ഒരേയൊരു പിഴവിൽ കൈവിട്ടത് ലോകകപ്പ്; 'അതിമാനുഷൻ' മനുഷ്യനായ കഥ

പക്ഷേ, കാൻ അറിയപ്പെടുന്നത് ആ പിഴവിന്റെ പേരിലാണ്. അത് വരെ ചെയ്ത എല്ലാ ഹീറോയിസത്തെയും ഒറ്റയടിക്ക് തകിടം മറിച്ച ആ വലിയ പിഴവ്.

ഒരേയൊരു പിഴവിൽ കൈവിട്ടത് ലോകകപ്പ്; അതിമാനുഷൻ മനുഷ്യനായ കഥ

ഗോളി ഒറ്റയാണ്. ബാക്കി പത്ത് പേരും മൈതാനത്തിലിറങ്ങി പോരാടുമ്പോൾ ഗോളി മാത്രം ക്രോസ്ബാറിന് കീഴിൽ നിൽക്കേണ്ടി വരുന്നു. സ്വന്തം ടീം ഗോളടിക്കുമ്പോൾ ഒറ്റക്ക് ആഘോഷിക്കേണ്ടി വരുന്നു. പിഴവിന്റെ പേരിൽ സേവുകൾ വിസ്മരിക്കപ്പെടുന്നു. നന്ദിയില്ലാത്ത ജോലിയാണ് ഗോളിയുടേത്. ആ പേരിലേക്ക് സങ്കടപൂർവം ചേർത്തു വെക്കേണ്ട പേരാണ് ഒലിവർ കാൻ. 2002 ലോകകപ്പിൽ ജർമനിയുടെ ഗോൾ വലയ്ക്ക് കാവലായി ഒരു മഹാമേരുവിനെപ്പോലെ നിലയുറപ്പിച്ച അദ്ദേഹത്തെ ഫുട്ബോൾ ലോകം 'ദി ടൈറ്റാൻ' അഥവാ 'അതിമാനുഷൻ' എന്ന് വിളിച്ചു.

ഏതാണ്ട് ഒറ്റക്കാണ് അദ്ദേഹം ജർമനിയെ ഫൈനൽ വരെയെത്തിച്ചത്. വെറും മൂന്ന് ഗോളുകളാണ് അദ്ദേഹത്തെ മറി കടന്ന് വല തുളച്ചത്. അതിൽ രണ്ടും ഫൈനലിലായിരുന്നു. ലോകകപ്പിന് മുൻപ് ജർമ്മനിയുടെ നാല് താരങ്ങളാണ് പരിക്കേറ്റു പുറത്ത് പോയത്. ജർമ്മനിക്ക് സെക്കൻഡ് സ്റ്റേജ് വരെ മാത്രമേ ആയുസുണ്ടാവൂ എന്ന് ഫുട്ബോൾ ലോകം വിധിയെഴുതി. പ്രധാനപ്പെട്ട നാല് താരങ്ങളില്ലാതെ എങ്ങനെയാണ് ജർമ്മനി ലോകകപ്പിൽ മുന്നേറുക. പക്ഷേ, ഒലിവർ കാന് മറ്റു ചില ഐഡിയകളാണ് ഉണ്ടായിരുന്നത്. ഫുട്ബോൾ പണ്ഡിറ്റുകളുടെ പ്രവചനങ്ങളെ കാറ്റിൽ പറത്തി ജർമനി ഫൈനൽ വരെയെത്തി.

ഗ്രൂപ്പ് മത്സരത്തിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ ഏകപക്ഷീയമായ എട്ടു ഗോളുകൾക്ക് വിജയിച്ചു കൊണ്ടാണ് ജർമ്മനി യാത്ര തുടങ്ങിയത്. ജർമ്മൻ മുന്നേറ്റനിരക്കാരൻ മിറോസ്ലാവ് ക്ളോസെയുടെ ഹാട്രിക്കായിരുന്നു മത്സരത്തിലെ സവിശേഷത. അയർലൻഡുമായി നടന്ന രണ്ടാം മത്സരത്തിലാണ് കാൻ ടൂർണമെന്റിലെ തന്റെ ആദ്യ ഗോൾ വഴങ്ങിയത്. ഐറിഷ് മുന്നേറ്റ താരം റോബി കീൻ നേടിയ ഗോളിൽ ജർമനിക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അടുത്ത മത്സരം, കാമറൂണിനെതിരെ നടന്ന മൂന്നാം മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച് ജർമനി നോക്ക്ഔട്ട് സ്റ്റേജിന്റെ ഒന്നാം റൗണ്ടിലെത്തി. പരാഗ്വെയ്ക്കെതിരെ നടന്ന മത്സരത്തിലും അമേരിക്കയുമായി നടന്ന ക്വാർട്ടർ മത്സരത്തിലും ഏകപക്ഷീയമായ ഓരോ ഗോളിന് ജയിച്ച് ജർമ്മനി സെമിയിലെത്തി. സെമിയിൽ തെക്കൻ കൊറിയക്കെതിരെയും ജർമനി വിജയിച്ചത് ഒരേയൊരു ഗോളിനായിരുന്നു. ഫൈനൽ ബ്രസീലിനെതിരെ.

ആദ്യ പകുതി ഒലിവർ കാൻ ഷോ ആയിരുന്നു. റൊണാൾഡോയും റൊണാൾഡീഞ്ഞോയും റിവാൾഡോയുമടങ്ങുന്ന ബ്രസീൽ നിരയെ ഒറ്റക്കാണ് കാൻ നേരിട്ടത്. ഗോളെന്നുറപ്പിച്ച ഒന്നിലധികം ഷോട്ടുകൾ അദ്ദേഹം തടഞ്ഞിട്ടു. രണ്ടാം പകുതിയിലായിരുന്നു അമാനുഷികമായ ഒലിവർ കാനും ഒരു മനുഷ്യൻ തന്നെയാണെന്ന് തെളിയിച്ച സംഭവം അരങ്ങേറിയത്.

67 ആം മിനിറ്റ്. ജർമൻ ബോക്‌സിന് പുറത്ത് നഷ്ട്ടപെട്ട പൊസഷൻ പുറകേയോടി ചെന്ന് ശാരീരിക മികവിൽ നേടി റോണോ പന്ത് റിവാൾഡോക്ക് മറിച്ചു. റിവാൾഡോ ഷോട്ട് എടുക്കുന്ന സമയം കൊണ്ട് റോണോ ബോക്സിനുള്ളിലേക്കോടി. റിവാൾഡോയുടെ ശക്തമായ ലോങ്ങ് ഷൂട്ട് ഒലിവർ കാന് കൈപ്പിടിയിലൊതുങ്ങിയില്ല. കാന്റെ ആദ്യ പിഴവ്. തിരുത്താനാവാത്ത പിഴവ്. പന്ത് വീണത് ഓടിയടുക്കുന്ന റോണോയുടെ മുന്നിലേക്ക്. ഈസി ഫിനിഷ്. നിസ്സംഗതയോടെ, ഞെട്ടലോടെ കാൻ തന്റെ ഗ്ലൗസ് ശരിയാക്കി വീണ്ടും പോസ്റ്റിലേക്ക് നടന്നു. സ്റ്റേഡിയത്തിൽ തടിച്ചു കൂടിയ 70000 ഓളം ആളുകളും ടെലിവിഷനിൽ മത്സരം കണ്ടു കൊണ്ടിരുന്ന ലക്ഷക്കണക്കിനാളുകളും അവിശ്വസനീയതയോടെയും ഞെട്ടലോടെയും ആ കാഴ്ച കണ്ടു നിന്നു. ഒലിവർ കാന് ഒരു പിഴവ് പറ്റിയിരിക്കുന്നു.

ആ ഗോൾ അദ്ദേഹത്തെ ഉലച്ചു കളഞ്ഞു. 12 മിനിട്ടുകൾക്ക് ശേഷം വീണ്ടും റൊണാൾഡോയുടെ ബൂട്ടുകൾ ശബ്ദിച്ചു. വീണ്ടും കാനെ മറികടന്ന് പന്ത് വല ചുംബിച്ചു. ആ രണ്ടു ഗോളുകൾക്ക് ജർമ്മനിയെ തോല്പിച്ച് ബ്രസീൽ അഞ്ചാം കിരീടമുയർത്തി.

ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരവും മികച്ച ഗോളിക്കുള്ള യാഷിൻ പുരസ്കാരവും ഒലിവർ കാന് ലഭിച്ചു. ലോകകപ്പിന്റെ ഇന്ന് വരെയുള്ള ചരിത്രത്തിൽ ഗോൾഡൻ ബൂട്ട് നേടുന്ന ഒരേയൊരു കളിക്കാരനെന്ന ബഹുമതി ഒലിവർ കാന് സ്വന്തം.

പക്ഷേ, കാൻ അറിയപ്പെടുന്നത് ആ പിഴവിന്റെ പേരിലാണ്. അത് വരെ ചെയ്ത എല്ലാ ഹീറോയിസത്തെയും ഒറ്റയടിക്ക് തകിടം മറിച്ച ആ വലിയ പിഴവ്. ആളുകൾ ഓർത്തിരിക്കുന്നത് ആ പിഴവാണ്. മത്സരത്തിന് ശേഷം ഗോൾ പോസ്റ്റിൽ ചാരി തല താഴ്ത്തിയിരിക്കുന്ന ഒലിവർ കാൻ ഇനിയും പൊള്ളിക്കുന്ന ഒരോർമച്ചിത്രമാണ്.