വിമർശകർക്ക് വിശ്രമിക്കാം; ഏഷ്യാ കപ്പിലൂടെ ലോകകപ്പിനൊരുങ്ങി ഖത്തർ

ഒരൊറ്റ കളി പോലും തോൽക്കാതെയാണ് ഖത്തർ ഏഷ്യാ കപ്പ് ഫൈനലിലെത്തിയിരിക്കുന്നത്.

വിമർശകർക്ക് വിശ്രമിക്കാം; ഏഷ്യാ കപ്പിലൂടെ ലോകകപ്പിനൊരുങ്ങി ഖത്തർ

2022 ലോകകപ്പ് വേദിയായി ഖത്തർ തെരഞ്ഞെടുക്കപ്പെട്ടതു മുതൽ ഒന്നിനു പുറകെ ഒന്നായി വിവാദങ്ങൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുകയാണ്. പണമെറിഞ്ഞാണ് ഖത്തർ ലോകകപ്പ് വേദി അടിച്ചെടുത്തതെന്ന് മുൻ ഫിഫ് പ്രസിഡൻ്റ് സെപ് ബ്ലാറ്റർ പറഞ്ഞു മുതലിങ്ങോട്ട് ഖത്തർ തീച്ചൂളയിലാണ്. ഫ്രാൻസിൽ ബീയിങ് സ്പോർട്സ് തുടങ്ങിയതും ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് കോടികളുടെ നിക്ഷേപം നടന്നതുമൊക്കെ വിവാദങ്ങൾക്ക് എരിവു പകർന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ വിജയിച്ച് ഫൈനൽസിലേക്ക് ഇതു വരെ പ്രവേശനം നേടിയിട്ടില്ല എന്നതു കൊണ്ട് തന്നെ ആ വിവാദങ്ങൾക്ക് കഴമ്പുണ്ടെന്ന് തോന്നുകയും ചെയ്തു. എന്നാൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യാ കപ്പിൽ ഖത്തർ നടത്തുന്ന പ്രകടനം ഈ വിവാദങ്ങൾക്കെല്ലാമുള്ള തിരിച്ചടിയാണ്.

ഒരൊറ്റ കളി പോലും തോൽക്കാതെയാണ് ഖത്തർ ഏഷ്യാ കപ്പ് ഫൈനലിലെത്തിയിരിക്കുന്നത്. അത് മാത്രമല്ല, ഒരൊറ്റ ഗോൾ പോലും ഇതു വരെ അവർ വഴങ്ങിട്ടുമില്ല. ഗ്രൂപ്പ് മത്സരത്തിൽ ലാനോനെയും സൗദി അറേബ്യയെയും മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കും ഉത്തര കൊറിയയെ മടക്കമില്ലാത്ത ആറു ഗോളുകൾക്കും തകർത്ത ഖത്തർ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നോക്കൗട്ട് റൗണ്ടിൽ എത്തിയത്. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും യഥാക്രമം ഇറാഖിനെയും ലോക ഫുട്ബോളിലെത്തന്നെ വലിയ പേരുകാരിൽ ഒരാളായ ദക്ഷിണ കൊറിയയെയും ഏകപക്ഷീയമായ ഓരോ ഗോളുകൾക്ക് തോൽപിച്ച് അവസാന നാലിൽ. സെമിയിൽ യുഎഇയ്ക്കെതിരെ ഏകപക്ഷീയമായ നാലു ഗോളുകളുടെ ആധികാരിക ജയം. ഫൈനലിൽ ജപ്പാനാണ് എതിരാളികൾ.

ദക്ഷിണ കൊറിയയെപ്പോലെ ഏഷ്യൻ ഫുട്ബോൾ ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കുന്ന ജപ്പാൻ കടുത്ത സമ്മർദ്ദത്തിലാണെന്ന് ഉറപ്പാണ്. കാരണം ടൂർണമെൻ്റിൽ ഖത്തർ തുടർന്നു പോരുന്ന ഫോം ഏത് ടീമിനെയും തകർത്തെറിയാൻ കഴിയുന്ന വിധത്തിലുള്ളതാണ്. ലോകകപ്പിലേക്ക് ഖത്തർ കൃത്യമായി തയ്യാറെടുത്തു കഴിഞ്ഞു എന്നതിന് ഈ ഏഷ്യാ കപ്പ് പ്രകടനം തെളിവായതു കൊണ്ട് തന്നെ ലോകകപ്പ് വേദി സംബന്ധിച്ച വിവാദങ്ങൾക്കും ഇതോടെ ശക്തി കുറയും. ഇക്കൊല്ലത്തെ കോപ്പ അമേരിക്കയിൽ ഏഷ്യാ പ്രവിശ്യയിൽ നിന്നും മത്സരിക്കുന്നുണ്ട് എന്നതും ഒരു തരത്തിൽ ഖത്തറിന് ലാഭമാകും.

സ്പാനിഷ് കോച്ച് ഫെലിക്സ് സാഞ്ചസിൻ്റെ തന്ത്രങ്ങളിൽ കൃത്യമായ പുരോഗതി കാഴ്ച വെക്കുന്ന ഖത്തർ രണ്ടും കല്പിച്ചു തന്നെയാണ്. 2007ൽ ടീമിൻ്റെ പരിശീലകനായി സ്ഥാനമേറ്റ സാഞ്ചസിനു കീഴിൽ 56 ശതമാനം മത്സരങ്ങളാണ് ഖത്തർ ഇതു വരെ വിജയിച്ചത്. ഏഷ്യാ കപ്പിൽ തുടരുന്ന ഉജ്ജ്വലമായ ഫോം കോപ്പയിലേക്കു കൂടി നീട്ടാനായാൽ വിമർശനങ്ങളെല്ലാം അവസാനിക്കും. ഖത്തറിനു വേണ്ടതും അത്തരം ആരോഗ്യകരമായ അന്തരീക്ഷമാണ്.