വിനീതും ജിങ്കനും പുറത്തേക്ക്; ബ്ലാസ്റ്റേഴ്സിൻ്റെ അടിത്തറയിളകുന്നു

ഇപ്പോൾ ടീമിൻ്റെ മോശം പ്രകടനങ്ങളും ആരാധകരുടെ പ്രതികരണങ്ങളും താരത്തെ മടുപ്പിച്ചുവെന്നാണ് റിപ്പോർട്ട്.

വിനീതും ജിങ്കനും പുറത്തേക്ക്; ബ്ലാസ്റ്റേഴ്സിൻ്റെ അടിത്തറയിളകുന്നു

കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിനു പിന്നാലെ സുപ്രധാന താരങ്ങൾ ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേഷ് ജിങ്കനും മലയാളി സികെ വിനീതും ടീം വിടുമെന്ന വാർത്തകളാണ് പുറത്തു വരുന്നത്.

ഐഎസ്എൽ തുടങ്ങുമ്പോൾ മുതൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന താരമാണ് സന്ദേസ്ഗ് ജിങ്കൻ. ബ്ലാസ്റ്റേഴ്സിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച ജിങ്കൻ തുടർന്ന് ഇന്ത്യൻ ദേശീയ ടീമിൽ സ്ഥിര സാന്നിധ്യമായിരുന്നു. ദേശീയ ടീമിനെ നയിക്കാനുള്ള ഭാഗ്യവും ജിങ്കന് ലഭിച്ചു. മുൻപ് മോഹവിലയ്ക്ക് എടികെ ജിങ്കനെ വിളിച്ചിരുന്നുവെങ്കിലും ജിങ്കൻ ക്ലബ് മാറാൻ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ ടീമിൻ്റെ മോശം പ്രകടനങ്ങളും ആരാധകരുടെ പ്രതികരണങ്ങളും താരത്തെ മടുപ്പിച്ചുവെന്നാണ് റിപ്പോർട്ട്. എടികെയുടെ ഓഫർ ഇപ്പോഴും നിലനിക്കുന്നു എന്നതു കൊണ്ട് തന്നെ ജിങ്കൻ എടികെയിലേക്ക് മാറുമെന്നാണ് കരുതപ്പെടുന്നത്.

മലയാളി താരം സികെ വിനീതും ഈ ട്രാൻസ്ഫർ ജാലകത്തിൽ ടീം മാറുമെന്ന് വാർത്തകൾ വരുന്നുണ്ട്. സീസണിലെ മോശം പ്രകടനങ്ങളുടെ പേരിൽ വീട്ടുകാരെ വരെ ചീത്ത വിളിച്ച ചിലരുടെ പെരുമാറ്റം വിനീതിനെ മുൻപ് തന്നെ മടുപ്പിച്ചിരുന്നു. ക്ലബ് വിടുമെന്ന് വിനീത് അറിയിച്ചുവെന്ന അഭ്യൂഹവും നേരത്തെ പുറത്തായിരുന്നു. ആ അഭ്യൂഹങ്ങൾക്ക് ഇപ്പോൾ ശക്തി ഏറിയിരിക്കുകയാണ്. കൂടാതെ മുന്നേറ്റ നിരക്കാരൻ ഹാലിചരൺ നർസാരിയും ക്ലബ് വിട്ടേക്കുമെന്ന സൂചനകളും നിലനിൽക്കുന്നുണ്ട്.