55 രാജ്യങ്ങൾ അണി നിരക്കുന്ന യുവേഫ നാഷൻസ് ലീഗ്; ടൂർണ്ണമെൻ്റിന് നാളെ കിക്കോഫ്

ഗ്രൂപ്പ് ഒന്നില്‍ ജര്‍മനി, ഫ്രാന്‍സ്, ഹോളണ്ട് എന്നിവരും, ഗ്രൂപ്പ് രണ്ടില്‍ ബെല്‍ജിയം, ഐസ്‌ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവരും ഗ്രൂപ്പ് 3ല്‍ പോര്‍ച്ചുഗല്‍, ഇറ്റലി, പോളണ്ട് എന്നിവരും ഗ്രൂപ്പ് നാലില്‍ സ്‌പെയിന്‍, ഇംഗ്ലണ്ട്, ക്രൊയേഷ്യ എന്നിവരും അണിനിരക്കും.

55 രാജ്യങ്ങൾ അണി നിരക്കുന്ന യുവേഫ നാഷൻസ് ലീഗ്; ടൂർണ്ണമെൻ്റിന് നാളെ കിക്കോഫ്

റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ആരവങ്ങള്‍ അവസാനിച്ചപ്പോള്‍ നിരാശയിലായ കാല്‍പ്പന്തു കളി ആരാധകരെ ആവേശം കൊള്ളിക്കാന്‍ പുതിയൊരു ടൂര്‍ണമെന്റ് വരുന്നു. യുവേഫ നാഷന്‍സ് ലീഗെന്ന പുത്തന്‍ ടൂര്‍ണമെന്റാണ് സപ്തംബര്‍ ആറിന് (വ്യാഴം) തുടക്കമാവുന്നത്. യൂറോപ്പില്‍ നടക്കാറുള്ള സൗഹൃദ മല്‍സരങ്ങള്‍ക്കു പകരമാണ് ഇത്തരമൊരു ടൂര്‍ണമെന്റിന് യുവേഫ തുടക്കം കുറിക്കുന്നത്.

യുവേഫയില്‍ അംഗങ്ങളായ 55 രാജ്യങ്ങള്‍ 2020ലെ യൂറോ കപ്പ് വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പോരാട്ടത്തിനിറങ്ങും. സൗഹൃദ മല്‍സരങ്ങള്‍ക്കു വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നാഷന്‍സ് ലീഗെന്ന പേരില്‍ പുതിയൊരു ടൂര്‍ണമെന്റിലേക്കു യുവേഫയെ നയിച്ചത്.

ഗ്രൂപ്പ് എ, ബി, സി, ഡി എന്ന തരത്തില്‍ നാലു ലീഗുകളായിട്ടാണ് ടൂര്‍ണമെന്റ് നടക്കുന്നത്. റാങ്കിങില്‍ ആദ്യ 12 സ്ഥാനങ്ങളിലുള്ള ടീമുകളാണ് ഗ്രൂപ്പ് എയില്‍ അണിനിരക്കുക. ഗ്രൂപ്പ് ബിയില്‍ 12ഉം ഗ്രൂപ്പ് സിയില്‍ 15ഉം ഗ്രൂപ്പ് ഡിയില്‍ 16ഉം ടീമുകള്‍ പോരിനിറങ്ങും.

ഓരോ ഗ്രൂപ്പിലെ മൂന്നു മുതല്‍ നാലു വരെ ടീമുകളാണുണ്ടാവുക. ഹോം, എവേ രീതികളിലായി ഓരോ ടീമും രണ്ടു തവണ വീതം ഏറ്റുമുട്ടും. സപ്തംബര്‍, നവംബര്‍ തിയ്യതികളിലായിരിക്കും എ ലീഗിലെ മല്‍സരങ്ങള്‍.

നിലവിലെ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സുള്‍പ്പെടെ യൂറോപ്പിലെ വമ്പന്‍ ടീമുകളെല്ലാം ആദ്യ ഘട്ടമായ ഗ്രൂപ്പ് എ ലീഗില്‍ മാറ്റുരയ്ക്കുന്നുണ്ട്. ഗ്രൂപ്പ് എയിലെ 12 ടീമുകളെ നാലു ഗ്രൂപ്പുകളിലായാണ് തരം തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ ജര്‍മനി, ഫ്രാന്‍സ്, ഹോളണ്ട് എന്നിവരും, ഗ്രൂപ്പ് രണ്ടില്‍ ബെല്‍ജിയം, ഐസ്‌ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവരും ഗ്രൂപ്പ് 3ല്‍ പോര്‍ച്ചുഗല്‍, ഇറ്റലി, പോളണ്ട് എന്നിവരും ഗ്രൂപ്പ് നാലില്‍ സ്‌പെയിന്‍, ഇംഗ്ലണ്ട്, ക്രൊയേഷ്യ എന്നിവരും അണിനിരക്കും. സപ്തംബര്‍ 6, 8, 9, 11, ഒക്ടോബര്‍ 11, 13, 14, 16, നവംബര്‍ 15, 17, 18, 20 തിയ്യതികളിലാണ് മല്‍സരങ്ങള്‍.

നാഷന്‍സ് ലീഗിന്റെ രണ്ടാം ഘട്ടത്തില്‍ (ബി ലീഗ്) സ്വീഡന്‍, വെയ്ല്‍സ്, ചെക്ക് റിപ്പബ്ലിക്ക്, ഡെന്‍മാര്‍ക്ക് എന്നീ പ്രമുഖ ടീമുകളുണ്ട്. ബി ലീഗിന്‍റെ ഗ്രൂപ്പ് ഒന്നില്‍ ചെക്ക് റിപബ്ലിക്ക്, സ്ലൊവാക്യ, ഉക്രെയ്ന്‍ എന്നിവരും ഗ്രൂപ്പ് രണ്ടില്‍ റഷ്യ, സ്വീഡന്‍, തുര്‍ക്കി എന്നിവരും ഗ്രൂപ്പ് മൂന്നില്‍ ഓസ്‌ട്രേലിയ, ബോസ്‌നിയ, വടക്കന്‍ അയര്‍ലാന്‍ഡ് എന്നിവരും ഗ്രൂപ്പ് നാലില്‍ ഡെന്‍മാര്‍ക്ക്, ചെക്ക് റിപ്പബ്ലിക്ക്, വെയ്ല്‍സ് എന്നീ ടീമുകളുമാണുള്ളത്.

ഗ്രൂപ്പ് ബി, സി, ഡി ലീഗുകളുടെ മല്‍സരക്രമം പ്രഖ്യാപിച്ചിട്ടില്ല. മൂന്നു ലീഗുകളിലെയും ഗ്രൂപ്പുകള്‍ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.

ഇപ്പോള്‍ നടക്കാനിരിക്കുന്ന ഗ്രൂപ്പ് എ ലീഗ് മല്‍സരങ്ങളുടെ സെമി ഫൈനല്‍, ഫൈനല്‍ എന്നിവര അടുത്ത വര്‍ഷമാണ് നടക്കുക. ഗ്രൂപ്പ് 1, 2, 3, 4 എന്നിവയില്‍ നിന്നും ആദ്യ സ്ഥാനങ്ങളിലെത്തുന്നവരാണ് സെമി ഫൈനലിലെത്തുക. ഫൈനല്‍ കൂടാതെ റണ്ണറപ്പിനായുള്ള മല്‍സരവും നടക്കും.

ഇതു കൂടാതെ ഗ്രൂപ്പ് എ, ബി, സി എന്നിങ്ങളെ മൂന്നു ലീഗുകളിലും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന മൂന്നു ടീമുകള്‍ തരംതാഴ്ത്തപ്പെടും. ഈ മൂന്നു ടീമുകള്‍ക്കു പകരം ബി, സി, ഡി എന്നീ മൂന്നു ലീഗുകളില്‍ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തെത്തുന്ന ടീമുകള്‍ക്കു യോഗ്യത ലഭിക്കും.

Read More >>