35 വാര അകലെ നിന്നും ഒരു കിടിലൻ ഗോൾ; യൂറോപ്യൻ ലീഗിലല്ല ഐലീഗിലാണ്: വീഡിയോ

സ്ഥാനം തെറ്റി നിൽക്കുന്ന ഗോൾകീപ്പർ ഗുർപ്രീതിൻ്റെ തലയ്ക്ക് മുകളിലൂടെ പന്ത് ചാഞ്ഞിറങ്ങിയപ്പോൾ...

35 വാര അകലെ നിന്നും ഒരു കിടിലൻ ഗോൾ; യൂറോപ്യൻ ലീഗിലല്ല ഐലീഗിലാണ്: വീഡിയോ

ഐലീഗിൽ അത്ഭുതമായി 35 വാര അകലെ നിന്നും നേടിയ ഗോൾ. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സിറ്റി എഫ്സി-ഐസ്വാൾ എഫ്സി മത്സരത്തിലാണ് അവിശ്വസനീയമെന്ന് വിശേഷിപ്പിക്കാവുന്ന ഗോൾ പിറന്നത്. ചെന്നൈ സിറ്റി എഫ്സി താരം പെഡ്രോ മാൻസിയായിരുന്നു ഗോൾ സ്കോറർ.

മത്സരത്തിൻ്റെ 60ആം മിനിട്ടിലായിരുന്നു വണ്ടർ ഗോൾ പിറന്നത്. ഐസ്വാൾ എഫ്സിയുടെ ഒരു കൗണ്ടർ അറ്റാക്ക് ഫലപ്രദമായി പ്രതിരോധിച്ച ചെന്നൈ സിറ്റി എഫ്സി കൗണ്ടർ അറ്റാക്കിലൂടെയാണ് സ്കോർ ചെയ്തത്. വലതു വിങ്ങിൽ ഹാഫ് ലൈനിനു തൊട്ടടുത്തു വെച്ച് ജെസുരാജിൽ നിന്ന് പന്ത് സ്വീകരിച്ച മാൻസി മാർക്ക് ചെയ്ത ഒരു ഡിഫൻഡറെ വെട്ടിയൊഴിഞ്ഞ് ആംഗിൾ ക്ലോസ് ചെയ്യാൻ പാഞ്ഞടുത്ത മറ്റൊരു ഡിഫൻഡറുടെ തലയ്ക്ക് മുകളിലൂടെ പോസ്റ്റിലേക്ക് പന്ത് തൊടുത്തു. സ്ഥാനം തെറ്റി നിൽക്കുന്ന ഗോൾകീപ്പർ ഗുർപ്രീതിൻ്റെ തലയ്ക്ക് മുകളിലൂടെ പന്ത് ചാഞ്ഞിറങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ കാണികളും കളിക്കാരും കമൻ്റേറ്റർമാരും വരെ സ്തബ്ധരായി.

ഈ അത്ഭുത ഗോൾ ഉൾപ്പെടെ രണ്ട് ഗോളുകണാണ് മത്സരത്തിൽ പെഡ്രോ മാൻസി സ്കോർ ചെയ്തത്. സാൻഡ്രോ റോഡ്രിഗസും ഇരട്ട ഗോളുകൾ കണ്ടെത്തിയ മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ചെന്നൈ സിറ്റി ജയിച്ചു കയറിയത്. ലീഗിൽ ഒന്നാം സ്ഥാനത്താണ് ചെന്നൈ സിറ്റി എഫ്‌സി.


Read More >>