കക്ക വീണ്ടും ബൂട്ടണിയുന്നു; ബെർലുസ്കോണിയുമായി കൈകോർക്കും

മിലാനു വേണ്ടി കളിച്ചിരുന്നപ്പോള്‍ ബെര്‍ലുസ്‌കോണിയുമായി വളരെ അടുത്ത ബന്ധമാണ് കക്കയ്ക്കുണ്ടായിരുന്നത്.

കക്ക വീണ്ടും ബൂട്ടണിയുന്നു; ബെർലുസ്കോണിയുമായി കൈകോർക്കും

കഴിഞ്ഞ വർഷം ഫുട്‌ബോളില്‍ നിന്നും പൂര്‍ണമായും വിരമിക്കല്‍ പ്രഖ്യാപിച്ച ബ്രസീലിയൻ ഇതിഹാസം കക്ക വീണ്ടും ബൂട്ടണിയുന്നു. വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും കളത്തിറങ്ങാൻ പോവുകയാണ് താനെന്ന് 36 കാരന്‍ വ്യക്തമാക്കിയിരിക്കുകയാണ്. മുന്‍ മിലാന്‍ ഉടമസ്ഥനായ സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ ഉടമസ്ഥതയിലുള്ള മോന്‍സയെന്ന ക്ലബ്ബിനു വേണ്ടി കളിച്ചുകൊണ്ടാണ് ഇപ്പോള്‍ കക്കയുടെ തിരിച്ചുവരവ്. ഇറ്റലിയിലെ മൂന്നാം ഡിവിഷനിലെ ലീഗില്‍ കളിക്കുന്ന ക്ലബ്ബാണ് മോന്‍സ.

മിലാനു വേണ്ടി കളിച്ചിരുന്നപ്പോള്‍ ബെര്‍ലുസ്‌കോണിയുമായി വളരെ അടുത്ത ബന്ധമാണ് കക്കയ്ക്കുണ്ടായിരുന്നത്. ഈ അടുപ്പമാണ് ഇപ്പോള്‍ ഇതിഹാസത്തിന്റെ തിരിച്ചുവരവിന് തന്നെ കാരണമായിരിക്കുന്നത്. വിരമിക്കല്‍ പിന്‍വലിച്ച് തന്റെ ക്ലബ്ബിനായി കളിക്കണമെന്ന ബെര്‍ലുസ്‌കോണിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കക്ക അപ്രതീക്ഷിതമായൊരു തിരിച്ചുവരവിനു സമ്മതം മൂളിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറ്റലിയിലെ മുന്‍ പ്രധാനമന്ത്രി കൂടിയായ ബെര്‍ലുസ്‌കോണി 2017 ഏപ്രിലിലാണ് ഒരു ചൈനീസ് കമ്പനിക്കു മിലാനെ വില്‍ക്കുന്നത്.

2003 മുതല്‍ 09 വരെ ആറു വര്‍ഷം മിലാന്റെ നെടുംതൂണായിരുന്നു കക്ക. പൗളോ മാല്‍ഡീനി, ആന്ദ്രെ ഷെവ്‌ചെങ്കോ എന്നിവരടക്കം ഇതിഹാസതാരങ്ങളുടെ വലിയൊരു നിര തന്നെ അക്കാലത്ത് മിലാനിലുണ്ടായിരുന്നു. മിലാനു വേണ്ടി 193 മല്‍സരങ്ങളില്‍ ജഴ്‌സിയണിഞ്ഞ കക്ക 70 ഗോളുകളും നേടിയിട്ടുണ്ട്. 2009ല്‍ മിലാന്‍ വിട്ട് റയല്‍ മാഡ്രിഡിലെത്തിയ കക്ക 2013ല്‍ മിലാനില്‍ മടങ്ങിയെത്തി. ഒരു സീസണ്‍ മാത്രം കളിച്ച ശേഷം അദ്ദേഹം തന്റെ ആദ്യ ക്ലബ്ബായ സാവോപോളോയിലേക്കും അവിടെ നിന്നും അമേരിക്കന്‍ ലീഗിലെ ഒര്‍ലാന്‍ഡോ സിറ്റിയിലേക്കും ചേക്കേറുകയായിരുന്നു.

ഇറ്റാലിയന്‍ വമ്പന്‍മരാായ എസി മിലാനു വേണ്ടി കളിക്കുമ്പോഴാണ് ഫിഫയുടെ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം കക്കയെ തേടിയെത്തിയത്. മിലാന്റെ ഐക്കണ്‍ താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. മിലാന്‍ വിട്ട ശേഷം അതുപോലൊരു മാന്ത്രിക പ്രകടനം കക്കയ്ക്കു പിന്നീട് പുറത്തെടുക്കാനായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

Story by
Read More >>