പ്രതിഷേധ സൂചകമായി ഉയർത്തിയ ബാനറുകൾ നീക്കം ചെയ്യണമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ്; ഗ്യാലറിയിൽ വാക്കുതർക്കം

'സപ്പോർട്ടേഴ്സ്, നോട്ട് കസ്റ്റമേഴ്സ്', 'വീ ഡിസർവ് ബെറ്റർ' തുടങ്ങിയ ബാനറുകൾ നീക്കം ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം

പ്രതിഷേധ സൂചകമായി ഉയർത്തിയ ബാനറുകൾ നീക്കം ചെയ്യണമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ്; ഗ്യാലറിയിൽ വാക്കുതർക്കം

ടീമിൻ്റെ തുടർച്ചയായ മോശം പ്രകടനങ്ങളിൽ പ്രതിഷേധിച്ചു കൊണ്ട് ഗ്യാലറിയിൽ ഉയർത്തിയ ബാനറുകൾ നീക്കം ചെയ്യണമെന്ന കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റിൻ്റെ ആവശ്യം വാക്കു തർക്കത്തിൽ കലാശിച്ചു. കഴിഞ്ഞ ദിവസം ജംഷഡ്പൂർ എഫ്സിക്കെതിരായി കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം.

സ്റ്റേഡിയത്തിൻ്റെ ഈസ്റ്റ് ഗാലറിയിൽ ഉയർത്തിയ ബാനറുകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായാണ് ബാസ്റ്റേഴ്സ് മാനേജ്മെൻ്റിൻ്റെ പ്രതിനിധികൾ എത്തിയത്. 'സപ്പോർട്ടേഴ്സ്, നോട്ട് കസ്റ്റമേഴ്സ്', 'വീ ഡിസർവ് ബെറ്റർ' തുടങ്ങിയ ബാനറുകൾ നീക്കം ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ നീക്കം ചെയ്യാൻ സാധിക്കില്ലെന്ന് ആരാധകർ വ്യക്തമാക്കിയതോടെ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു.

ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും ശുഷ്കമായ കാണികൾക്കാണ് കഴിഞ്ഞ ദിവസം കൊച്ചി സാക്ഷ്യം വഹിച്ചത്. വെറും 8451 പേരാണ് കളി കാണാൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്. താരതമ്യേന മികച്ച കളി ബ്ലാസ്റ്റേഴ്സ് കെട്ടഴിച്ചുവെങ്കിലും ഓരോ ഗോൾ വീതമടിച്ച് കളി സമനില പാലിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്സിൻ്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. തുടർന്നും ആരാധകർ ഹോം മത്സരങ്ങൾ ബഹിഷ്കരിക്കാനാണ് സാധ്യത.