വിനീതിനെതിരെ ഉയർന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മാച്ച് റഫറി; മഞ്ഞപ്പട പൊലീസ് നടപടി നേരിടേണ്ടി വരും

മഞ്ഞപ്പടയുടെ എറണാകുളം മേഖലാ പ്രസിഡന്റ്, സന്ദേശം പ്രചരിപ്പിച്ചയാള്‍ എന്നിവരില്‍ നിന്ന് ആദ്യം മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

വിനീതിനെതിരെ ഉയർന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മാച്ച് റഫറി; മഞ്ഞപ്പട പൊലീസ് നടപടി നേരിടേണ്ടി വരും

സികെ വിനീത് ബോൾ ബോയിയോട് തട്ടിക്കയറിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മാച്ച് റഫറി ദിനേഷ്. ഗ്രൗണ്ടിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും വിനീതിനെതിരെ ഉയർന്ന ആരോപണം വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ വാർത്ത പ്രചരിപ്പിച്ച മഞ്ഞപ്പട അംഗങ്ങൾ പൊലീസ് നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന.

മഞ്ഞപ്പടയുടെ എറണാകുളം മേഖലാ പ്രസിഡന്റ്, സന്ദേശം പ്രചരിപ്പിച്ചയാള്‍ എന്നിവരില്‍ നിന്ന് ആദ്യം മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇരുവരോടും നേരിട്ട് ഹാജരാകാന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ വിനീതിനെതിരെ വ്യക്തിപരമായ ആക്രമണത്തിന് ശ്രമിച്ചിട്ടില്ലെന്നും വിഐപി ഗാലറിയില്‍ കളികണ്ടവരാണ് വിനീത് ബോള്‍ബോയിയോട് മോശമായി പെരുമാറി എന്ന് പറഞ്ഞതെന്നും മഞ്ഞപ്പട ഭാരവാഹികള്‍ പറയുന്നു.

കൊച്ചിയിയില്‍ നടന്ന ചെന്നൈയിന്‍ എഫ് സി- കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ വിനീത് ഏഴ് വയസുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞുവെന്ന് മഞ്ഞപ്പടയുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ പ്രചരിച്ചത്. ഇതിനെതിരെയായിരുന്നു വിനീതിൻ്റെ പരാതി. വിനീതിനു പിന്തുണയുമായി മുൻ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫിയും രംഗത്തെത്തിയിരുന്നു.