ഐ ലീഗിനെ തകർക്കാൻ റിലയൻസ്-എഐഎഫ്എഫ് ശ്രമം; പൊരുതാനുറച്ച് ക്ലബുകൾ

ഐഎസ്എൽ ക്ലബുകൾപ്പോലെ ഐലീഗ് ക്ലബുകൾ തങ്ങൾക്ക് പണം നൽകുന്നില്ലെന്നും അതു കൊണ്ട് ഇങ്ങനെയൊക്കെയേ പറ്റൂ എന്നും എഐഎഫ്എഫ് പ്രതികരിച്ചു എന്നാണ് റിപ്പോർട്ട്.

ഐ ലീഗിനെ തകർക്കാൻ റിലയൻസ്-എഐഎഫ്എഫ് ശ്രമം; പൊരുതാനുറച്ച് ക്ലബുകൾ

ഐ ലീഗിനെ തകർക്കാൻ റിലയൻസിൻ്റെയും ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ്റെയും നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി റിപ്പോർട്ട്. അടുത്ത സീസണോടെ ഐഎൽഎല്ലിനെ രാജ്യത്തെ ഒന്നാം നിര ഫുട്ബോൾ ലീഗാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഐ ലീഗിനു ശവക്കുഴി തോണ്ടാൻ എഐഎഫ്എഫ് റിലയൻസുമായി കൈ കോർക്കുന്നത്.

ഐഎസ്എൽ മത്സരങ്ങൾക്ക് പ്രമോഷനുകൾ കൊണ്ട് അലങ്കാരം തീർക്കുന്ന സ്റ്റാർ നെറ്റ്‌വർക്ക് ഐലീഗിനെ പാടെ മറന്ന മട്ടാണ്. ഫുട്ബോൾ അസോസിയേഷൻ്റെ നിർദ്ദേശ പ്രകാരം ഐലീഗിന് പ്രമോഷനുകൾ വേണ്ട എന്ന നിർദ്ദേശം സ്റ്റാർ നടപ്പിലാക്കി. എന്നാൽ മികച്ച കളി കാഴ്ച വെച്ച ഐലീഗ് ക്ലബുകളുടെ കളി കാണാൻ കാണികൾ അധികരിച്ചു. സ്റ്റേഡിയം നിറഞ്ഞു. അതേ സമയം, ഐഎസ്എല്ലിൻ്റെ ജനപ്രീതി നഷ്ടപ്പെട്ടു കൊണ്ടിരുന്നു. ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവുമധികം കാണികൾ വന്നു കൊണ്ടിരുന്ന ബ്ലാസ്റ്റേഴ്സിനെപ്പോലും ആരാധകർ കയ്യൊഴിഞ്ഞതോടെ ഐലീഗ് തകർക്കൽ അടുത്ത ഘട്ടത്തിലേക്ക് കടന്നു.

ജനുവരി മുതൽ ഐലീഗിൻ്റെ പകുതിയിലധികം മത്സരങ്ങൾ ലൈവ് ടെലിക്കാസ്റ്റ് ചെയ്യേണ്ടതില്ല എന്നാണ് സ്റ്റാർ സ്പോർട്സിൻ്റെ പുതിയ തീരുമാനം. കേരളത്തിൻ്റെ സ്വന്തം ഗോകുലം കേരള എഫ്സിയുടെ മൂന്ന് മത്സരങ്ങൾ മാത്രമേ ഇനി സംപ്രേഷണം ചെയ്യൂ. എന്തു കൊണ്ടാണ് ഇത്തരം വിവേചനമെന്ന ചോദ്യത്തിന് ഐഎസ്എൽ ക്ലബുകൾപ്പോലെ ഐലീഗ് ക്ലബുകൾ തങ്ങൾക്ക് പണം നൽകുന്നില്ലെന്നും അതു കൊണ്ട് ഇങ്ങനെയൊക്കെയേ പറ്റൂ എന്നും എഐഎഫ്എഫ് പ്രതികരിച്ചു എന്നാണ് റിപ്പോർട്ട്.

തീരുമാനത്തിനെതിരെ ഐലീഗ് ക്ലബുകൾ മുന്നോട്ടു വന്നിട്ടുണ്ട്. സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് ക്ലബുകളുടെ തീരുമാനം. ഗോകുലം കേരള, മിനർവ പഞ്ചാബ്, നെരോക്ക എഫ്സി തുടങ്ങിയ ക്ലബുകൾ സംയുക്തമായി നടപടിക്കെതിരെ മുന്നോട്ടു വന്നിട്ടുണ്ട്. ഉടൻ സംയുക്ത പത്ര സമ്മേളനം നടത്താനും ഇവർക്ക് ധാരണയുണ്ട്.