പുൽവാമ: റിയൽ കശ്മീർ എഫ്സിക്കെതിരെ വ്യാജ പ്രചാരണം; ഒപ്പം ചേർന്ന് മിനർവ എഫ്സി ഉടമ

മിനർവ പഞ്ചാബ് ഉടമ രഞ്ജിത് ബജാജ് ഈ പോസ്റ്റ് ട്വിറ്ററിൽ പങ്കു വെച്ചതോടെ റിയൽ കശ്മീരിനെ വിലക്കണമെന്ന തരത്തിൽ പ്രചാരണങ്ങൾ വന്നു തുടങ്ങി.

പുൽവാമ: റിയൽ കശ്മീർ എഫ്സിക്കെതിരെ വ്യാജ പ്രചാരണം; ഒപ്പം ചേർന്ന് മിനർവ എഫ്സി ഉടമ

പുൽവാമ ഭീകരാകമണത്തിൻ്റെ പശ്ചാത്തലത്തിൽ ഐ-ലീഗ് ക്ലബ് റിയൽ കശ്മീരിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. ഭീകരാക്രമണത്തെ ന്യായീകരിച്ച് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിൻ്റെ ഉടമ റിയൽ കശ്മീർ താരമാണെന്ന മട്ടിലാണ് പ്രചാരണം നടക്കുന്നത്. മിനർവ പഞ്ചാബ് ഉടമ രഞ്ജിത് ബജാജ് ഈ പോസ്റ്റ് ട്വിറ്ററിൽ പങ്കു വെച്ചതോടെ റിയൽ കശ്മീരിനെ വിലക്കണമെന്ന തരത്തിൽ പ്രചാരണങ്ങൾ വന്നു തുടങ്ങി. എന്നാൽ ക്ലബുമായി ഇയാൾക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ക്ലബിൻ്റെ വിശദീകരണം.

താഹിർ റഷീദ് എന്ന അക്കൗണ്ടിൽ നിന്നാണ് ഭീകരാക്രമണത്തെ ന്യായീകരിച്ച് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇയാളുടെ അക്കൗണ്ടിൽ ജോലി റിയൽ കശ്മീർ ഗോളി എന്ന് സൂചിപ്പിച്ചതാണ് വിവാദങ്ങളിലേക്ക് നയിച്ചത്. തുടർന്ന് ഇയാൾ ടീം ക്യാപ്റ്റനാണെന്നു വരെ അഭ്യൂഹങ്ങളുയർന്നു. എന്നാൽ ഇയാൾക്ക് കശ്മീർ എഫ്സിയുമായി യാതൊരു ബന്ധവുമില്ല. ഇക്കാര്യം ക്ലബ് അധികൃതർ അറിയിച്ചിട്ടുണ്ട്. എങ്കിലും വ്യാജ പ്രചാരണങ്ങൾ അവസാനിച്ചിട്ടില്ല.


സെക്കന്റ്‌ ഡിവിഷൻ ഐ ലീഗിലെ മികച്ച പ്രകടനത്തിലൂടെ ഐ ലീഗിൽ എത്തിയ റിയൽ കശ്മീർ വമ്പൻ ടീമുകളുടെ എല്ലാ പ്രതീക്ഷളെയും തകിടം മറിച്ചുകൊണ്ട് ടേബിളിൽ രണ്ടാം സ്ഥാനക്കാരാണ്. കൂടാതെ അഡിഡാസ് സ്പോൺസർഷിപ്പും ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടുമായുള്ള സൗഹൃദവും ഇന്ത്യൻ ഫുട്ബോൾ ലോകത്തെ പല പ്രമുഖർക്കും ദഹിച്ചിട്ടില്ല എന്ന് വേണം കരുതാൻ. അതിനിടയിൽ ഇങ്ങനെ ഒരു പ്രചരണം നടത്തുന്നത് കഷ്ട്ടപ്പാടിന്റെ വഴിയിലൂടെ പൊരുതിക്കയറിയ, കോർപ്പറേറ്റ് പിന്തുണ ഇല്ലാത്ത ഒരു ടീമിനെ ചവിട്ടിതാഴ്ത്താനാണോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്.