വോൾഗയുടെ തീരത്ത് ഇന്നു മുതൽ ഫുട്ബോൾ പെയ്തിറങ്ങും; ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ സൗദി അറേബ്യയെ നേരിടും

നിലവിലെ ചാമ്പ്യന്മാരായ ജർമ്മനി, ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻ പട്ടം ചൂടിയ ബ്രസീൽ, മുൻ ചാമ്പ്യന്മാരായ സ്‌പെയിൻ, പ്രതിഭാധാരാളിത്തം കൊണ്ട് സമ്പന്നമായ ഫ്രാൻസ് തുടങ്ങിയവരാണ് ഈ ലോകകപ്പിന്റെ ഫേവറിറ്റുകൾ.

വോൾഗയുടെ തീരത്ത് ഇന്നു മുതൽ ഫുട്ബോൾ പെയ്തിറങ്ങും; ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ സൗദി അറേബ്യയെ നേരിടും

21 ആമത് ഫിഫ ലോകകപ്പിന് ഇന്ന് റഷ്യൻ മണ്ണിൽ തുടക്കമാകും. മോസ്കോയിലെ ലസ്‌നീക്കി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ റഷ്യ ഏഷ്യൻ ശക്തികളായ സൗദി അറേബ്യയെ നേരിടുന്നതോടെ ഒരു മാസം നീണ്ടു നിൽക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് തിരശീലയുയരും.

അഞ്ചു മേഖലകളിൽ നിന്നായി 32 രാജ്യങ്ങളാണ് ലോകഫുട്ബോളിന്റെ നെറുകയിലെത്താൻ കച്ച മുറുക്കുന്നത്. ഐസ്ലൻഡും പനാമയുമാണ് ഈ ലോകകപ്പിലെ പുതുമുഖങ്ങൾ. മൊത്തം 12 വേദികളിലായി 64 മത്സരങ്ങളാണ് നടക്കുക. നിലവിലെ ചാമ്പ്യന്മാരായ ജർമ്മനി, ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻ പട്ടം ചൂടിയ ബ്രസീൽ, മുൻ ചാമ്പ്യന്മാരായ സ്‌പെയിൻ, പ്രതിഭാധാരാളിത്തം കൊണ്ട് സമ്പന്നമായ ഫ്രാൻസ് തുടങ്ങിയവരാണ് ഈ ലോകകപ്പിന്റെ ഫേവറിറ്റുകൾ. ഇംഗ്ലണ്ട്, ബെൽജിയം, അർജന്റീന തുടങ്ങിയവരെയും എഴുതിത്തള്ളാൻ കഴിയില്ല.

സമീപകാലത്തെ മികച്ച പ്രകടനങ്ങളുടെ പേരിൽ ശ്രദ്ധേയനായ മുഹമ്മദ് സലയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയരായ ഈജിപ്‍താണ് ഈ ലോകകപ്പിന്റെ മറ്റൊരു ആകർഷണം. സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ, ഡെന്മാർക്ക് തുടങ്ങിയവരും വമ്പൻമാർക്ക് 'പണി' ആയേക്കും. റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ലോകകപ്പിന് തൊട്ടു മുൻപ് ടീം കോച്ചിനെ പുറത്താക്കിയ സ്‌പെയിൻ ആ പ്രതിസന്ധി എങ്ങനെയാണ് മറി കടക്കുക എന്നതും ശ്രദ്ധേയമാണ്.

അടുത്ത മാസം 15 ന് ഇതേ വേദിയിലാണ് കലാശപ്പോരാട്ടം നടക്കുക. ഈ ലോകകപ്പ് ചാമ്പ്യന്മാർ 2021 ൽ ഖത്തറിൽ നടക്കുന്ന കോൺഫെഡറേഷൻസ് കപ്പിലേക്ക് യോഗ്യത നേടും.

Read More >>