ഇറ്റലിയിലെ ജിഡിഇ ബെർട്ടോണി; ഫുട്‍ബോൾ ലോകകപ്പിന്റെ നിർമാതാക്കളുടെ കഥ

53 കമ്പനികൾ കരാറുമായി ഫിഫയെ സമീപിച്ചു. ഇവരിൽ നിന്നും ഫിഫ ജിഡിഇ ബെർട്ടോണിയെ തെരഞ്ഞെടുത്തു.

ഇറ്റലിയിലെ ജിഡിഇ ബെർട്ടോണി; ഫുട്‍ബോൾ ലോകകപ്പിന്റെ നിർമാതാക്കളുടെ കഥ

ഇറ്റലിയിലെ മിലാനിൽ ഒരു കൊച്ചു കമ്പനിയുണ്ട്. ട്രോഫിയും മെഡലുമൊക്കെ നിർമിക്കുന്ന ജിഡിഇ ബെർട്ടോണി. ലോകത്തെ അനേകലക്ഷം ട്രോഫി നിർമാതാക്കളിൽ പെട്ട ഒരു കമ്പനി മാത്രമായി ഒതുങ്ങിപ്പോകുമായിരുന്ന ജിഡിഇ ബെർട്ടോണിയുടെ തലവര മാറുന്നത് 1971 ലാണ്. ആ വർഷം യൂൾസ്റിമെ ട്രോഫി ഫിഫ ലോകകപ്പായി പരിണമിച്ചപ്പോൾ അതിനൊരു പുതിയ ട്രോഫി വേണ്ടി വന്നു. ഫിഫ ലോകമെങ്ങും നിന്ന് നിർദേശങ്ങൾ ക്ഷണിച്ചു. 53 കമ്പനികൾ കരാറുമായി ഫിഫയെ സമീപിച്ചു. ഇവരിൽ നിന്നും ഫിഫ ജിഡിഇ ബെർട്ടോണിയെ തെരഞ്ഞെടുത്തു.

'​​'ഞങ്ങൾ മാത്രമാണ് ഒരു നിർമിത മാതൃകയുമായി ഫിഫയെ സമീപിച്ചത്. അതു ഗുണമായി''– കമ്പനിയുടെ ഡയറക്ടർ വാലെന്റിന ലോസ പറയുന്നു.

അക്കൊല്ലം മുതൽ ജേതാക്കൾക്കുള്ള ട്രോഫി നിർമിച്ചു കൊണ്ടിരിക്കുന്നത് ജിഡിഇ ബെർട്ടോണിയാണ്. കമ്പനിയിലെ ആർട്ട് ഡയറക്ടറായിരുന്ന സിൽവിയോ ഗസ്നിയാണ് ഇന്നു കാണുന്ന ഫിഫ ലോകകപ്പ് ട്രോഫി ഡിസൈൻ ചെയ്തത്. മൂന്നുവട്ടം ലോക ജേതാക്കളായതിനാൽ ഫിഫ ലോകകപ്പിനു മുൻപുണ്ടായിരുന്ന യൂൾസ്റിമെ ട്രോഫി എന്നന്നേക്കുമായി കൈവശം വയ്ക്കാൻ ബ്രസീൽ അവകാശം നേടിയതോടെയാണു പുതിയ ട്രോഫി വേണ്ടിവന്നത്.

1938ൽ വാലെന്റിനയുടെ മുത്തച്ഛനാണ് ബെർട്ടോണി കമ്പനി സ്ഥാപിച്ചത്. 1971ൽ സിൽവിയോ ഗസ്നി ആദ്യമായി നിർമിച്ച ട്രോഫി ഇപ്പോഴും ഫിഫയുടെ കൈവശമാണ്. ലോകകപ്പ് ട്രോഫി ടൂറിനു മാത്രമാണ് അത് ഉപയോഗിക്കുന്നത്. ഓരോ ലോകകപ്പിലും ജേതാക്കൾക്കു സമ്മാനിക്കുന്നതു വെങ്കലത്തിൽ നിർമിച്ചു സ്വർണം പൂശിയ മറ്റൊരു ട്രോഫിയാണ്. ചൈനക്കാർ നിർമിക്കുന്നപോലെ ചെറിയ മോഡലല്ല ഇത്. യഥാർഥ ട്രോഫിയുടെ അത്രയും തന്നെ (38.5 സെ.മീ) വലുപ്പമുള്ളതാണ്.

എല്ലാ ലോകകപ്പ് വർഷത്തിലും ഫിഫ ആദ്യ ട്രോഫിയും മിലാനിലേക്ക് അയച്ചുകൊടുക്കും. തേച്ചുമിനുക്കി നന്നാക്കിയെടുക്കാൻ. വികാരാധീനതയോടെയാണു ഞങ്ങൾ അതു കൈകാര്യം ചെയ്യാറുള്ളത്–കമ്പനിയിലെ ജോലിക്കാരിലൊരാളായ പിയെത്രോ ബ്രാംബ്ലിയ പറയുന്നു. 2006ൽ ഇറ്റലി ലോകജേതാക്കളായപ്പോൾ രണ്ടു ട്രോഫിയും ഒന്നിച്ച് ഇവിടെയെത്തി. ഒറിജിനലേത്, ഡൂപ്ലിക്കേറ്റേത് എന്നു തിരിച്ചറിയാതെ!

Read More >>