ലോകകപ്പ് 2022: ഖത്തറിനു വേണ്ടി വോട്ടുകൾ മറിച്ചെന്ന് സെപ് ബ്ലാറ്റർ; വേദി നഷ്ടമായേക്കും

ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ 2022 ലോകകപ്പ് ഖത്തർ നടത്തിയില്ലെങ്കിൽ പോലും അവരെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കാൻ സാധ്യതയുണ്ട്.

ലോകകപ്പ് 2022: ഖത്തറിനു വേണ്ടി വോട്ടുകൾ മറിച്ചെന്ന് സെപ് ബ്ലാറ്റർ; വേദി നഷ്ടമായേക്കും

2022 ഫുട്ബോൾ ലോകകപ്പ് വേദി ഖത്തറിനു ലഭിക്കുന്നതിനായി വോട്ടുകളിൽ തിരിമറി നടന്നിട്ടുണ്ടെന്ന് മുൻ ഫിഫ പ്രസിഡൻ്റ് സെപ് ബ്ലാറ്റർ. മുൻ ഫ്രഞ്ച് പ്രസിഡൻ്റ് നിക്കോളാസ് സർക്കോസി ഖത്തറിനു സഹായകമാവുന്ന നിലയിൽ വോട്ട് മറിച്ചുവെന്നും ഒരു തവണ കൂടി വേദി തെരഞ്ഞെടുപ്പ് നടത്തണെമെന്നുമാണ് ബ്ലാറ്ററുടെ ആവശ്യം. ആരോപണമുയർന്ന സാഹചര്യത്തിൽ വേദി ഇംഗ്ലണ്ടിലേക്ക് മാറ്റാനും സാധ്യതയുണ്ട്. 'മൈ ട്രൂത്ത്' എന്ന തൻ്റെ പുസ്തകത്തിലൂടെയാണ് ബ്ലാറ്റർ ഇക്കാര്യങ്ങൾ വിശദമാക്കുന്നത്.

ഖത്തറിന് വോട്ടു ചെയ്യാൻ നിക്കോളാസ് സർക്കോസി യൂറോപ്യൻ ഫുട്ബോൾ ചീഫ് ആയ മിഷേൽ പ്ലാറ്റിനിയോട് ആവശ്യപ്പെട്ടുവെന്നും അതിനു ശേഷം ഖത്തരി എമിരിൽ വെച്ച് അവർ ഉച്ചഭക്ഷണം കഴിച്ചുവെന്നും പുസ്തകത്തിൽ പറയുന്നു. ഫ്രഞ്ച് ഫുട്ബോൾ ലീഗിലെ മുൻനിര ക്ലബായ പിഎസ്‌ജിയിൽ ഖത്തർ സ്പോർട്സ് ഇന്വെസ്റ്റ്മൻ്റ്സ് ശതകോടികളുടെ നിക്ഷേപം നടത്തിയത് ലോകകപ്പ് വേദി ഉന്നം വെച്ചായിരുന്നുവെന്നും ബ്ലാാറ്റർ ആരോപിക്കുന്നു.

ഫുട്ബോൾ അസോസിയേഷൻ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് അറിയിച്ചിട്ടില്ല. ഇക്കഴിഞ്ഞ ലോകകപ്പ് വേദി പരിഗണയിലുണ്ടായിരുന്ന ഇംഗ്ലണ്ടിനു വേണ്ടി ഹാജരായ ലോർഡ് ട്രീസ്മാൻ ഖത്തറിൽ നിന്നും വേദി മാറ്റണമെന്ന് ഫിഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

"ഖത്തർ ഫിഫ നിയമങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ അവർക്ക് ലോകകപ്പ് നടത്താനുള്ള അർഹതയില്ല. ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടിനെ പരിഗണിക്കുന്നത് തെറ്റല്ലെന്നാണ് എൻ്റെ നിലപാട്. ഞങ്ങൾക്ക് അതിനുള്ള കഴിവുണ്ട്. തെളിവുകൾ കൃത്യമായി പഠിക്കാൻ ഫിഫ തയ്യാറാവേണ്ടതാണ്. എന്നിട്ട് ഒരു തീരുമാനമെടുക്കാനുള്ള ധൈര്യം ഫിഫക്കുണ്ടാവണം. "- അദ്ദേഹം പറഞ്ഞു.

ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ 2022 ലോകകപ്പ് ഖത്തർ നടത്തിയില്ലെങ്കിൽ പോലും അവരെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കാൻ സാധ്യതയുണ്ട്. ഖത്തർ നടത്തിയ വോട്ടു തട്ടിപ്പ് പുറത്തെത്തിച്ചയാളുമായി ബ്രിട്ടീഷ് ഗവണ്മെൻ്റ് സംസാരിച്ചു കഴിഞ്ഞെന്ന് ഫുട്ബോൾ അസോസിയേഷൻ മുൻ ചെയർമാൻ ഡേവിഡ് ബേൺസ്റ്റെയ്‌ൻ പറഞ്ഞു.

Read More >>