വിനീതിന്റേത് അപക്വമായ സമീപനമോ? പ്രതികരിച്ച് ആരാധകർ

മുൻപും മഞ്ഞപ്പടയുടെ ലേബലിൽ ചിലർ വിനീതിനെ വ്യക്തിപരമായി ആക്രമിച്ചിരുന്നുവെന്നും അതൊക്കെ പരിഗണിച്ചാണ് ഇപ്പോൾ വിനീത് പരാതിപ്പെട്ടതെന്നുമുള്ള മറുവാദവും ഉയരുന്നുണ്ട്.

വിനീതിന്റേത് അപക്വമായ സമീപനമോ? പ്രതികരിച്ച് ആരാധകർ

മഞ്ഞപ്പടയിലെ ചിലർ ചേർന്ന് തൻ്റെ കരിയർ തകർക്കാൻ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പൊലീസിനു പരാതി നൽകിയ മുൻ ബ്ലാസ്റ്റേഴ്സ് താരം സികെ വിനീതിൻ്റെ നടപടി അപക്വമായ സമീപനമെന്ന് ആരാധകർ. ബോൾ ബോയിയോട് ദേഷ്യപ്പെട്ടിട്ടില്ലെന്ന വിനീതിൻ്റെ അവകാശ വാദം തെറ്റാണെന്നും മഞ്ഞപ്പടയ്ക്കെതിരെ രംഗത്തു വന്ന വിനീത് പ്രൊഫഷണലിസമല്ലെന്നും ആരാധകർ പറയുന്നു.

കഴിഞ്ഞ ദിവസം ചെന്നൈയിൻ എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ പുറത്തേക്കു പോയ പന്ത് കൈമാറാൻ താമസിച്ച ബോൾ ബോയിയോട് വിനീത് ദേഷ്യപ്പെട്ടുവെന്നും മാച്ച് കമ്മീഷണർ വിനീതിനെ താക്കീത് ചെയ്തുവെന്നും ആരോപിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ പ്രചാരണത്തിനെതിരെയാണ് വിനീത് പരാതിപ്പെട്ടത്.

"ആ കുട്ടി പന്തിൽ ശ്രദ്ധിക്കുകയായിരുന്നു, ഭയങ്കര ശബ്ദമായതിനാൽ ഞാൻ ആദ്യം വിളിച്ചപ്പോൾ ആ കുട്ടി കേട്ടില്ല അതിനാൽ നല്ല ശബ്ദമെടുത്തു ഉച്ചത്തിൽ വിളിച്ചു. ഞാൻ വേറെ ഒന്നും പ്രത്യേകിച്ച് പറഞ്ഞില്ല മാത്രവുമല്ല മാച്ച് കമ്മിഷനെർ താകീത് നല്കിയിട്ടുമില്ല. ഞാൻ എന്തായാലും നിയമപരമായി ഒരു പരാതി നൽകുവാൻ പോകുകയാണ്. കാരണം മഞ്ഞപ്പട അല്ലെങ്കിൽ മറ്റാരോ എനിക്കെതിരെ തെറ്റായ രീതിയിലുള്ള പ്രചരണം നടക്കുകയാണ്. ഞാൻ മടുത്തു ഇതിനെതിരെ പ്രതികരിച്ചാൽ മാത്രമേ ശരിയാകൂ" എന്ന് വിനീത് ​ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

എന്നാൽ വിനീതിൻ്റെ നടപടി ബാലിശമാണെന്നും ബോൾ ബോയിയോട് വിനീത് ദേഷ്യപ്പെട്ടത് സത്യമാണെന്നുമാണ് സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നത്. ട്വിറ്റററ്റിയാണ് ഇത്തരം ചർച്ച സജീവമായി നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു വീഡിയോ ക്ലിപ്പിൻ്റെ പേരിൽ പൊലീസിനു പരാതി നൽകിയ വിനീതിൻ്റെ നടപടി അപക്വമാണെന്നാണ് പൊതുവായ അഭിപ്രായം. എന്നാൽ മുൻപും മഞ്ഞപ്പടയുടെ ലേബലിൽ ചിലർ വിനീതിനെ വ്യക്തിപരമായി ആക്രമിച്ചിരുന്നുവെന്നും അതൊക്കെ പരിഗണിച്ചാണ് ഇപ്പോൾ വിനീത് പരാതിപ്പെട്ടതെന്നുമുള്ള മറുവാദവും ഉയരുന്നുണ്ട്.