശാജനകമായിരുന്നു. സൗത്ത് അമേരിക്കൻ ഗ്രൂപ്പിൽ ആറാമതായാണ് ചിലി ഫിനിഷ് ചെയ്തത്. അഞ്ചാം സ്ഥാനത്തുള്ള പെറുവിനും ചിലിക്കും 26 പോയിന്റ് വീതം ഉണ്ടായിരുന്നെങ്കിലും ഗോൾ ശരാശരി ചിലിക്ക് തിരിച്ചടിയായി. അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത പെറു ഇന്റർ കോൺഫെഡറേഷൻ യോഗ്യതാ മത്സരം വിജയിച്ച് ലോകകപ്പ് യോഗ്യത നേടുകയും ചെയ്തു. അലക്സിസ് സാഞ്ചസ്, ആർട്ടൂരോ വിദാൽ തുടങ്ങിയ വളരെ മികച്ച താരങ്ങളടങ്ങിയ ചിലിയും ഈ ലോകകപ്പിന്റെ നഷ്ടങ്ങളിൽ പെട്ടത് തന്നെയാണ്.

കാമറൂൺ

1990 ലോകകപ്പിൽ റോജർ മില്ലയുടെ നേതൃത്വത്തിൽ കാമറൂൺ നടത്തിയ പ്രകടനം സമാനതകളില്ലാത്തതായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളിൽ സാക്ഷാൽ അർജന്റീനയെയും റൊമേനിയയെയും തോൽപിച്ച 'സിംഹങ്ങൾ' രണ്ടാം റൗണ്ടിൽ കൊളംബിയയെ തോല്പിച്ച് ക്വാർട്ടർ ഫൈനലിലെത്തി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ ഗാരി ലിനേക്കറുടെ ഇരട്ട ഗോളുകളിൽ 3-2 എന്ന സ്കോറിനാണ് ഇംഗ്ളണ്ട് ജയിച്ചു കയറിയത്. പിന്നീട് തുടർച്ചയായ മൂന്ന് ലോകകപ്പുകളിലും ശേഷം 2010, 2014 ലോകകപ്പുകളിലും കാമറൂൺ കളിച്ചു. 1990 ആവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ലോകകപ്പ് അവസാന റൗണ്ടിലെ സ്ഥിര സാന്നിധ്യമായിരുന്നു കാമറൂൺ. ഇത്തവണ യോഗ്യതാ മത്സരങ്ങളിൽ ഗൂപ്പ് ബിയിൽ നൈജീരിയക്കും സാംബിയക്കും പിന്നിൽ മൂന്നാമതായാണ് കാമറൂൺ ഫിനിഷ് ചെയ്തത്.

ഐവറി കോസ്റ്റ്

2006 മുതൽ ലോകകപ്പിലെ സ്ഥിര സാന്നിധ്യമാണ് ഐവറി കോസ്റ്റ്. ഇത്തവണ പക്ഷേ യോഗ്യത നേടാനായില്ല. ഗ്രൂപ്പ് സിയിൽ മൊറോക്കോയ്ക്ക് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്തതാണ് ഐവറി കോസ്റ്റിന്റെ ലോകകപ്പ് പ്രവേശനത്തിന് വിലങ്ങു തടിയായത്.

അമേരിക്ക

1990 മുതലിങ്ങോട്ട് ഒരൊറ്റ ലോകകപ്പും അമേരിക്ക പങ്കെടുക്കാതിരുന്നിട്ടില്ല. നോർത്ത്, സെൻട്രൽ, കരീബിയൻ വിഭാഗത്തിൽ അഞ്ചാം റൗണ്ടിൽ അഞ്ചാമതായി ഫിനിഷ് ചെയ്ത അമേരിക്ക റഷ്യൻ ലോകകപ്പിൽ ഉണ്ടാവില്ല. 28 വർഷങ്ങളിൽ ആദ്യമായാണ് അമേരിക്ക ഇല്ലാതെ ഒരു ലോകകപ്പ്.

Read More >>