ആരാധകർ മലയാളി താരങ്ങളെ തെരഞ്ഞു പിടിച്ച് ആക്രമിക്കുന്നു; ബ്ലാസ്റ്റേഴ്സ് വിട്ടപ്പോൾ സമാധാനമുണ്ടെന്ന് മുഹമ്മദ് റാഫി

മലയാളികളല്ലാത്ത കളിക്കാര്‍ മോശമായി കളിച്ചാലും ഇവര്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാകില്ല. മലയാളി കളിക്കാര്‍ക്ക് ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാന്‍ താല്‍പര്യമുണ്ടാവില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും റാഫി പറഞ്ഞു.

ആരാധകർ മലയാളി താരങ്ങളെ തെരഞ്ഞു പിടിച്ച് ആക്രമിക്കുന്നു; ബ്ലാസ്റ്റേഴ്സ് വിട്ടപ്പോൾ സമാധാനമുണ്ടെന്ന് മുഹമ്മദ് റാഫി

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരിലെ ഒരു വിഭാഗം ആളുകൾ മലയാളി താരങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നെന്ന് ചെന്നൈയിന്‍ എഫ്‌.സി താരം മുഹമ്മദ് റാഫി. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കെതിരെ സഹതാരം സികെ വിനീത് പരാതി നൽകിയതിൻ്റെ പശ്ചാത്തലത്തിലാണ് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ റാഫിയുടെ പ്രതികരണം. തനിയ്ക്കും ബ്ലാസ്റ്റേഴ്‌സ് ആരാധകരില്‍ നിന്ന് മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ക്ലബ്ബ് വിട്ടപ്പോള്‍ മനസ്സമാധാനത്തോടെ കളിക്കാനാകുന്നുണ്ടെന്നും റാഫി പറഞ്ഞു.

വിനീത് ബോൾ ബോയിയോട് ദേഷ്യപ്പെട്ടിട്ടില്ലെന്നും ഒരു കൂട്ടം ആളുകൾ അത് മെനഞ്ഞുണ്ടാക്കിയതാണെന്നും റാഫി പറഞ്ഞു. "സികെ (സി.കെ.വിനീത്) കളിക്കുമ്പോള്‍ ബെഞ്ചില്‍ ആ കുട്ടിയുടെ തൊട്ടടുത്ത് ഞാനുണ്ടായിരുന്നു. സികെ ആ കുട്ടിയോട് ബോള്‍ ചോദിച്ചെന്ന് മാത്രമേയുള്ളൂ. വേറൊന്നുമില്ല. ബാക്കി കഥകളൊക്കെ അവര്‍ മെനഞ്ഞുണ്ടാക്കിയതാണ്." -റാഫി പറയുന്നു.

യഥാര്‍ത്ഥത്തിലുള്ള ആരാധകര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കില്ല. മലയാളി താരങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. ആദ്യം സുശാന്തിനെതിരെയായിരുന്നു. രണ്ടാമത്തെ വര്‍ഷമായപ്പോള്‍ അത് എനിക്കെതിരെയായി. പിന്നെ റിനോ ആന്റോയ്‌ക്കെതിരെയായി. ഇപ്പോള്‍ വിനീതിനെതിരെയാണ്. ഇനി അനസിനെയും സഹലിനെയുമൊക്കെയാകും അടുത്തതായി അവര്‍ ലക്ഷ്യമിടുക.

എല്ലാ കളിയിലും എല്ലാവര്‍ക്കും നന്നായി കളിക്കാനാവില്ലല്ലോ. മോശം ഫോം എല്ലാവര്‍ക്കുമുണ്ടാകും. അപ്പോള്‍ അവരുടെ കൂടെനിന്ന് കളി നന്നാക്കാന്‍ സഹായിക്കാതെ അവരുടെ വീട്ടുകാരെ ചീത്ത വിളിച്ചിട്ട് എന്തുകാര്യം. കളിയുടെ പേരില്‍ നമ്മളെ വിമര്‍ശിക്കുന്നതല്ല വീട്ടുകാരെ ചീത്തവിളിക്കുന്നതാണ് തീരെ സഹിക്കാന്‍ പറ്റാത്തത്. വീട്ടുകാരല്ലല്ലോ നമ്മളല്ലേ കളിക്കുന്നത്.

വലിയ ഓഫറുകളൊക്കെ നിരസിച്ചിട്ടാണ് കേരളത്തിനു വേണ്ടി, സ്വന്തം നാടിനു വേണ്ടി കളിക്കാന്‍ നിന്നിരുന്നത്. എന്നിട്ടാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത്. ടീമില്‍ നിന്ന് പോയ ശേഷം ഇത്തരം ആക്രമണങ്ങളൊന്നുമില്ല, നല്ല മനസ്സമാധാനമുണ്ട്. സമ്മര്‍ദമില്ലാതെ കളിക്കാന്‍ പറ്റുന്നുണ്ട്.

എനിക്കെതിരെ മോശം പ്രചാരണമൊക്കെ ഉണ്ടായ ശേഷം ഫൈനലില്‍ ഗോളടിച്ചപ്പോള്‍ ചീത്ത വിളിച്ചവരൊക്കെ സോറി പറഞ്ഞുവന്നിരുന്നു. എല്ലാം പറഞ്ഞുകഴിഞ്ഞിട്ട് സോറിയുമായി വന്നിട്ടെന്ത് കാര്യം. കളിച്ചാലും പുറത്തിരുന്നാലുമൊക്കെ തെറിവിളിക്കുകയാണ് മഞ്ഞപ്പടക്കാര്‍. പുറത്തിരുന്നാല്‍ പറയും അവന്‍ പുറത്തിരുന്ന് പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് കളി തോറ്റതെന്ന്.

തെറി വിളിക്കുന്നവര്‍ യഥാര്‍ത്ഥ ആരാധകരല്ല. ശരിയായ ആരാധകര്‍ ടീമിനൊപ്പമുണ്ടാകും. ആരാധകരിലെ തന്നെ ഒരു വിഭാഗമാണ് മലയാളി താരങ്ങള്‍ക്ക് നേരെ ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളുമായെത്തുന്നത്. മലയാളികളല്ലാത്ത കളിക്കാര്‍ മോശമായി കളിച്ചാലും ഇവര്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാകില്ല. മലയാളി കളിക്കാര്‍ക്ക് ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാന്‍ താല്‍പര്യമുണ്ടാവില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും റാഫി പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ ചെന്നൈയിനില്‍ എത്തിയ ശേഷം ആദ്യമായി കൊച്ചിയില്‍ കളിക്കാനെത്തിയപ്പോഴാണ് സികെ.വിനീതിനെതിരെ ബോള്‍ ബോയിയോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ ആരോപണമുയര്‍ന്നത്. കളിക്കളത്തിന് പുറത്തേക്ക് ബോള്‍ പോയപ്പോള്‍ എഴു വയസ്സുകാരനായ ബോള്‍ ബോയിയോട് വിനീത് അനാവശ്യമായി കയര്‍ത്തെന്ന പേരിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വാട്‌സ്ആപ്പ് കൂട്ടായ്മകളിലും ഫെയ്‌സ്ബുക്കിലും മറ്റും വോയ്‌സ് ക്ലിപ്പ് പ്രചരിച്ചത്.

തന്നെ മന:പൂര്‍വം അവഹേളിക്കാനുദ്ദേശിച്ചാണ് പ്രചാരണമെന്നും ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ആരാധക സംഘമായ 'മഞ്ഞപ്പട'യുടെ ഭാരവാഹികളില്‍ ഒരാളാണ് വോയ്‌സ് ക്ലിപ്പിനു പിന്നിലെന്നും ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വിനീത് പരാതിയും നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിനീതിന്റെ ഭാഗത്തുനിന്ന് തെറ്റായ പെരുമാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി റാഫി രംഗത്തെത്തിയത്.