സിദാനില്ല, പക്ഷേ എംബാപ്പെയുണ്ട്; 12 വർഷത്തിനു ശേഷം ഫ്രാൻസ് ഫൈനലിൽ

എംബാപ്പെയുടെ വേഗതയെയും പോഗ്ബയുടെ ക്രിയേറ്റിവിറ്റിയെയും മാത്രം വിശ്വസിച്ച് ഡിഫൻസീവ് ഫുട്ബോൾ കളിച്ച ഫ്രാൻസ് ഫൈനലിലെത്തിയതും മത്സരത്തിൻ്റെ 60% സമയം പന്ത് കൈവശം വെച്ച ബെൽജിയം തോറ്റതും ഇക്കാരണം കൊണ്ടാണ്.

സിദാനില്ല, പക്ഷേ എംബാപ്പെയുണ്ട്; 12 വർഷത്തിനു ശേഷം ഫ്രാൻസ് ഫൈനലിൽ

12 വർഷത്തെ കാത്തിരിപ്പിനു ശേഷം ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ. ഇന്നലെ നടന്ന ഒന്നാം സെമിഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബെൽജിയത്തിനെ തോല്പിച്ചാണ് സിദാൻ്റെ പിന്മുറക്കാർ ഫൈനലിൽ പ്രവേശിച്ചത്. ഫ്രാൻസിൻ്റെ ബാഴ്സലോണ ഡിഫൻഡർ സാമുവൽ ഉംറ്റിറ്റിയാണ് ഫ്രാൻസിനായി വല കുലുക്കിയത്.

ഡിഫൻസീവ് ഫുട്ബോൾ കളിച്ചിട്ട് കൗണ്ടർ അറ്റാക്കുകളിൽ മാത്രമാണ് ഫ്രാൻസ് ശ്രദ്ധ കൊടുത്തിരുന്നതെന്നും അത്തരമൊരു ടീമിനൊപ്പം ജയിക്കുന്നതിനേക്കാൾ നല്ലത് ബെൽജിയത്തിനൊപ്പം തോൽക്കുന്നതാണെന്നും ബെൽജിയം ക്യാപ്റ്റൻ ഏയ്ഡൻ ഹസാർഡ് മത്സരശേഷം പറഞ്ഞിരുന്നു. ബെൽജിയം ഗോൾകീപ്പർ കോർട്ട്വായും ഹസാർഡിനെ പിന്തുണച്ച് സംസാരിച്ചു. സംഗതി ശരിയാണ്. പക്ഷേ, ഇത് പ്രാക്ടിക്കൽ പന്തുകളിയുടെ കാലമാണ്. സ്കോർബോർഡ് മാത്രമാണ് ഇപ്പോൾ ടീമുകൾ ശ്രദ്ധിക്കുന്നത്. എംബാപ്പെയുടെ വേഗതയെയും പോഗ്ബയുടെ ക്രിയേറ്റിവിറ്റിയെയും മാത്രം വിശ്വസിച്ച് ഡിഫൻസീവ് ഫുട്ബോൾ കളിച്ച ഫ്രാൻസ് ഫൈനലിലെത്തിയതും മത്സരത്തിൻ്റെ 60% സമയം പന്ത് കൈവശം വെച്ച ബെൽജിയം തോറ്റതും ഇക്കാരണം കൊണ്ടാണ്.

പോസ്റ്റിലേക്ക് തൊടുത്ത ഷോട്ടുകളിലും അറ്റാക്കിംഗ് ഇൻഡക്സിലും ഫ്രാൻസ് മുന്നിൽ നിന്നെങ്കിലും തത്വത്തിൽ ബെൽജിയമാണ് അല്പം കൂടി കെട്ടുറപ്പുള്ള കളി കാഴ്ച വെച്ചത്. പതിവു പോലെ ഹസാർഡ് മുന്നേറ്റങ്ങളുടെ ജീവനാഡി ആയപ്പോൾ ക്രിയാത്മക നീക്കങ്ങളുമായി ഡി ബ്രുയിൻ ഹസാർഡിനു പറ്റിയ പങ്കാളിയായി. പ്രതിരോധവും മുന്നേറ്റവും തമ്മിൽ കൂട്ടിയിണക്കുന്ന നിർണായക കണ്ണിയുടെ വേഷം അലക്സ് വിറ്റ്സൽ ഗംഭീരമായി അവതരിപ്പിച്ചു. പക്ഷേ, ഫ്രാൻസ് ജയിച്ചു. ബെൽജിയം പ്രതിരോധത്തെ വേഗത കൊണ്ട് പലപ്പോഴും ഓടിത്തോല്പിച്ച എംബാപ്പെയിലൂടെ ഫ്രാൻസ് രണ്ടാമതൊരു ഗോൾ നേടാതിരുന്നത് ഗോൾ കീപ്പർ കോർട്ട്വായുടെ മികവായിരുന്നു. ബെൽജിയത്തിൻ്റെ ഗോളെന്നുറച്ച മൂന്നിലധികം ഷോട്ടുകൾ തടഞ്ഞ ഹ്യൂഗോ ലോറിസ് കോർട്ട്വായ്ക്ക് പറ്റിയ എതിരാളിയായി.

51ആം മിനിട്ടിലാണ് മത്സരഫലം നിർണയിച്ച ആ ഗോൾ വന്നത്. നിയർപോസ്റ്റിൽ വന്ന കോർണറിൽ മാർക്ക് ചെയ്തു നിന്ന ഫെല്ലയ്നിയുടെ ചാട്ടത്തെ മറികടന്ന് സാമുവൽ ഉംറ്റിറ്റി ഒരു ക്ലിനിക്കൽ ഹെഡറിലൂടെ കോർട്ട്വായെ മറികടന്നു. ഉംറ്റിറ്റിയുടെ മൂന്നാം രാജ്യാന്തര ഗോൾ. അതിൽ ഏറ്റവും വിലപിടിപ്പുള്ള ഗോൾ. ലീഡെടുത്തതിനു ശേഷം പൂർണമായും പ്രതിരോധത്തിലേക്ക് മടങ്ങിയ ഫ്രാൻസ്, ബെൽജിയം അറ്റാക്കുകളെ മതിൽ കെട്ടി തടഞ്ഞു. ആ മതിലും ഭേദിച്ച് ബെൽജിയം പലപ്പോഴും ഗോൾമുഖം വരെ എത്തിയെങ്കിലും വല ചലിപ്പിക്കാനായില്ല.

Read More >>