കോടിഫ് കപ്പ്; അർജൻ്റീനയെ തോല്പിച്ച് ഇന്ത്യക്ക് ചരിത്ര വിജയം

പത്ത് പേരായി ചുരുങ്ങിയ ഇന്ത്യ അർജൻ്റീനയ്ക്കു മുന്നിൽ വിറച്ചു തുടങ്ങിയെങ്കിലും കളിയുടെ ഗതിക്ക് വിപരീതമായി 68ആം മിനിട്ടിൽ വീണ ഗോൾ ഇന്ത്യക്ക് വീണ്ടും മേൽക്കൈ നൽകി.

കോടിഫ് കപ്പ്; അർജൻ്റീനയെ തോല്പിച്ച് ഇന്ത്യക്ക് ചരിത്ര വിജയം

ഇന്ത്യൻ ഫുട്ബോളിന് ചരിത്ര വിജയം. സ്പെയിനിൽ നടക്കുന്ന കോടിഫ് കപ്പിൽ ഇന്ത്യൻ ദേശീയ ടീം തോൽപ്പിച്ചത് കാല്പന്ത് കളിയിലെ വമ്പന്മാരായ അർജന്റീനയെ ആണ്. ലാറ്റിനമേരിക്കൻ ശക്തികളുടെ അടുത്ത തലമുറയെയാണ് ഇന്ത്യ തകർത്തത്. ഇന്ത്യൻ അണ്ടർ 20 ടീമാണ് ഈ സ്വപ്ന രാത്രി ഇന്ത്യക്ക് സമ്മാനിച്ചത്.

കോടിഫ് കപ്പിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരു‌ന്നു ഇന്ത്യയുടെ വിജയം. തുടക്കത്തിൽ ഒരു ഗോളീലൂടെ അർജന്റീനയെ ഞെട്ടിച്ചതാണ് ഇന്ത്യയെ വിജയം വരെ എത്തിച്ചത്. നാലാം മിനുട്ടിൽ ദീപകിന്റെ ഹെഡർ അർജന്റീനൻ ഗോളിയെ മറികടന്ന് ഇന്ത്യക്ക് ലീഡ് നൽകുകയായിരുന്നു‌. ആ ലീഡിൽ പിടിച്ചു നിന്ന ഇന്ത്യ ആദ്യ പകുതി അവസാനിക്കും വരെ ലീഡ് കാത്തു സൂക്ഷിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ അനികേതിന് ചുവപ്പ് കാർഡ് കിട്ടിയത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. പത്ത് പേരായി ചുരുങ്ങിയ ഇന്ത്യ അർജൻ്റീനയ്ക്കു മുന്നിൽ വിറച്ചു തുടങ്ങിയെങ്കിലും കളിയുടെ ഗതിക്ക് വിപരീതമായി 68ആം മിനിട്ടിൽ വീണ ഗോൾ ഇന്ത്യക്ക് വീണ്ടും മേൽക്കൈ നൽകി. അൻവർ അലിയുടെ ഒരു ലോംഗ് റേഞ്ചറാണ് ഇന്ത്യയെ 2-0 എന്ന എന്ന സുരക്ഷിതമായ നിലയിലെത്തിച്ചത്. അവസാന ഘട്ടത്തിൽ ഒരു ഗോൾ മടക്കി അർജന്റീന ഇന്ത്യക്ക് ഭീഷണി ഉയർത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചു നിന്ന് ചരിത്ര ജയം ഉറപ്പിക്കുകയായിരു‌ന്നു.

ഇന്ത്യൻ അണ്ടർ 16 ടീം ഏഷ്യൻ ചാമ്പ്യന്മാരായ ഇറാനെ തോൽപ്പിച്ച അതേ രാത്രിയാണ് അണ്ടർ 20 ടീം അർജന്റീനയെയും തോൽപ്പിച്ചത് എന്നത് ഇരട്ടി മധുരമായി. കോടിഫ് കപ്പിൽ കഴിഞ്ഞ മത്സരത്തിൽ വെനിസ്വേലയെ സമനിലയിൽ പിടിക്കാനും ഇന്ത്യക്കായിരുന്നു. ഇന്ന് ജയിച്ചു എങ്കിലും ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായി. 9 പോയന്റോടെ അർജന്റീനയും 7 പോയന്റോടെ വെനിസ്വേലയുമാണ് ഗ്രൂപ്പ് ഘട്ടം കടന്നത്.

Read More >>