പ്രളയ ദുരിതാശ്വാസം; കൊച്ചിയിൽ അന്താരാഷ്ട്ര ഫുട്ബോൾ മത്സരം

ബെല്‍ജിയം ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ഡിസംബറിന് മുൻപു തന്നെ മത്സരം സംഘടിപ്പിക്കും.

പ്രളയ ദുരിതാശ്വാസം; കൊച്ചിയിൽ അന്താരാഷ്ട്ര ഫുട്ബോൾ മത്സരം

പ്രളയ ദുരിതാശ്വാസ ധനശേഖരണത്തിനായി കൊച്ചിയില്‍ അ‌ന്താരാഷ്ട്ര ഫുട്ബോള്‍ മത്സരം വരുന്നു. ഇന്ത്യയും മറ്റൊരു രാജ്യവുമായിട്ടാകും മത്സരം. ധനശേഖരണത്തിനായി തിരുവനന്തപുരത്ത് ഒരു ക്രിക്കറ്റ് മത്സരവും സംഘടിപ്പിക്കും.

കൊച്ചിയില്‍ അ‌ന്താരാഷ്ട്ര ഫുട്ബോള്‍ മത്സരം നടത്താനായി സര്‍ക്കാര്‍ തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് കേരള ഫുട്ബോള്‍ അ‌സോസിയേഷന്‍ (കെഎഫ്‌എ) പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ സ്ഥിരീകരിച്ചു. അ‌ന്താരാഷ്ട്ര മത്സരത്തിനായി ഇന്ത്യ മൂന്ന് രാജ്യങ്ങളെ സമീപിച്ചിട്ടുണ്ടെന്നാണ് കെഎഫ്‌എ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ബെല്‍ജിയം ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ഡിസംബറിന് മുൻപു തന്നെ മത്സരം സംഘടിപ്പിക്കും.

ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്‌എഫ്) ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും അ‌ദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ 2018 സീസണ്‍ ക്യാമ്പയിൻ ലോഞ്ച് ചടങ്ങിനെത്തിയപ്പോഴാണ് കെഎഫ്‌എ പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നിലവില്‍ ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഇന്ത്യക്കെതിരെ മത്സരിക്കുന്ന രാജ്യവും തീയതിയും പിന്നീടേ തീരുമാനിക്കൂ. ഐഎസ്‌എല്‍ നടക്കുന്ന സമയമാണെങ്കില്‍ പോലും മത്സര തീയതികള്‍ മാറ്റിവെച്ച്‌ അ‌ന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കും. ഇക്കാര്യം കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി സംസാരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ ഇനി റിലയന്‍സിനെയും ബന്ധപ്പെടാനുണ്ടെന്നും കെ.എം.ഐ.മേത്തര്‍ വ്യക്തമാക്കി.

Read More >>