അടിച്ചു മോനേ; 14 വർഷങ്ങൾക്കു ശേഷം സന്തോഷ് ട്രോഫി കേരളത്തിലേക്ക്

ബംഗാളിന്റെ ആദ്യ രണ്ടു കിക്കുകളും കേരളാ ഗോളി മിഥുൻ വി രക്ഷപ്പെടുത്തിയതോടെ കേരളം കിരീടം മണത്തു.

അടിച്ചു മോനേ; 14 വർഷങ്ങൾക്കു ശേഷം സന്തോഷ് ട്രോഫി കേരളത്തിലേക്ക്

14 വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു കേരളത്തിന്റെ വിജയം. നിശ്ചിത സമയത്തും അധിക സമയത്തും രണ്ടു വീതം ഗോളുകളടിച്ച് ഗോളടിച്ച് ഇരു ടീമുകളും സമനില പാലിച്ചതിനെത്തുടർന്നായിരുന്നു ഷൂട്ടൗട്ടിലൂടെ വിജയികളെ കണ്ടെത്തിയത്.

കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ ബംഗാളിന്റെ ആക്രമണത്തിൽ കേരളാ പ്രതിരോധം പല വട്ടം പരീക്ഷിക്കപ്പെട്ടു. ഒമ്പതാം മിനിറ്റില്‍ ബോക്‌സിന് തൊട്ടടുത്ത് വെച്ച് സീസണെടുത്ത ഫ്രീ കിക്കായിരുന്നു കേരളത്തിന് ലഭിച്ച ആദ്യ അവസരം. എന്നാല്‍ പന്ത് ലക്ഷ്യം തെറ്റി. എന്നാല്‍ 19-ാം മിനിറ്റില്‍ കിട്ടിയ അവസരം കേരളം മുതലെടുത്തു. ബംഗാളിന്റെ പാഴായിപ്പോയ ഒരു നീക്കത്തിനൊടുവില്‍ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെയാണ് കേരളത്തിന്റെ ഗോള്‍ വന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്ന് സീസണ്‍ നല്‍കിയ പന്തുമായി കുതിച്ച ജിതിന്‍ എം.എസിന് ലക്ഷ്യം തെറ്റിയില്ല. ബംഗാള്‍ ഗോള്‍കീപ്പറേയും മറികടന്ന് പന്ത് വലയിൽ. സ്‌കോർ 1-0.

സമനില ഗോളിനായി ബംഗാള്‍ നിരവധി അവസരങ്ങള്‍ മെനഞ്ഞെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. തിര്‍തങ്കര്‍ സര്‍ക്കാര്‍ നിറഞ്ഞുകളിച്ചെങ്കിലും ബംഗാളിന് ഗോള്‍ മാത്രം അകന്നുനിന്നു. 34-ാം മിനിറ്റില്‍ അഫ്ദാലിന്റെ ക്രോസില്‍ ജിതിന്‍ ഗോപാലാന് സുവര്‍ണാവസരം ലഭിച്ചെങ്കിലും പന്ത് കണക്റ്റ് ചെയ്യാനായില്ല. അഞ്ചു മിനിറ്റിന് ശേഷം ലഭിച്ച ലീഡുയര്‍ത്താനുളള അവസരം അഫാദില്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് പുറത്തേക്കടിച്ചു. 46-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ജിതിന്‍ എം.എസിന് ഗോള്‍നേട്ടം രണ്ടാക്കാനുള്ള അവസരം ലഭിച്ചു. എന്നാല്‍ പോസ്റ്റിന് മുന്നില്‍ വെച്ചുള്ള കണ്‍ഫ്യൂഷനില്‍ ജിതിനും പിന്നീട് അഫ്ദാലും ലക്ഷ്യം കണ്ടില്ല. തൊട്ടടുത്ത മിനിറ്റില്‍ ബംഗാളും ഒരു ശ്രമം നടത്തി. തിര്‍തങ്കര്‍ സര്‍ക്കാറിന്റെ പാസില്‍ ജിതേന്‍ മുര്‍മുവിന്റെ ശ്രമം കേരള പ്രതിരോധം തടയുകയായിരുന്നു. 68-ാം മിനിറ്റില്‍ മനോഹരമായൊരു നീക്കത്തിനൊടുവില്‍ ജിതേന്‍ മുര്‍മുവാണ് ബംഗാളിനെ ഒപ്പമെത്തിച്ചത്. രാജന്‍ ബര്‍മന്റെ കൃത്യതയാര്‍ന്ന ക്രോസ് വലയിലെത്തിക്കുന്നതില്‍ ബംഗാള്‍ ക്യാപ്റ്റന് പിഴച്ചില്ല. സ്‌കോർ 1-1.

നിശ്ചിത സമയത്ത് ഓരോ ഗോളുകൾ വീതമടിച്ച് കേരളവും ബംഗാളും തുല്യത പാലിച്ചതിനെത്തുടർന്ന് മത്സരം അധിക സമയത്തേക്ക്. ഏറെ നാടകീയത നിറഞ്ഞ അധിക സമയത്ത് രാജന്‍ ബര്‍മന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബംഗാള്‍ പത്ത് പേരായി ചുരുങ്ങി. ഒടുവില്‍ മത്സരം അവസാനിക്കാന്‍ നാല് മിനിറ്റ് ബാക്കി നില്‍ക്കെ വിപിന്‍ തോമസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ കേരളത്തിന് 2-1ന്റെ ലീഡ് സമ്മാനിച്ചു. കളി 1-2 എന്ന സ്കോറിന് കേരളം ജയിക്കുമെന്ന ഘട്ടത്തിൽ അധിക സമയത്തിന്റെ അവസാന മിനിറ്റിൽ ലഭിച്ച ഫ്രീ കിക്ക് തിര്‍തങ്കര്‍ സര്‍ക്കാർ ഗോളിലേക്ക് തിരിച്ചു വിട്ടു കൊണ്ട് ബംഗാളിനെ വീണ്ടും ഒപ്പമെത്തിച്ചു. ആവേശോജ്വലമായ അന്ത്യത്തോടെ റഫറി ഫൈനൽ വിസിൽ മുഴക്കി. കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്.

ബംഗാളിന്റെ ആദ്യ രണ്ടു കിക്കുകളും കേരളാ ഗോളി മിഥുൻ വി രക്ഷപ്പെടുത്തിയതോടെ കേരളം കിരീടം മണത്തു. എടുത്ത കിക്കുകളെല്ലാം ലക്ഷ്യത്തിലെത്തിച്ച കേരളം അവസാന കിക്കിന് മുൻപ് തന്നെ കിരീടമുറപ്പിച്ചു. ഷൂട്ടൗട്ട് സ്‌കോർ 2-4.

2004-ല്‍ ഡല്‍ഹിയിലായിരുന്നു കേരളത്തിന്റെ അവസാന കിരീടം. അന്ന് പഞ്ചാബിനെയാണ് കേരളം ഫൈനലില്‍ തോല്‍പ്പിച്ചത്. 2013-ല്‍ കൊച്ചിയില്‍ ഫൈനലിലെത്തിയെങ്കിലും സര്‍വീസസിനോട് തോല്‍ക്കുകയായിരുന്നു.

Read More >>