മൈക്കൽ സൂസൈരാജ്; കേരളത്തിൻറെ സെവൻസ് മൈതാനങ്ങളിൽ കളി പഠിച്ച മത്സ്യത്തൊഴിലാളി

അച്ഛനും അമ്മയും മരിച്ചു. മൂന്നു വീതം സഹോദരന്മാരും സഹോദരിമാരുമുണ്ട്. സഹോദരന്മാർ മൂന്നു പേരും ഫുട്ബോൾ താരങ്ങളാണ്.

മൈക്കൽ സൂസൈരാജ്; കേരളത്തിൻറെ സെവൻസ് മൈതാനങ്ങളിൽ കളി പഠിച്ച മത്സ്യത്തൊഴിലാളി

കളിച്ച നാലു മത്സരങ്ങളിൽ മൂന്നിലും എമർജിംഗ് പുരസ്കാരം എന്ന പകിട്ടുമായി നിൽക്കുകയാണ് മൈക്കൽ സൂസൈരാജ്. ജംഷഡ്പൂർ എഫ്സിക്ക് വേണ്ടി ഇടതു പാർശ്വത്തിൽ നടത്തുന്ന വിപ്ലവം തന്നെയാണ് ഇക്കൊല്ലത്തെ ഐഎസ്എൽ എമർജിംഗ് പ്ലെയർ എന്ന വിശേഷണത്തിലേക്ക് മൈക്കലിനെ അടുപ്പിച്ച് കൊണ്ടിരിക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ജംഷഡ്പൂരിൽ നടന്ന മത്സരത്തിൽ ബോക്സിൻ്റെ ഇടതു പാർശ്വത്തിൽ നിന്ന് മൂന്നോളം ഡിഫൻഡർമാരെ മറികടന്ന് അളന്നു മുറിച്ച ഒരു കർളിംഗ് ഗോൾ നേടിയ മൈക്കൽ ഭാവിയിലെ സൂപ്പർ സ്റ്റാറാണ് എന്ന കാര്യത്തിൽ തർക്കമില്ല. ഐഎസ്എല്ലിലെ തൻ്റെ ആദ്യ കരിയർ ഗോൾ ഏറെക്കുറെ അസാധ്യമായ ആംഗിളിൽ നിന്ന് തന്നെ മൈക്കൽ നേടി. മുഴുനീള ഡൈവ് ചെയ്ത നവീൻ കുമാറിന് പിടി നൽകാതെ ഒരു മഴവില്ലു കണക്കെ പോസ്റ്റിൻ്റെ മൂലയിലേക്ക് വളഞ്ഞിറങ്ങിയ പന്ത് ഒരു വിളംബരമായിരുന്നു.

കഴിഞ്ഞ ഐലീഗിൽ ചെന്നൈ സിറ്റി എഫ്സിക്ക് വേണ്ടി നടത്തിയ സമാനതകളില്ലാത്ത പ്രകടനങ്ങൾ തന്നെയാണ് മൈക്കലിലെ ഐഎസ്എല്ലിൻ്റെ ഗ്ലാമർ പോരാട്ടത്തിലേക്കെത്തിച്ചത്. ഐലീഗിലെ ഏറ്റവും മികച്ച മധ്യനിരക്കാരനുള്ള പുരസ്കാരം സ്വന്തമാക്കിയ മൈക്കൽ ടീമിനായി മൂന്ന് ഗോളുകളും സ്കോർ ചെയ്തിരുന്നു. തരം താഴ്ത്തൽ ഭീഷണിയിൽ നിന്നും ചെന്നൈ സിറ്റി എഫ്സിയെ ഏതാണ്ട് ഒറ്റയ്ക്ക് രക്ഷിച്ചെടുത്ത മൈക്കലിനെ ഐഎസ്എൽ ക്ലബുകൾ നോട്ടമിട്ടു തുടങ്ങി. തുടർന്ന് ജംഷഡ്പൂർ എഫ്സി മൈക്കലിനെ പാളയത്തിലെത്തിച്ചു. 2020 വരെയാണ് കരാർ.

പരിക്കു കാരണം ആദ്യ കളി പുറത്തിരുന്ന മൈക്കൽ തുടർന്നുള്ള നാല് മത്സരങ്ങളിലും ഫസ്റ്റ് ഇലവനിൽ ഇടം പിടിച്ചു. മികച്ച ഡ്രിബ്ലിംഗ് സ്കില്ലും അസാമാന്യ വേഗതയും അസാമാന്യമായ പന്തടക്കവും പ്രകടമാക്കുന്ന മൈക്കൽ തൻ്റെ വേഗത കൊണ്ട് എതിർ പ്രതിരോധം കീറിമുറിക്കാൻ മിടുക്കനാണ്. വിങ്ങിലൂടെ കുതിച്ചു കയറി ബോക്സിലേക്ക് എണ്ണം പറഞ്ഞ ക്രോസുകൾ നൽകാനും ടൈറ്റ് ആംഗിളുകളിൽ നിന്ന് പോസ്റ്റിലേക്ക് കൃത്യമായി ഷൂട്ട് ചെയ്യാനും മൈക്കലിനുള്ള കഴിവ് എതിർ ഡിഫൻഡർമാർക്കുണ്ടാക്കുന്ന പണി വളരെ വലുതാണ്.

കേരളാതിർത്തിയിൽ, പാറശാലയിൽ നിന്ന് 13 കിലോമീറ്റർ മാറി ഇരവിപുത്തൻ തറ എന്ന കടലോര ഗ്രാമമാണ് മൈക്കലിൻ്റെ സ്വദേശം. തിരുവനന്തപുരം ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം പിന്നീട് കന്യാകുമാരി ജില്ലയോടു ചേർത്ത് തമിഴ്നാട്ടിലായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളി കുടുംബമായിരുന്നു മൈക്കലിൻ്റേത്. അച്ഛനും അമ്മയും മരിച്ചു. മൂന്നു വീതം സഹോദരന്മാരും സഹോദരിമാരുമുണ്ട്. സഹോദരന്മാർ മൂന്നു പേരും ഫുട്ബോൾ താരങ്ങളാണ്. ഇതിൽ റെജിനും ജഗനും റെയിൽവേയിൽ ജോലി ലഭിച്ചു. തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിൽ ജോലി ചെയ്തു കൊണ്ടിരുന്ന ജഗൻ നാലു മാസം മുൻപ് ഒരു ബൈക്കപകടത്തിൽ മരണപ്പെട്ടു.

ഫുട്ബോൾ പ്രാന്തന്മാരായ ഇരവിപുത്തൻ തുറയിൽ കടപ്പുറത്ത് പന്തു കളിച്ചാണ് മൈക്കൽ വളർന്നത്. എട്ടാം ക്ലാസ് വരെ നാട്ടിൽ പഠിച്ച മൈക്കൽ ഒൻപതും പത്തും തിരുച്ചിറപ്പള്ളിയിലെ സ്പോർട്സ് ഹോസ്റ്റലിലായിരുന്നു. മദ്രാസ് കൃസ്ത്യൻ കോളേജിൽ ഡിഗ്രി പഠിക്കാൻ ചേർന്നതാണ് മൈക്കലിൻ്റെ ജീവിതത്തിലെ വഴിത്തിരിവ്. ചെന്നൈ സൂപ്പർ ഡിവിഷനിലെ മികച്ച പ്രകടനം മൈക്കലിനെ ഐലീഗിൽ ചെന്നൈ സിറ്റി എഫ്സിയിലെത്തിച്ചു. തമിഴ്നാടിനായി രണ്ടു തവണ സന്തോഷ് ട്രോഫി കളിച്ചു.

കേരളത്തിൽ, മലപ്പുറത്തെയും തൃശൂരിലെയും സെവൻസ് ഫുട്ബോൾ മൈതാനങ്ങളിൽ മൈക്കൽ ഒരു സ്ഥിരം കാഴ്ചയായിരുന്നു. അതുകൊണ്ട് തന്നെ നന്നായി മലയാളം സംസാരിക്കും. ഭാവി ഇന്ത്യൻ ടീമിൻ്റെ മധ്യനിരയിലേക്കാണ് ഈ 23കാരൻ്റെ യാത്ര. ഇനിയും വരാനിരിക്കുന്ന ഐഎസ്എൽ മത്സരങ്ങൾ അതിനൊരു കാരണമാകുമെന്ന് തന്നെ കരുതാം.

Story by
Read More >>