പരീക്ഷണങ്ങൾ കൊണ്ട് തുലയ്ക്കപ്പെടുന്ന ബ്ലാസ്റ്റേഴ്സ്; എന്താണ് ഡേവിഡ് ജെയിംസിൻറെ തന്ത്രം

ടാക്ടിക്കൽ മാനേജർ എന്ന നിലയിൽ ജെയിംസ് സമ്പൂർണ്ണ പരാജയമാണ്. സികെ വിനീത് എന്ന ശരാശരി കളിക്കാരനെ ടീമിൽ നിർത്തി, സഹൽ, പോപ്ലാറ്റ്നിക്ക് തുടങ്ങി ടീമിലെ മികച്ച കളിക്കാരെ പുറത്തിരുത്തുന്നതും എന്തിനാണെന്ന് മനസ്സിലാവുന്നില്ല.

പരീക്ഷണങ്ങൾ കൊണ്ട് തുലയ്ക്കപ്പെടുന്ന ബ്ലാസ്റ്റേഴ്സ്; എന്താണ് ഡേവിഡ് ജെയിംസിൻറെ തന്ത്രം

കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ ഈ സീസണിലെ പ്രകടനം ദയനീയമായി തുടരുകയാണ്. 6 മത്സരങ്ങളിൽ നിന്ന് ഒരു ജയവും നാല് സമനിലകളും ഒരു തോൽവിയുമാണ് നമ്മുടെ സമ്പാദ്യം. പോയിൻ്റ് പട്ടികയിൽ അഞ്ചാമത്. സീസൺ തുടക്കത്തിലെ സൈനിംഗുകൾ കണ്ടപ്പോൾ ഈ ടീം പൊളിക്കുമെന്ന് തോന്നിയതാണ്. അങ്ങനെ പൊളിക്കാൻ പറ്റിയ ഒരു ടീം തന്നെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ്. എന്നിട്ടും എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്?

ഐഎസ്എൽ ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് എടികെയെ പഞ്ഞിക്കിട്ട് രാജകീയമായാണ് നമ്മൾ തുടങ്ങിയത്. ആശാൻ്റെ നെഞ്ചത്ത് ആദ്യ വെടി പൊട്ടിച്ചു എന്ന ആഘോഷത്തെക്കാളേറെ വളരെ സെറ്റായ മികച്ച ഒരു ടീം നമുക്കുണ്ട് എന്നതായിരുന്നു അപ്പോൾ സന്തോഷം. ഈ ടീം നിരാശപ്പെടുത്തില്ലെന്ന് തോന്നി. രണ്ടാം മത്സരം മുംബൈക്കെതിരെ. ആദ്യ മത്സരത്തിലെ 4-1-4-1 എന്ന ആക്രമണ ഫോർമേഷൻ മാറ്റിയ ജെയിംസ് പ്രതിരോധത്തിന് ഊന്നൽ നൽകി 4-2-3-1 എന്ന ഫോർമേഷനിലാണ് മുംബൈക്കെതിരെ ടീം വിന്യസിച്ചത്. കളി ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ആ കളിയും മോശമായിരുന്നില്ല. രണ്ടാം പകുതിയുടെ ഇഞ്ചുറി സമയം വരെ ഒരു ഗോളിനു മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത് 93ആം മിനിട്ടിലാണ്. അതും അവിശ്വസനീയമായ ഒരു ഗോൾ.

ഡെൽഹിക്കെതിരെ നടന്ന അടുത്ത മത്സരം മുതലാണ് ഡേവിഡ് ജെയിംസ് പരീക്ഷണം തുടങ്ങിയത്. ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിൻ്റെ പര്യവസാനം സ്റ്റൊജാനോവിച്ചും പോപ്ലാട്നിക്കും ചേർന്ന ബാൾട്ടിക്ക് സഖ്യത്തിൻ്റെ അണ്ടർസ്റ്റാൻഡിംഗിൽ ഭദ്രമായിരിക്കെയാണ് പോപ്ലാറ്റ്നിക്കിനെ പുറത്തിരുത്തി ജെയിംസ് അപകടകരമായ പരീക്ഷണം നടത്തിയത്. സികെ വിനീത് എന്ന കളിക്കാരൻ എത്ര മാത്രം മികച്ച കളിക്കാരനാണെന്ന ചോദ്യത്തിന് പലപ്പോഴായി അയാൾ മറുപടി നൽകിയിട്ടുണ്ട്. ടാപ്പിൻ ഗോളുകൾ കൊണ്ട് മാത്രം തൻ്റെ സാന്നിധ്യം അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന വിനീത് പോപ്ലാറ്റ്നിക്കിനു പകരം ഫസ്റ്റ് ഇലവനിൽ ഇടം പിടിച്ചു. ഒരു ഗോൾ കൊണ്ട് ആ തീരുമാനത്തെ വിനീത് ശരി വെച്ചുവെങ്കിലും അയാൾ പാഴാക്കിക്കളഞ്ഞ ചാൻസുകളും ദുർബലമായ ഷോട്ടുകളും ബ്ലാസ്റ്റേഴ്സിനു നഷ്ടം തന്നെയാണ് സമ്മാനിച്ചത്. രണ്ടാം പകുതിയിൽ പോപ്ലാറ്റ്നിക്ക് കളത്തിലിറങ്ങിക്കഴിഞ്ഞ് ആക്രമണങ്ങൾക്ക് മൂർച്ച കൂടിയെങ്കിലും ഗോളുകൾ അകന്ന് നിന്നു. കളിയുടെ അവസാനം, 84ആം മിനിട്ടിൽ ഒരു ഗോൾ തിരിച്ചടിച്ച് ഡെൽഹി സമനില പിടിച്ചു.

ജംഷഡ്പൂരുമായുള്ള അടുത്ത മത്സരത്തിൽ സികെ വിനീതിനായി മാറി നിൽക്കേണ്ടി വന്നത് സഹലിനായിരുന്നു. ബ്ലാസ്റ്റേഴ്സ് മധ്യനിരയുടെ ക്രിയേറ്റിവിറ്റി പേറുന്ന സഹലിനെ ഒഴിവാക്കി ഒരു ഫസ്റ്റ് ഇലവൻ എന്ത് ചിന്ത മുൻനിർത്തിയാണ് ജെയിംസ് ഇറക്കിയതെന്ന് ഇപ്പോഴും സംശയമാണ്. ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ ഏറ്റവും മികച്ച കളിക്കാരൻ എന്ന് നിസ്സംശയം വിളിക്കാവുന്ന സഹൽ ഇല്ലാതെയിറങ്ങിയ ബ്ലാസ്റ്റേഴ്സ് ബോൾ വിതരണത്തിലെ ദാരിദ്ര്യം നന്നായി അനുഭവിച്ചു. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ സഹലിൻ്റെയും ദൗങ്കലിൻ്റെയും വരവോടെയാണ് ശ്വാസം വിട്ടു തുടങ്ങിയത്. സഹലിൻ്റെ എണ്ണം പറഞ്ഞ ത്രൂ ബോളുകൾ ജംഷഡ്പൂരിന് ഭീഷണിയാകുന്നത് നാം കണ്ടു. രണ്ട് ഗോളുകൾ തിരിച്ചടിച്ച് നമ്മൾ കളി സമനിലയാക്കി. തിരിച്ചടിച്ച രണ്ടിലൊരു ഗോൾ വിനീതിൻ്റെ ബൂട്ടിൽ നിന്നായിരുന്നു എന്നതാണ് മത്സരത്തിൻ്റെ മറ്റൊരു സവിശേഷത. അതും ഒരു ടാപ്പിൻ ഗോൾ.

പൂനെയുമായി നടന്ന അടുത്ത മത്സരത്തിലും വിനീത് ഫസ്റ്റ് ഇലവനിൽ ഉൾപ്പെട്ടു. 29 ഷോട്ടുകൾ, അവയിൽ എട്ടെണ്ണം ഓൺ ടാർഗറ്റ്, 81% കൃത്യതയിൽ 441 പാസുകൾ, 14 കോർണറുകൾ എന്നിവയുടെ ധാരാളിത്തത്തിലും നമ്മൾക്ക് ലഭിച്ച റിസൽട്ട് 1-1 സമനിലയായിരുന്നു. റഫറിയിങ്ങിൻ്റെ ഏറ്റവും മോശം പ്രകടനം കണ്ട മത്സരത്തിൽ വിജയം നമുക്ക് നിഷേധിക്കപ്പെട്ടതാണെന്ന് പറഞ്ഞാലും തെറ്റില്ല. വലയ്ക്കുള്ളിൽ കയറിയ പന്ത് ഗോളനുവദിക്കാതിരുന്നത് മാത്രമല്ല, ബോക്സിനുള്ളിൽ, വലയ്ക്കുള്ളിൽ കിടന്ന് എമിലിയോ അൽഫാരോ പന്ത് കൈ കൊണ്ട് കെട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്തിട്ടും റെഡ് കാർഡോ പെനാൽട്ടിയോ അനുവദിക്കാതിരുന്നതും നമുക്ക് ക്ഷീണമായി. പൂനെയ്ക്ക് അനുകൂലമായി ഒരു പെനാൽട്ടി അനുവദിച്ചതും റഫറിയിങ്ങിൻ്റെ പിഴവായിരുന്നു. അൽഫാരോ പന്ത് പുറത്തേക്കടിച്ചുവെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ത്യൻ റഫറിമാരുടെ ദയനീയ പ്രകടനം വീണ്ടും ചോദ്യം ചെയ്യപ്പെടുന്ന കാഴ്ചയാണ് ഈ മത്സരത്തിൽ കണ്ടത്. ഒരു ഗോൾ തിരിച്ചടിച്ച് ക്രമാരോവിച്ച് മത്സരം സമനിലയാക്കിയെകിലും റഫറി നമുക്ക് ജയം നിഷേധിക്കുകയായിരുന്നുവെന്ന് നിസ്സംശയം പറയാം.

ഇന്നലെ ബെംഗളുരുവുമായി നടന്ന മത്സരവും റഫറിയിങ്ങിൻ്റെ പിഴവു കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ബെംഗളുരുവിനായി ആദ്യ ഗോൾ നേടിയ ഛേത്രി കൃത്യമായി ഓഫ് സൈഡ് പൊസിഷനിലായിരുന്നിട്ടും ലൈൻസ്മാൻ അത് കാണാതെ പോയി. ക്രമാരോവിച്ചിൻ്റെ സെൽഫ് ഗോളോടെ ദൗർഭാഗ്യവും നമ്മോടൊപ്പമാണെന്ന് കൃത്യമായി മനസ്സിലാവുകയും ചെയ്തു. പതിവു പോലെ ഡേവിഡ് ജെയിംസ് വീണ്ടും ഫസ്റ്റ് ഇലവൻ മാറ്റി മറിച്ചു. പോപ്ലാറ്റ്നിക്കിനു പകരം പ്രശാന്ത് ഫസ്റ്റ് ഇലവനിൽ ഇടം പിടിച്ചു. ബെംഗളുരു മോശമായി കളിച്ചതാണോ നമ്മൾ നന്നായി കളിച്ചതാണോ എന്ന സംശയം ഉണ്ടായിരുന്നുവെങ്കിലും അതിഥികൾക്കു മുന്നിൽ തരക്കേടില്ലാത്ത പോരാട്ട വീര്യം നമ്മൾ കാഴ്ച വെച്ചിരുന്നു.

ഡേവിഡ് ജെയിംസ് നല്ല ഒരു കോച്ചല്ല എന്ന വസ്തുത തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. അയാൾ നല്ല ഒരു മെൻ്ററാണ്. മാസ് ഡയലോഗുകളടിച്ച് ടീം സ്പിരിറ്റ് ഉയർത്താൻ അയാൾക്ക് നല്ല മിടുക്കാണ്. അതിൽ മാത്രമാണ് മിടുക്ക്. അസിസ്റ്റൻ്റുകളുടെ വാക്കുകൾക്ക് അയാൾ എത്ര മാത്രം വില കൊടുക്കുന്നുണ്ടെന്ന് സംശയമാണ്. ടാക്ടിക്കൽ മാനേജർ എന്ന നിലയിൽ ജെയിംസ് സമ്പൂർണ്ണ പരാജയമാണ്. വലിയ മോശമല്ലാതെ കളിക്കുന്ന ഒരു ടീമിൻ്റെ ഫസ്റ്റ് ഇലവൻ ഓരോ കളിയിലും മാറ്റി പരീക്ഷിക്കുന്നതിനു പിന്നിലെ ചേതോവികാരം മനസ്സിലാവുന്നില്ല. സികെ വിനീത് എന്ന ശരാശരി കളിക്കാരനെ ടീമിൽ നിർത്തി, സഹൽ, പോപ്ലാറ്റ്നിക്ക് തുടങ്ങി ടീമിലെ മികച്ച കളിക്കാരെ പുറത്തിരുത്തുന്നതും എന്തിനാണെന്ന് മനസ്സിലാവുന്നില്ല. കളിയുടെ അവസാന ക്വാർട്ടറിൽ മാത്രം കളത്തിലിറങ്ങേണ്ട ഒരു പ്ലെയറാണ് വിനീത്. അങ്ങനൊരു കളിക്കാരനു വേണ്ടിയാണ് ടീമിലെ ഏറ്റവും മികച്ച കളിക്കാരെ മാറ്റി നിർത്തുന്നത്. ഇന്ത്യൻ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യവും ഇന്ന് ഇന്ത്യയിലെ ഏറ്റവും വില കൂടിയ പ്രതിരോധ താരങ്ങളിൽ ഒരാളുമായ അനസിനെ പുറത്തിരുത്തുന്നതിനു പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല. സെൻ്റർ ബാക്ക് പൊസിഷനിൽ ലാക്കിക് പെസിച്ചിനെക്കാൾ നല്ല ഓപ്ഷൻ അനസ് തന്നെയായിട്ടും എന്തു കൊണ്ടാവും ജെയിംസ് അനസിനെ പുറത്തു നിർത്തിയിരിക്കുന്നത്?ദീപേന്ദ്ര നെഗിയെയും ഇതുവരെ ജെയിംസ് ഉപയോഗിച്ചിട്ടില്ല.

കഴിഞ്ഞ സീസണിൽ റെനെ മ്യൂലസ്റ്റീൻ്റെ പരാജയത്തെത്തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ്റെ റോളണിഞ്ഞ ജെയിംസ് കളിക്കളത്തിൽ പ്രയോഗിച്ച തന്ത്രം എന്താണെന്ന് ബെർബറ്റോവ് പറഞ്ഞിരുന്നു. ചക്കയും മുയലും ചേർന്ന കുറച്ച് മോശമല്ലാത്ത റിസൾട്ടുകൾ കണ്ട് കണ്ണ് മഞ്ഞളിച്ചു പോയ ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് ജെയിംസുമായി 3 വർഷത്തെ കരാർ ഒപ്പിട്ടതോടെ തലയ്ക്കടി കിട്ടിയത് കളി പ്രേമികൾക്കാണ്. ഭാവിയിലേക്കുള്ള ടീമാണിത് എന്ന് ജെയിംസ് ആവർത്തിക്കുന്നുണ്ടെങ്കിലും സീസണിൽ ടോപ്പ് ഫോറിലെങ്കിലും ഫിനിഷ് ചെയ്യാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. ഐഎൽഎൽ പോലെ ദൈർഘ്യം കുറഞ്ഞ ഒരു ലീഗിൽ പരീക്ഷണങ്ങൾക്ക് ഒരു പരിധി വരെയേ സ്ഥാനമുള്ളൂ. പരീക്ഷണങ്ങൾക്കുള്ള സമയം കഴിഞ്ഞു. തുടർച്ചയായ മോശം പ്രകടത്തെക്കാൾ ഡേവിഡ് ജെയിംസിൻ്റെ മോശം ടീം സെലക്ഷൻ്റെ പേരിലാണ് ആരാധകർക്ക് അമർഷം.

Read More >>