ഇത് 'യൂറോ കപ്പ്'; ലാറ്റിനമേരിക്കൻ ഫുട്ബോൾ പടിയിറങ്ങുന്നു

ഫ്രാൻസിന്റെ വേഗതയ്ക്ക് മുന്നിൽ അർജന്റീനയും ഉറുഗ്വേയും ബെൽജിയത്തിലെ വേഗതയ്ക്ക് മുന്നിൽ ബ്രസീലും പരാജയപ്പെട്ടു.

ഇത് യൂറോ കപ്പ്; ലാറ്റിനമേരിക്കൻ ഫുട്ബോൾ പടിയിറങ്ങുന്നു

ലോകകപ്പ് സെമി ഫൈനലിലേക്കെത്തുമ്പോൾ ബാക്കിയാവുന്നത് മുഴുവൻ യൂറോപ്യൻ ടീമുകളാണ്. ഇംഗ്ലണ്ട്, ബെൽജിയം, ഫ്രാൻസ്, ക്രൊയേഷ്യ എന്നീ നാല് ടീമുകളിലൊരാളാവും ജേതാക്കൾ. കഴിഞ്ഞ ലോകകപ്പ് വരെ നോക്ക്ഔട്ട് ഘട്ടത്തിലേക്ക് സാധ്യത കൽപ്പിക്കാൻ കഴിയാതിരുന്ന രണ്ടു ടീമുകൾ ഇത്തവണ ഈ പട്ടികയിലുണ്ട്. അതേ, ബെൽജിയവും ക്രൊയേഷ്യയും. അവസാന നാലിൽ ലാറ്റിനമേരിക്കയില്ലാത്ത ഒരു ലോകകപ്പ്!

പൊസിഷൻ കീപ്പ് ചെയ്ത് ആസ്വദിച്ച് കളിക്കുന്ന ലാറ്റിനമേരിക്കൻ കേളീശൈലി കാലഹരണപ്പെട്ടു കൊണ്ടിരിക്കുകയാണ്. വേഗതയുടെ യൂറോപ്യൻ ഫുട്ബോളാണ് ഇപ്പോൾ ലോകം ഭരിക്കുന്നത്. വേഗതയും സെറ്റ് പീസുകളും കോർത്തിണക്കി ഡോമിനൻസിന്റെ ഫുട്ബോൾ. ഈ മാറ്റം വളരെ ക്ഷമാപൂർവ്വമാണ് ഫുട്ബോൾ ലോകം സ്വീകരിച്ചത്. കാണികൾക്കപ്പുറം കളിക്കാർ സ്വീകരിച്ച മാറ്റത്തിന്റെ പ്രതിഫലനമാണിത്. കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ളത് ബ്രസീലിനും അർജന്റീനയ്ക്കുമാണ്. ആഗോളാടിസ്ഥാനത്തിലും അങ്ങനെ തന്നെ. ലാറ്റിനമേരിക്ക കാഴ്ച വെച്ചിട്ടുള്ള നയനാന്ദകരമായ ഫുട്ബോൾ തന്നെയാണ് ഈ പ്രണയത്തിനു പിന്നിൽ. പഴയ കാൽപന്ത് ആസ്വാദകരൊക്കെ ഇപ്പോഴും ബ്രസീലിലും അർജന്റീനയിലും രസം കണ്ടെത്താൻ ശ്രമിക്കുന്നതും പണ്ട് അവർ ആസ്വദിച്ച മനോഹരമായ കളിയുടെ ഓർമ്മകൾ കൊണ്ടാണ്.

ലോകത്തിൽ ഏറ്റവുമധികം ആളുകൾ കാണുന്നതും ഏറ്റവും പ്രശസ്തിയുള്ളതും യൂറോപ്യൻ ഫുട്ബോൾ ലീഗുകൾക്കാണ്. അതിൽ തന്നെ ഇംഗ്ലീഷ് പ്രീമിയർ ലീഗിനാണ് ആരാധകർ കൂടുതൽ. വേഗത കൊണ്ടാണ് യൂറോപ്യൻ ക്ലബുകൾ കളിക്കുന്നത്. പൊസിഷന് പ്രാധാന്യം നൽകിയാലും ഇല്ലെങ്കിലും ആത്യന്തികമായി ഗോളടിക്കുക, ജയിക്കുക എന്ന കളിയുടെ അടിസ്ഥാന വസ്തുതയെ അങ്ങനെ തന്നെ സ്വീകരിച്ചുള്ള ഈ പന്തുകളി പ്രാക്ടിക്കൽ ഫുട്ബോളാണ്. അത് കൊണ്ടു തന്നെയാണ് ബെൽജിയവും ഫ്രാൻസുമടങ്ങുന്ന യൂറോപ്യൻ രാജ്യങ്ങൾ ഈ ലോകകപ്പിൽ വ്യക്തമായ മേധാവിത്വം പ്രകടിപ്പിച്ചത്.

ബാഴ്‌സലോണയിൽ ഉരുത്തിരിഞ്ഞു വന്ന ടിക്കി-ടാക്ക എന്ന പൊസഷൻ ബേസ്ഡ് പന്തുകളി ഏറ്റെടുത്തു കൊണ്ടാണ് 2010 ലോകകപ്പിൽ സ്‌പെയിൻ കിരീടമുയർത്തിയത്. ശേഷം ടിക്കി-ടാക്കയെ പ്രതിരോധിക്കാനും തിരിച്ചടിക്കാനുമുള്ള വഴികൾ ഫുട്ബോൾ ലോകം കണ്ടെടുത്തതോടെ മാറ്റങ്ങൾ സ്വീകരിക്കാൻ ബാഴ്‌സയും സ്പെയിനും നിർബന്ധിതരായി. സ്‌പെയിൻ അതിൽ വിജയിച്ചോ എന്ന് ഇപ്പോഴും സംശയമാണെങ്കിലും ബാഴ്‌സലോണ അതിൽ വിജയിക്കുക തന്നെ ചെയ്തു. ബാഴ്‌സയിൽ ടിക്കി-ടാക്ക ഏറ്റവും ഫലപ്രദമായ രീതിയിൽ നടപ്പിലാക്കിയ പെപ്പ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലനക്കുപ്പായമണിഞ്ഞപ്പോൾ അവിടെയും പരീക്ഷിച്ചത് പൊസഷൻ ബേസ്ഡ് ഫുട്ബോളാണ്. ടിക്കി-ടാക്കയുടെ പരിഷ്കരിച്ച രൂപം. അത് തന്നെയാണ് ബാഴ്‌സലോണയും പിന്തുടരുന്നത്.

ഇനിയും യൂറോപ്യൻ കളിശൈലി കൃത്യമായി സ്വാംശീകരിക്കാനും പ്രതിവിധി കണ്ടെത്താനും ലാറ്റിനമേരിക്കൻ ടീമുകൾക്ക് കഴിഞ്ഞിട്ടില്ല. ഫ്രാൻസിന്റെ വേഗതയ്ക്ക് മുന്നിൽ അർജന്റീനയും ഉറുഗ്വേയും ബെൽജിയത്തിലെ വേഗതയ്ക്ക് മുന്നിൽ ബ്രസീലും പരാജയപ്പെട്ടു. ഫ്രാൻസും ബെൽജിയവും തമ്മിൽ നടക്കുന്ന ആദ്യ സെമിഫൈനൽ ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ മത്സരമായിരിക്കും. ഫൈനൽ മത്സരത്തേക്കാൾ ആവേശം ഈ മത്സരം നൽകും. ഇരു ടീമുകളുടെയും ശക്തിയും ദൗർബല്യവും ഫോർമേഷനും ഒന്ന് തന്നെയാണ്. പ്രതിരോധ നിരയുടെ പ്രകടനമാവും ഈ മത്സരത്തിലെ വിജയികളെ തീരുമാനിക്കുക.

ക്രൊയേഷ്യ-ഇംഗ്ലണ്ട് മത്സരവും മികച്ചത് തന്നെയാണ്. ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നും ഒരുപാട് മെച്ചപ്പെട്ട ഇംഗ്ലണ്ടിന് തന്നെയാണ് സാധ്യത നിലനിൽക്കുന്നതെങ്കിലും സന്തുലിതവും ശക്തവും ക്രിയാത്മകവുമായ ക്രൊയേഷ്യൻ മധ്യനിര ഫോം കാത്തുസൂക്ഷിച്ചാൽ അട്ടിമറി സാധ്യതയും ഇല്ലാതില്ല. എന്തായാലും ലാറ്റിനമേരിക്ക ഒന്ന് സൂക്ഷിച്ച് ഗൃഹപാഠം നടത്തുന്നത് നന്നായിരിക്കും!

Read More >>