ക്രൊയേഷ്യക്ക് ആദ്യ ലോകകപ്പ് ഫൈനൽ; ലൂഷ്നിക്കിയിൽ പിറന്നത് ചരിത്രം

ബോക്സിനു തൊട്ടു പുറത്ത് നിന്നു ലഭിച്ച ഫ്രീകിക്ക് അന്തം വിട്ടു നിൽക്കുന്ന ക്രൊയേഷ്യൻ ഗോളി ഡാനിയൽ സുബാസിച്ചിനെ സാക്ഷിയാക്കി പോസ്റ്റിൻ്റെ ടോപ്പ് ലെഫ്റ്റ് കോർണർ ചുംബിച്ച് വലയിലേക്ക് പതിക്കുമ്പോൾ ക്രൊയേഷ്യ കളിയുടെ താളത്തിലേക്ക് വരുന്നതേ ഉണ്ടായിരുന്നുള്ളൂ.

ക്രൊയേഷ്യക്ക് ആദ്യ ലോകകപ്പ് ഫൈനൽ; ലൂഷ്നിക്കിയിൽ പിറന്നത് ചരിത്രം

ലോകകപ്പിൻ്റെ ചരിത്രത്തിലാദ്യമായി ക്രൊയേഷ്യ ലോകകപ്പിൻ്റെ ഫൈനലിൽ പ്രവേശിച്ചു. ഇന്നലെ ഇംഗ്ലണ്ടുമായി നടന്ന സെമിഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്രൊയേഷ്യ ചരിത്രത്തിലേക്ക് നടന്നു കയറിയത്. ഇംഗ്ലണ്ടിനായി കീറൻ ട്രിപ്പിയർ മത്സരത്തിൻ്റെ അഞ്ചാം മിനിട്ടിൽ ഗോൾ നേടിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചും എക്സ്ട്രാ ടൈമിൽ മാരിയോ മാൻസൂക്കിച്ചും നേടിയ ഗോളിൽ ക്രൊയേഷ്യ വിജയിക്കുകയായിരുന്നു.

ഭാഗ്യവും സെറ്റ്പീസുകളും ഇടവും വലവും നിന്ന് ഇത്ര നാളും സംരക്ഷിച്ച ഇംഗ്ലണ്ടിന് അതു കൊണ്ട് മാത്രം എല്ലാ കളിയും വിജയിക്കാൻ കഴിയില്ലെന്ന് മനസ്സിലായിട്ടുണ്ടാവണം. ടൂർണമെൻ്റിൽ ഇതു വരെ മികച്ച രണ്ട് ടീമുകളോടാണ് അവർ ഏറ്റുമുട്ടിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബെൽജിയത്തിനോടും സെമിഫൈനലിൽ ക്രൊയേഷ്യയോടും. രണ്ട് കളിയും ഭംഗിയായി തോൽക്കുകയും ചെയ്തു. പക്ഷേ, ബെൽജിയത്തിനോട് തോറ്റ ഇംഗ്ലണ്ടിനെയല്ല ഇന്നലെ കണ്ടത്. ടൂർണമെൻ്റ് പുരോഗമിക്കും തോറും അവർ കുറച്ചെങ്കിലും പുരോഗമിക്കുന്നുണ്ടായിരുന്നു. ഇന്നലെ താരതമ്യേന മികച്ച കളിയാണ് അവർ കെട്ടഴിച്ചതും.

മത്സരത്തിൻ്റെ ആദ്യ പകുതി മുഴുവൻ ഇംഗ്ലണ്ട് തന്നെയായിരുന്നു ചിത്രത്തിൽ. മത്സരം തുടങ്ങിയതിൻ്റെ ആലസ്യത്തിൽ നിന്നും മുക്തനാകുന്നതിനു മുൻപ് ഇംഗ്ലണ്ട് ഗോളടിച്ചു. ബോക്സിനു തൊട്ടു പുറത്ത് നിന്നു ലഭിച്ച ഫ്രീകിക്ക് അന്തം വിട്ടു നിൽക്കുന്ന ക്രൊയേഷ്യൻ ഗോളി ഡാനിയൽ സുബാസിച്ചിനെ സാക്ഷിയാക്കി പോസ്റ്റിൻ്റെ ടോപ്പ് ലെഫ്റ്റ് കോർണർ ചുംബിച്ച് വലയിലേക്ക് പതിക്കുമ്പോൾ ക്രൊയേഷ്യ കളിയുടെ താളത്തിലേക്ക് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ട്രിപ്പിയർ നേടിയ ആ വണ്ടർ ഗോളിൻ്റെ ഞെട്ടലിലായിരുന്നു ആദ്യ പകുതിയിൽ ക്രൊയേഷ്യ. മികച്ച ഒരു നീക്കം പോലും അവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. അതേ സമയം പേസി ഫുട്ബോളിലൂടെ ഇംഗ്ലണ്ട് പലവട്ടം ക്രൊയേഷ്യൻ ബോക്സിൽ വിനാശം വിതയ്ക്കുകയും ചെയ്തു.

രണ്ടാം പകുതിക്ക് മുൻപ് ഡഗൗട്ടിൽ ക്രൊയേഷ്യൻ കോച്ച് കളിക്കാരോട് എന്താണ് പറഞ്ഞതെന്നറിയില്ല. എന്ത് പറഞ്ഞുവെങ്കിലും അത് പൂർണമായും കളിക്കളത്തിൽ നടപ്പിലാക്കാൻ അവർക്ക് കഴിഞ്ഞു. ഇംഗ്ലണ്ടിൻ്റെ വാതിൽക്കൽ ക്രൊയേഷ്യ നിരന്തരം മുട്ടിത്തുടങ്ങി. ഗോൾകീപ്പർ ജോർഡൻ പിക്ക്ഫോർഡിൻ്റെ മാരക ഫോമും ഇംഗ്ലണ്ടിൻ്റെ മാരക ഭാഗ്യവും കുറേ നേരം അവരെ തടഞ്ഞു നിർത്തിയെങ്കിലും 68ആം മിനിട്ടിൽ ക്രൊയേഷ്യ ആ കെട്ടു പൊട്ടിച്ചു. ഇടതു പാർശ്വത്തിൽ നിന്ന് ബോക്സിലേക്ക് സിമെ വ്രസാൽകോയുടെ അത്യുഗ്രൻ ക്രോസ്. മാർക്ക് ചെയ്തു നിൽക്കുന്ന കെയിൽ വാക്കറെ കബളിപ്പിച്ച് ഇവാൻ പെരിസിച്ചിൻ്റെ മനോഹര ഫിനിഷ്.

തുടർന്നും ക്രൊയേഷ്യ ആക്രമണം ശക്തമാക്കിയെങ്കിലും ഇംഗ്ലണ്ടിനെ ഭാഗ്യം പൂർണമായും കൈവിട്ടില്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. ഡിഫൻഡർമാരെ കബളിപ്പിച്ച് പെരിസിച്ച് തൊടുത്ത ഷോട്ട് പിക്ക്ഫോർഡിനെ കീഴടക്കിയെങ്കിലും പോസ്റ്റിലിടിച്ച് മടങ്ങുന്ന കാഴ്ചയോടെയാണ് നിശ്ചിത സമയം അവസാനിച്ചത്.

അധിക സമയത്തിൻ്റെ തുടക്കത്തിൽ ഇംഗ്ലണ്ട് ഒന്നു കുതിച്ചു നോക്കിയെങ്കിലും ഏറെ വൈകാതെ മത്സരത്തിൻ്റെ നിയന്ത്രണം ക്രൊയേഷ്യൻ മധ്യനിര കൈക്കലാക്കി. 99ആം മിനിട്ടിൽ ഇംഗ്ലണ്ട് താരം ജോൺ സ്റ്റോൺസിൻ്റെ ഗോളെന്നുറപ്പിച്ച ഹെഡർ ഗോൾലൈനിനരികിൽ ഹെഡ് ചെയ്ത രക്ഷപ്പെടുത്തിയ സിമെ വ്രസാൽകോ ക്രൊയേഷ്യക്ക് ആയുസ്സ് നീട്ടിക്കൊടുത്തു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ മാരിയോ മൻസൂക്കിച്ചിൻ്റെ ടാപ്പിൻ രക്ഷപ്പെടുത്തി പിക്ക്ഫോർഡ് ഇംഗ്ലണ്ടിൻ്റെയും ആയുസ്സ് നീട്ടിയെടുത്തു. ആദ്യ പകുതി സ്കോർ തുല്യം. രണ്ടാം പകുതി തുടങ്ങി നാലാം മിനിട്ടിൽ മാൻസൂക്കിച്ചിലൂടെ ക്രൊയേഷ്യ ലീഡെടുത്തു. ബോക്സിനുള്ളിലേക്ക് നീട്ടി നൽകിയ ക്രോസിൽ ഇംഗ്ലണ്ട് പ്രതിരോധം തലവെച്ചു. പന്ത് നേരെ ഉയർന്ന് ബോക്സിനുള്ളിലേക്ക് തന്നെ വീണു. മാൻസൂക്കിച്ചിൻ്റെ പൊസിഷൻ കൃത്യമായി മനസ്സിലാക്കിയ പെരിസിച്ചിൻ്റെ ഒരു അളന്നു മുറിച്ച ഹെഡർ. ഇംഗ്ലണ്ടിൻ്റെ മാർക്കിംഗ് തെറ്റിപ്പോയ ഒരു നിമിഷം. മാൻസൂക്കിച്ചിൻ്റെ ക്ലോസ് റേഞ്ച് ഷോട്ട് പിക്ക്ഫോർഡിനെ കീഴടക്കി വലയിൽ.

Read More >>