പെനാൽറ്റി കിക്കിൽ തകർന്ന ബാജിയോ; ഇറ്റാലിയൻ പ്ലേബോയ് എങ്ങനെ ദുരന്തചിത്രമായി?

അയാൾ മാത്രമല്ല, ബറേസിയും മസ്സാറോയും അന്ന് പെനാൽറ്റി കളഞ്ഞിരുന്നു. ഒന്നാമത്തെയും നാലാമത്തെയും കിക്കുകൾ. പക്ഷേ അയാൾ മാത്രം ദുരന്ത നായകനായി. ലോകം അയാളെ മാത്രം അങ്ങനെ അടയാളപ്പെടുത്തി വെച്ചു.

പെനാൽറ്റി കിക്കിൽ തകർന്ന ബാജിയോ; ഇറ്റാലിയൻ പ്ലേബോയ് എങ്ങനെ ദുരന്തചിത്രമായി?

റോബർട്ടോ ബാജിയോ. ഇറ്റലി ഉത്പാദിപ്പിച്ച ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാൾ. 90 കളുടെ തുടക്കത്തിൽ മികച്ച കളിയഴകിനൊപ്പം കുതിരവാലൻ നീളൻ മുടിയും വെള്ളാരം കണ്ണുകളും ആരെയും മോഹിപ്പിക്കുന്ന പുഞ്ചിരിയുമായി മൈതാനത്തിൽ കാൽപ്പന്തു കൊണ്ട് കവിത രചിച്ച സുന്ദരനായ ഇറ്റലിക്കാരൻ പെണ്മനസ്സുകളിൽ നാടോടിക്കഥകളിലെ ഹീറോ ആയിരുന്നു. പ്രശസ്ത പോപ്പ് ഗായിക മഡോണ പോലും വീണുപോയ സൗന്ദര്യത്തിനുടമ. മുന്നേറ്റ നിരയിൽ എവിടെയും കളിക്കുമായിരുന്നെങ്കിലും സെക്കൻഡ് സ്‌ട്രൈക്കറായോ അറ്റാക്കിംഗ് മിഡ്ഫീൽഡറായോ ആണ് ബാജിയോ ഏറെ മികവ് തെളിയിച്ചിട്ടുള്ളത്. ചടുലവും മനോഹരവുമായ ഡ്രിബ്ലിംഗും പോസ്റ്റിലേക്ക് വളഞ്ഞ് കയറുന്ന ഫ്രീ കിക്കുകളും കൊണ്ട് ബാജിയോ ഇറ്റാലിയൻ ഫുട്ബോളിന്റെ ജാതകം തന്നെയാണ് തിരുത്തിക്കുറിച്ചത്. എന്നാൽ ഇതിനെല്ലാമപ്പുറം ലോകം അയാളെ ഓർത്തിരിക്കുന്നത് ഒരു പെനാൽറ്റി മിസ്സിന്റെ പേരിലാണ്. കൃത്യം 24 വർഷം മുൻപ് 1994 ലെ ലോകകപ്പ് ഫൈനലിലായിരുന്നു ഹീറോയിൽ നിന്നും വില്ലനിലേക്കുള്ള ബാജിയോയുടെ പെനാൽറ്റി.

ഇറ്റലിയും ബ്രസീലും തമ്മിലായിരുന്നു ഫൈനൽ മത്സരം. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതിനെത്തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൗട്ട് എന്ന സാധ്യതാ പരീക്ഷണത്തിലേക്കെടുത്തെറിയപ്പെട്ടു. അമേരിക്കയിൽ കാലിഫോർണിയയിലെ റോസ്സ്ബൗൾ സ്‌റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ഒരു ലക്ഷത്തോളം കാണികൾ സമ്മർദ്ദത്താൽ ഉരുകിയൊലിച്ചു കൊണ്ടിരുന്നു. നിലവിലെ സ്‌കോർ 3-2 ന് ബ്രസീൽ ലീഡ് ചെയ്യുകയാണ്. ഇറ്റലിയുടെ അഞ്ചാമത്തെ കിക്ക്. ബ്രസീലിന് ഒരു കിക്ക് കൂടി ബാക്കിയുണ്ടെങ്കിലും ഇത് ഗോളായാൽ ഇറ്റലിക്ക് ആയുസ്സ് അധികരിക്കും. കിക്കിനായി പെനാൽട്ടി സ്പോട്ടിലേക്ക് നടന്നടുക്കുന്ന ആ നീളൻ മുടിക്കാരൻ 10 ആം നമ്പറുകാരനെ ഇമവെട്ടാതെ നോക്കി നിൽക്കുകയായിരുന്നു സ്റ്റേഡിയം മുഴുവൻ. മുന്നിൽ തൊട്ടുമുമ്പത്തെ കിക്ക് തടഞ്ഞ ബ്രസീലിന്റെ ശക്തനായ ഗോൾകീപ്പർ ക്‌ളോഡിയോ ടാഫറെൽ. കമന്ററി ബോക്സിൽ സാക്ഷാൽ പെലെയടക്കം ശ്വാസമടക്കി നിൽക്കുന്നു. തന്റെ വിശ്വസ്തനായ കളിക്കാരനെ അവസാന കിക്കേൽപ്പിച്ച തന്ത്രജ്ഞനായ ഇറ്റാലിയൻ കോച് അരിഗോ സാക്കി സൈഡ് ലൈനിൽ. പ്രാർത്ഥനയുമായി ടീമംഗങ്ങളും ഇറ്റാലിയൻ കാണികളും. തങ്ങളുടെ പ്രിയ താരം ആ കിക്ക് പാഴാക്കില്ലെന്ന് അവർക്കുറപ്പായിരുന്നു. റഫറിയുടെ വിസിലിനൊപ്പം ചെറിയ റണ്ണപ്പുമായി ഓടിയടുത്ത അയാൾ ടാഫറെലിനെ ഇടത്തു വശത്തേക്ക് വീഴ്ത്തി പോസ്റ്റിന്റെ വലതു മൂലയെ ലക്ഷ്യമാക്കി പന്ത് പായിച്ചു. പക്ഷേ, ഭൂതം ആവേശിച്ചതു പോലെ പോസ്റ്റിന് മുകളിലൂടെ പന്ത് പുറത്തേക്ക് പറന്നു പോവുമ്പോൾ അന്നവിടെ തടിച്ചുകൂടിയ 94000 ത്തോളം കാണികൾ മാത്രമല്ല, ഫുട്ബാൾ ലോകം ഒന്നടങ്കം അവിശ്വസനീയതയോടെ ആ രംഗം നോക്കി നിന്നു. ബ്രസീൽ ടീമംഗങ്ങളും കാണികളും വിജയാവേശത്തിൽ ആനന്ദ നൃത്തം വെക്കുമ്പോൾ പെനാൽട്ടി സ്പോട്ടിൽ കുനിഞ്ഞ ശിരസ്സുമായി കണ്ണീർ വാർത്തു നിന്ന റോബർട്ടോ ബാജിയോ എന്ന ആ നീളൻ മുടിക്കാരനെ ഫുട്ബാൾ ആരാധകർ ഒരിക്കലും മറക്കില്ല. ലോക ഫുട്ബാളിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന്. തന്റെ ടീമിനെ ഫൈനൽ വരെ ഒറ്റക്ക് ചുമലിലേറ്റിയിരുന്നു ബാജിയോ. പരിക്ക് പറ്റിയിട്ടും അതിനെ അവഗണിച്ച് വേദനാസംഹാരികളിൽ അഭയം തേടി സെമി കളിച്ചു. വീണ്ടും വേദനസംഹാരി കുത്തി വെച്ച് ഫൈനലിൽ 120 മിനുട്ടുകൾ ഏതാണ്ട് ഒറ്റക്ക് ബ്രസീലിയൻ പ്രധിരോധനിരയെ വെല്ലുവിളിച്ച അയാൾ ആ നിമിഷം ദുരന്ത നായകനായി. ഒരു പക്ഷേ ആ കിക്ക് അയാൾ ഗോളാക്കിയാലും ഇറ്റലി വിജയിക്കുമായിരുന്നില്ല. കാരണം ബ്രസീലിന് ഒരു കിക്ക് കൂടി ബാക്കിയുണ്ടായിരുന്നു. അയാൾ മാത്രമല്ല കിക്ക് ബറേസിയും മസ്സാറോയും അന്ന് പെനാൽറ്റി കളഞ്ഞിരുന്നു. ഒന്നാമത്തെയും നാലാമത്തെയും കിക്കുകൾ. പക്ഷേ അയാൾ മാത്രം ദുരന്ത നായകനായി. ലോകം അയാളെ മാത്രം അങ്ങനെ അടയാളപ്പെടുത്തി വെച്ചു.

ആ ലോകകപ്പ് ഫൈനലിന് ശേഷം പിന്നോടൊരിക്കലും യഥാർത്ഥ ബാജിയോയെ ഫുട്ബാൾ ലോകം കണ്ടിട്ടില്ല. ആ ഷോക്കിൽനിന്നും പിന്നീടൊരിക്കലും അയാൾ പൂർണമായി മുക്തനായില്ല. ഇടയ്ക്കിടെ വന്ന പരിക്കുകളും മാനേജർമാരുമായുള്ള സ്വരച്ചേർച്ചയില്ലായ്മയും അയാളെ പലപ്പോഴും ദേശീയ ടീമിൽ നിന്നും പുറത്താക്കി. പക്ഷേ 1998 ലോകകപ്പിന് തൊട്ടുമുൻപ് അയാൾ വീണ്ടും ടീമിലെത്തി. ആദ്യ മത്സരിലെ ഗോളടക്കം ടൂർണമെന്റിൽ 2 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ ബാജിയോ 3 ലോകകപ്പുകളിൽനിന്നായി 9 ഗോളുകൾ നേടിക്കൊണ്ട് പോളോ റോസിയുടെ ഇറ്റാലിയൻ റെക്കോർഡിനൊപ്പം എത്തി. ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനെതിരെ പകരക്കാരനായി വന്നു മികച്ച കളി പുറത്തെടുത്ത ബാജിയോ ഷൂട്ടൗട്ടിൽ വല കുലുക്കിയിട്ടും വീണ്ടും തന്റെ ടീം ഷൂട്ടൗട്ടിൽ തോറ്റു പുറത്താവുന്നത് കണ്ടു നിന്നു.

ആ ലോകകപ്പിൽ ചരിത്രത്തിന്റെ ഒരു ആവർത്തനവും നടന്നു. ഗ്രൂപ്പ് ബി യിലെ ആദ്യ മത്സരത്തിൽ ഇറ്റലിയും ചിലിയും തമ്മിൽ ഏറ്റുമുട്ടുന്നു. തുടക്കത്തിൽ തന്നെ ക്രിസ്ത്യൻ വിയേരിയുടെ ഗോളിൽ മുന്നിലെത്തിയ ഇറ്റലിയെ സൂപ്പർ താരം മാഴ്‌സലോ സാലസ് 3 മിനുട്ടുകൾക്കിടെ നേടിയ 2 ഗോളുകൾക്ക് ചിലി പിന്നിലാക്കുന്നു. തലതാഴ്ത്തി ഇറ്റാലിയൻ താരങ്ങൾ. കളിയുടെ 84 ആം മിനുട്ടിൽ ബാജിയോടെ ഷോട്ട് ചിലിയൻ താരത്തിന്റെ കയ്യിൽ തട്ടുമ്പോൾ റഫറിയുടെ കൈ പെനാൽറ്റി സ്പോട്ടിലേക്ക്. ഒരു നിമിഷം അയാൾ നിശ്ചലനായി പോയി. നാല് വർഷം മുൻപത്തെ ഓർമകൾ അയാളെ വേട്ടയാടി. കിക്കെടുക്കാൻ പെനാൽറ്റി ബോക്സിലെത്തിയ ബാജിയോ കാൽമുട്ടിൽ കയ്യും കൊടുത്തു തലതാഴ്ത്തി ഏറെ നേരം നിന്നു.. അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ആ പെനാൽട്ടി ബോക്സിൽ വീണു. വീണ്ടും ലോകം ബാജിയോയിലേക്ക് കണ്ണ് നട്ടു. നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചു കൊണ്ട് റഫറിയുടെ വിസിലിനു കാതോർത്തു നിൽക്കുമ്പോൾ ശപിക്കപ്പെട്ട ഓർമ്മകൾ വീണ്ടും വീണ്ടും വിളിച്ചു പറയുന്ന ചിലിയൻ താരങ്ങൾ അയാളുടെ മുറിവിൽ ഉപ്പു പുരട്ടിക്കൊണ്ടിരുന്നു. റഫറിയുടെ വിസിലിനൊപ്പം ഇടറിയ മുഖവുമായി കുതിച്ച അയാളുടെ വലങ്കാലൻ ഗ്രൗണ്ട് ഷോട്ട് ഗോൾകീപ്പറെ കീഴ്‌പ്പെടുത്തി പോസ്റ്റിന്റെ വലതുമൂല ചുംബിക്കുന്നത് ഫുട്ബാൾ ലോകം നിറകണ്ണുകളോടെയാണ് കണ്ടുനിന്നത് . വലിയ ആഹ്ലാദ പ്രകടനങ്ങൾ ഒന്നും നടത്താതെ അയാൾ ടച്ച് ലൈനിലേക്ക് കുതിക്കുമ്പോഴും അയാളുടെ മനസ്സിനെ നാല് വർഷം മുൻപത്തെ ആ പെനാൽറ്റി വേട്ടയാടുന്നെണ്ടെന്നു വ്യക്തമായിരുന്നു.

കളി മികവും സൗന്ദര്യവും ഒത്തു ചേർന്ന ആ അതുല്യ പ്രതിഭ കുതിര വാലൻ മുടിയുമായി പെനാൽറ്റി ബോക്സിനു മുന്നിൽ തലയും താഴ്ത്തി കണ്ണീർ വാർത്തു നിൽക്കുന്ന ചിത്രം ഇന്നും ലോക ഫുട്ബാളിലെ വേദനയാണ്. ബാജിയോ, നിങ്ങൾ ആ പെനാൽറ്റി മിസ്സാക്കിയില്ലായിരുന്നെങ്കിൽ...

Read More >>