ജെറാർദിനെ ഇന്റർവ്യൂ ചെയ്ത് മലയാളിയായ ആറു വയസ്സുകാരൻ; ടീസർ പങ്കു വെച്ച് ലിവർപൂൾ ട്വിറ്റർ പേജ്

അവസരത്തിനായി അപേക്ഷിച്ച വിവിധ രാജ്യക്കാരായ അൻപതോളം കുട്ടികളിൽനിന്നാണ് ഐസിനെ തിരഞ്ഞെടുത്തത്.

ജെറാർദിനെ ഇന്റർവ്യൂ ചെയ്ത് മലയാളിയായ ആറു വയസ്സുകാരൻ; ടീസർ പങ്കു വെച്ച് ലിവർപൂൾ ട്വിറ്റർ പേജ്

മുൻ ഇംഗ്ലണ്ട് ടീം ക്യാപ്റ്റനും ദീർഘകാലം ലിവർപൂൾ നായകനുമായിരുന്ന സ്റ്റീവൻ ജെറാർദിനെ 'ഷൂട്ടൗട്ടിന്റെ' രസമറിയിച്ച് മലയാളി ബാലൻ. ജെറാർദിനെയും ടീം അംബാസിഡർ ഗാരി മക്കലിസ്റ്റെറിനെയുമാണ് മലപ്പുറം സ്വദേശിയായ ആറു വയസ്സുകാരൻ ഐസിൻ ഹാഷ് ഇന്റർവ്യൂ ചെയ്തത്. കളിക്കളത്തിൽ അനുഭവിച്ചിട്ടുള്ള ഷൂട്ടൗട്ട് ടെൻഷനുകളില്ലാതെ ലിവർപൂൾ ഇതിഹാസം ബാലന്റെ ചോദ്യങ്ങൾക്ക് ഉത്തരങ്ങളും നൽകി. കളിചിരികൾ നിറഞ്ഞ പത്ത‌ു മിനിറ്റ് അഭിമുഖത്തിന്റെ വിഡിയോ ഉടൻ പുറത്തിറങ്ങും.

ഫാൻസ് ക്ലബായ എൽഎഫ്സി വേൾഡിന്റെ പ്രചാരണാർഥം ദുബായിൽ എത്തിയതായിരുന്നു ലിവർപൂളിന്റെ ഇതിഹാസതാരങ്ങൾ. ടീമിന്റെ മുഖ്യ സ്പോൺസറായ സ്റ്റാൻഡേർഡ് ചാറ്റേർഡ് ബാങ്കിനു വേണ്ടിയായിരുന്നു അഭിമുഖം. അവസരത്തിനായി അപേക്ഷിച്ച വിവിധ രാജ്യക്കാരായ അൻപതോളം കുട്ടികളിൽനിന്നാണ് ഐസിനെ തിരഞ്ഞെടുത്തത്. അഹമ്മദ് എന്ന കഥാപാത്രമായി ഐസിൻ വരുന്ന അഭിമുഖത്തിന്റെ ടീസർ വിഡിയോ ലിവർപൂളിന്റെ ഔദ്യോഗിക ട്വിറ്ററിലും ബാങ്കിന്റെ പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ദുബായിൽ മാധ്യമരംഗത്തു പ്രവർത്തിക്കുന്ന നിലമ്പൂർ മൂത്തേടം സ്വദേശിയായ ഹാഷ് ജവാദിന്റെയും കോഴിക്കോട് നല്ലളം സ്വദേശി മുല്ലവീട്ടിൽ നസീഹയുടെയും മകനാണ് കെജി വിദ്യാർഥിയായ ഐസിൻ. യുഎഇയിലെ പ്രമുഖ കിഡ് മോഡൽ കൂടിയാണ് ഐസിൻ. ഐകിയ, ഡു മൊബൈൽ, പീഡിയഷുവർ, ബേബി ഷോപ്, കാപ്രിസൺ ജൂസ് തുടങ്ങിയ ഒരു ഡസനിലേറെ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ചു.

പ്രമുഖ ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റായ ഷട്ടർ സ്റ്റോക്കിനുവേണ്ടി ഇറ്റാലിയൻ ഫൊട്ടോഗ്രഫർമാരായ ഫാബിയോ, ക്രിസ്റ്റിയാനോ എന്നിവർ 2018ലെ മിഡിൽ ഈസ്റ്റ് കിഡ് മോഡലായി തിരഞ്ഞെടുത്തതും ഐസിനെയാണ്.Read More >>