ആൻഫീൽഡിൽ താരമായി മക്ക മുഹമ്മദ് സല; ഉപ്പയുടെ പുരസ്‌കാര രാവിൽ കയ്യടി മകൾക്ക്

മൈതാന മധ്യത്തിൽ സല പ്രീമിയർ ലീഗിലെ ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് നിൽക്കെ ക്യാമറക്കണ്ണുകൾ സലയുടെ മകൾ മക്ക മുഹമ്മദ് സല എന്ന നാല് വയസ്സുകാരിയിലായിരുന്നു.

ആൻഫീൽഡിൽ താരമായി മക്ക മുഹമ്മദ് സല; ഉപ്പയുടെ പുരസ്‌കാര രാവിൽ കയ്യടി മകൾക്ക്

കളിക്കളത്തില്‍ അച്ഛനും ഗാലറിയില്‍ കുഞ്ഞുമകളും. ആരാധകര്‍ക്ക് ഇതില്‍പരം ഒരു കോമ്പിനേഷന്‍ കിട്ടാനില്ല. ധോണിക്കൊപ്പം ചുരുങ്ങിയ സമയം കൊണ്ട് ആരാധരുടെ ഇഷ്ടപാത്രമായി മാറിയിരുന്നു സിവ. സിവയുടെ കുസൃതികളും ഗാലറിയില്‍ അവളുടെ വികൃതികളും കളിക്കളത്തിലെ അച്ഛന്റെ പ്രകടനത്തെ പോലെ ആരാധകര്‍ ഇഷ്ടപെടാറുണ്ട്. ഇപ്പോഴിതാ മറ്റൊരു താരവും മകളും ലോകത്തിന്റെ മനം കവരുകയാണ്.

മുഹമ്മദ് സല എന്ന ഈജിപ്ഷ്യന്‍ താരമാണ് ഇപ്പോള്‍ ലിവര്‍പൂളിന്റെ താരം. പ്രീമിയര്‍ ലീഗില്‍ 32 ഗോളുകള്‍ നേടി പുതിയ റെക്കോർഡിട്ട സല തന്നെയാണ് ഗോള്‍ഡന്‍ ബൂട്ടിനും അര്‍ഹനായത്. ഗോള്‍വേട്ടക്കാരില്‍ കുതിക്കുന്ന സലയെ ഇഷ്ടപെടാന്‍ മറ്റൊരു കാരണം കൂടിയായി ആരാധകര്‍ക്ക്. സമ്മാനദാന ചടങ്ങിനിടയില്‍ സലയുടെ മകള്‍ ഗ്രൗണ്ടിലെത്തിയതാണ് ആരാധകരെ കൂടുതല്‍ രസിപ്പിച്ചത്.

മൈതാന മധ്യത്തിൽ സല പ്രീമിയർ ലീഗിലെ ഗോൾ വേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് നിൽക്കെ ക്യാമറക്കണ്ണുകൾ സലയുടെ മകൾ മക്ക മുഹമ്മദ് സല എന്ന നാല് വയസ്സുകാരിയിലായിരുന്നു. ടച്ച് ലൈനരികെ കൂടിക്കിടന്ന കുറേ പന്തുകൾക്കിടയിൽ ലിവർപൂളിന്റെ പതിനൊന്നാം നമ്പർ ജേഴ്സിയണിഞ്ഞ് മക്ക കളിച്ചു നടന്നു. സല പുരസ്‌കാരം വാങ്ങുന്ന കാഴ്ചക്കൊപ്പം മക്കയുടെ ഫുട്‍ബോൾ സ്കിൽസും ലോകം വീക്ഷിച്ചു.

നാലുവയസുകാരിയായ മക്ക മുഹമ്മദ് സല എന്ന കുസൃതിക്കാരി സ്റ്റേഡിയത്തിലെ ആരാധകരെ കുറച്ചുനേരം കൊണ്ട് കയ്യിലെടുത്തു. മൈതാനത്ത് സല പുരസ്‌ക്കാരം വാങ്ങുന്നതൊന്നും കൂടിയിരുന്ന കാണികള്‍ ശ്രദ്ധിക്കാതെയായി. എല്ലാ കണ്ണുകളും ആ കുഞ്ഞുമക്കയിലേക്ക്. അവള്‍ മൈതാനത്ത് അച്ഛനെ പോലെ പന്തു തട്ടി കളി തുടങ്ങി. ഇത് കണ്ട് നിന്ന ഇരുടീമിന്റെയും ആരാധകര്‍ നിറഞ്ഞ കയ്യടി.

അവാര്‍ഡ് സ്വീകരിച്ച സല എത്തിയപ്പോഴേക്കും മകള്‍ രംഗം കീഴടക്കിയിരുന്നു. ഇത് കണ്ട് ചിരിച്ച് മകളുടെ അടുത്തേക്കെത്തിയ സല അവള്‍ തട്ടിക്കൊണ്ടിരുന്ന പന്ത് തട്ടിയെടുത്തു. സലയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഗാലറിയുടെ ഗംഭീര കൂവൽ. അതോടെ ധൃതിയിൽ ഗാലറിയിലേക്ക് കയ്യുയർത്തി പന്ത് മകൾക്കു തന്നെ നൽകി സല നടന്നു. നടക്കുന്നതിനിടെ വീണ്ടും വീണ്ടും മകളെ തിരിഞ്ഞു നോക്കി സല ഒരു അച്ഛന്റെ കരുതൽ കാണിക്കുന്നതും വീഡിയോയിലുണ്ട്. ആദ്യമായിട്ടാവും സലയെ ആൻഫീൽഡ് കൂവി നേരിടുന്നത്. അതിനു കാരണമായത് സ്വന്തം മകളും. എന്തായാലും ഈ ഒരൊറ്റ സംഭവത്തോടെ ലോകത്തിന്റെ കുസൃതിക്കുട്ടിയായിരിക്കുകയാണ് മക്ക.





Read More >>