ഐഎസ്എൽ; മികച്ച അഞ്ച് ഇന്ത്യൻ സൈനിംഗുകൾ

കഴിഞ്ഞ അര പതിണ്ടിൽ ഇന്ത്യയിലുണ്ടായ ഫുട്ബോൾ വിപ്ലവത്തിൻ്റെ ഫലമായി വെള്ളിവെളിച്ചത്തിലേക്കുയർന്ന ചില ഇന്ത്യൻ കളിക്കാർ ഇത്തവണ ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

ഐഎസ്എൽ; മികച്ച അഞ്ച് ഇന്ത്യൻ സൈനിംഗുകൾ

ഐഎസ്എൽ അഞ്ചാം സീസണിലെ ഏറ്റവും വലിയ ആകർഷണം ചില ശ്രദ്ധേയരായ ഇന്ത്യൻ കളിക്കാരാവും. കഴിഞ്ഞ അര പതിറ്റാണ്ടിൽ ഇന്ത്യയിലുണ്ടായ ഫുട്ബോൾ വിപ്ലവത്തിൻ്റെ ഫലമായി വെള്ളിവെളിച്ചത്തിലേക്കുയർന്ന ചില ഇന്ത്യൻ കളിക്കാർ ഇത്തവണ ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. അവരിൽ ഏറ്റവും മികച്ച അഞ്ച് സൈനിംഗുകളെ പരിചയപ്പെടാം. കഴിഞ്ഞ സീസണിൽ ഐ-ലീഗിലൂടെ അരങ്ങേറ്റം കുറിച്ചവരാണിവർ.

മൈക്കൽ സൂസൈരാജ് (ജംഷഡ്പൂർ എഫ്സി)

ഐ-ലീഗിലെ കഴിഞ്ഞ സീസണിൽ ചെന്നൈ സിറ്റി എഫ്സിക്കായി നടത്തിയ പ്രകടനങ്ങളാണ് 23കാരനായ ഈ ലെഫ്റ്റ് വിങ്ങറെ ശ്രദ്ധേയനാക്കുന്നത്. ചെന്നൈ എഫ്സിയെ തരം താഴ്ത്തലിൽ നിന്നും ഏറെക്കുറെ ഒറ്റക്കാണ് മൈക്കൽ രക്ഷിച്ചെടുത്തത്. അസാമാന്യമായ വേഗതയും ഡ്രിബ്ലിംഗ് സ്കില്ലും കൊണ്ട് പ്രതിരോധം പിളർത്താൻ കഴിവുള്ള ഈ തമിഴ്നാട്ടുകാരൻ മൂന്ന് ഗോളുകൾ നേടി കഴിഞ്ഞ ഐ-ലീഗ് സീസണിലെ ഏറ്റവും മികച്ച മധ്യനിര താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു.

25 ലക്ഷം രൂപയ്ക്കാണ് മൈക്കൽ ഐ-ലീഗിൽ നിന്നും ഐഎസ്എല്ലിലേക്ക് കൂടുമാറുന്നത്. കഴിഞ്ഞ ഐ-ലീഗ് സീസണിലെ പ്രകടനം കൊണ്ട് തന്നെ ദേശീയ ടീമിലേക്കുള്ള വിളി പ്രതീക്ഷിച്ചിരിക്കുന്ന മൈക്കൽ ഈ സീസണിൽ ജംഷഡ്പൂരിൻ്റെ മധ്യനിര സമ്പന്നമാക്കുമെന്നാണ് കരുതപ്പെടുന്നത്.

ശൈഖ് ഫയ്യാസ് (അമർ ടൊമാർ കൊൽക്കത്ത)

ഐ-ലീഗിൽ നിന്നു തന്നെയാണ് ഫയ്യാസും ഐഎസ്എല്ലിലേക്കെത്തുന്നത്. ശ്രദ്ധേയമായ ഒട്ടനവധി പ്രകടനങ്ങളിലൂടെ ഫയ്യാസ് കഴിഞ്ഞ സീസണിൽ ആരാധകരെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ഐ-ലീഗ് സീസണിൽ മോഹൻ ബഗാൻ്റെ കണ്ടെത്തലായിരുന്നു ഹൗറ സ്വദേശിയായ ഈ വലതു വിങ്ങർ. വലതു പാർശ്വത്തിലൂടെ കുതിച്ചു കയറി ബോക്സിലേക്ക് എണ്ണം പറഞ്ഞ ക്രോസുകൾ തുടർച്ചയായി നൽകാൻ കഴിവുള്ള ഈ 23കാരൻ ഇതിനകം ദേശീയ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. രണ്ട് ഗോളുകളും ഏതാനും അസിസ്റ്റുകളുമായി ഐ-ലീഗ് അരങ്ങേറ്റം ഗംഭീരമാക്കിയ ഫയ്യാസ് ഒന്നിലധികം തവണ മാൻ ഓഫ് ദി മാച്ചുകളും കരസ്ഥമാക്കിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ അമർ ടൊമാർ കൊൽക്കത്തയുടെ ദയനീയ പ്രകടനത്തിന് ഫയ്യാസിൻ്റെ സാന്നിദ്ധ്യം കൊണ്ട് ഈ സീസണിൽ മറുപടി നൽകാമെന്നാണ് കൊൽക്കത്തക്കാർ കരുതുന്നത്. അസാമാന്യ വേഗതയും ക്രോസിംഗ് വൈദഗ്ധ്യവുമുള്ള ഫയ്യാസിന് ടീമിനായി ഗോൾ ചാൻസുകൾ സൃഷ്ടിക്കാൻ കഴിയുമെന്നും 'ബെംഗാൾ കടുവകൾ' വിശ്വസിക്കുന്നു.

നിഖിൽ കദം (നോർത്തീസ്റ്റ് യുണൈറ്റഡ്)

ഐ-ലീഗിൽ നിന്നുള്ള മറ്റൊരു വിങ്ങർ. കഴിഞ്ഞ സീസണിൽ മോഹൻ ബഗാനായി അരങ്ങേറ്റം കുറിച്ച നിഖിൽ ക്രോസിംഗ് വൈദഗ്ധ്യം കൊണ്ടാണ് ശ്രദ്ധേയനാവുന്നത്. കളിക്കളത്തിൽ ഗംഭീരമായ വിഷനും ക്രിയേറ്റിവിറ്റിയും പ്രകടമാക്കുന്ന ഈ 24കാരൻ മോഹൻ ബഗാനു വേണ്ടി ഒരു ഗോളും ഏതാനും അസിസ്റ്റുകളും കഴിഞ്ഞ സീസണിൽ നേടിയിരുന്നു.

സോണി നോർദെയുടെ അസാന്നിധ്യത്തിൽ ടീമിലെത്തിയ നിഖിലിൻ്റെ ചുമലിലുള്ളത് വലിയ ചുമതലയാണ്. ത്രൂ ബോളുകളിലും ഫൈനൽ ബോൾ ഡെലിവറികളിലുമുള്ള നിഖിലിൻ്റെ മികവ് ടീമിനു മുതൽക്കൂട്ടാവുമെന്ന് കരുതപ്പെടുന്നു. ഐഎസ്എൽ ചരിത്രത്തിൽ ഇതുവരെ പ്ലേ ഓഫ് പ്രവേശനം ലഭിച്ചിട്ടില്ലാത്ത നോർത്തീസ്റ്റ് ആക്രമണത്തിൻ്റെ കുന്തമുന നിഖിൽ കദം ആവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പുതിയ ആക്രമണ നിരയോടൊപ്പം നിഖിൽ കൂടി ചേരുമ്പോൾ പ്ലേ ഓഫ് പ്രവേശനവും നൊർത്തീസ്റ്റ് ആരാധകർ സ്വപ്നം കാണുന്നുണ്ട്.

ധീരജ് സിംഗ് (കേരളാ ബ്ലാസ്റ്റേഴ്സ്)

കഴിഞ്ഞ വർഷം ഇന്ത്യ ആതിഥേയത്വം വഹിച്ച അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി നടത്തിയ ഗംഭീര പ്രകടനങ്ങളാണ് ധീരജ് സിംഗിനെ ഇന്ത്യൻ ഹീറോ ആക്കിയത്. കളിച്ച മൂന്നു മത്സരങ്ങളും പരാജയപ്പെട്ടുവെങ്കിലും ആ ലോകകപ്പ് ഇന്ത്യൻ ഫുട്ബോളിനു സമ്മാനിച്ച ചില മികച്ച താരങ്ങളിൽ പെട്ടയാളാണ് ധീരജ്. ലോകകപ്പിനു ശേഷം ഇന്ത്യ അണ്ടർ 17, അണ്ടർ 19 താരങ്ങളെ അണി നിരത്തി ഇന്ത്യ അണ്ടർ 17 ടീമിൻ്റെ മുൻ കോച്ച് ലൂയിസ് നോർട്ടൺ രൂപം നൽകിയ ഇന്ത്യൻ ആരോസിലും ധീരജ് ഗ്ലൗസണിഞ്ഞു. മോഹൻ ബഗാനെതിരെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയ ഈ 18കാരൻ ഈ സീസണിലെ ഏറ്റവും ശ്രദ്ധേയനായ ഇന്ത്യൻ താരമാണ്.

സ്കോട്ടിഷ് ക്ലബ് മതർവെൽ എഫ്സിക്ക് വേണ്ടി ട്രയൽസിൽ പങ്കെടുത്ത ധീരജ് കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ ഒന്നാം നമ്പർ ഗോൾ കീപ്പറാണ്. ബ്ലാസ്റ്റേഴ്സിൻ്റെ പ്രീ സീസൺ മത്സരങ്ങളിലും മികച്ച പ്രകടനം തുടർന്ന ധീരജ് ആദ്യ മത്സരത്തിനിറങ്ങുന്നതോടെ ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ കീപ്പർ എന്ന നേട്ടത്തിനും അർഹനാവും. മികച്ച റിഫ്ലക്ഷനും ഷോട്ട് സ്റ്റോപിംഗ് എബിലിറ്റിയുമുള്ള ധീരജ് തീർച്ചയായും ബ്ലാസ്റ്റേഴ്സിന് ഒരു മുതൽക്കൂട്ടാവും.

റൈനീർ ഫെർണാണ്ടസ് (മുംബൈ സിറ്റി എഫ്സി)

മോഹൻ ബഗാൻ കണ്ടെത്തിയ മറ്റൊരു യുവതാരമാണ് റൈനീർ ഫെർണാണ്ടസ്. ബോൾ പൊസിഷൻ തിരിച്ചു പിടിക്കാനും അവസരങ്ങളൊരുക്കാനുമുള്ള റെനീറിൻ്റെ കഴിവ് മോഹൻ ബഗാൻ മധ്യനിരയെ കഴിഞ്ഞ തവണ ഏറെ താങ്ങി നിർത്തിയിരുന്നു. സെറ്റ് പീസ് സ്പെഷ്യലിസ്റ്റായ ഈ 22കാരൻ കഴിഞ്ഞ ഐ-ലീഗ് സീസണിലെ വളരെ മികച്ച കളിക്കാരിൽ ഒരാളാണ്.

മഹാരാഷ്ട്രക്കാരനായ ഈ മിഡ്ഫീൽഡർ മുംബൈ സിറ്റി എഫ്സിയുടെ മധ്യനിര നിയന്ത്രിക്കുമെന്നാണ് കരുതപ്പെടുന്നത്. കഠിനാധ്വാനം ചെയ്യാനുള്ള അദ്ദേഹത്തിൻ്റെ മനസ്സും ക്രിയേറ്റിവിറ്റിയും മുംബൈ സിറ്റിയുടെ ഈ സീസണിലെ യാത്രക്ക് സഹായകമായേക്കും.

Read More >>