കേരളത്തിൻറെ സ്വന്തം സെവൻസ് ഫുട്ബോളിനെപ്പറ്റി ബിബിസിയുടെ ഡോക്യുമെൻററി ശ്രദ്ധേയമാകുന്നു

സംസ്ഥാനത്തുടനീളം ചെറു മൈതാനങ്ങളിൽ നടന്നു വരുന്ന സെവൻസ് ഫുട്ബോളും അവിടങ്ങളിൽ മാറ്റുരയ്ക്കുന്ന ആഫ്രിക്കൻ കളിക്കാരെപ്പറ്റിയുമാണ് ഡോക്യുമെൻ്ററി ചർച്ച ചെയ്യുന്നത്.

കേരളത്തിൻറെ സ്വന്തം സെവൻസ് ഫുട്ബോളിനെപ്പറ്റി ബിബിസിയുടെ ഡോക്യുമെൻററി ശ്രദ്ധേയമാകുന്നു

ലോകത്തൊരിടത്തുമില്ലാത്ത പന്തുകളിയാണ് നമ്മുടെ സെവൻസ്. ഒരു ടീമിൽ ഏഴു പേർ വീതം അണിനിരക്കുന്ന സെവൻസ് ഫുട്ബോൾ കേരളത്തിൻ്റെ പന്തുകളി മുഖമായിട്ട് ഏറെക്കാലമായി. ഫ്ലഡ്ലൈറ്റ് മൈതാനങ്ങളിൽ പൊടി പറപ്പിച്ച് നടക്കുന്ന മത്സരങ്ങൾക്ക് എത്രയോ വട്ടം നമ്മൾ പലരും ദൃക്സാക്ഷികളായിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന 'സുഡാനികളെ' കൊണ്ട് സമ്പന്നമായ സെവൻസ് ഫുട്ബോളിനെപ്പറ്റി ബിബിസി ചെയ്ത ഡോക്യുമെൻ്ററി ശ്രദ്ധേയമാവുകയാണ്.

'ഇന്ത്യയിലെ പന്തുകളി മാറ്റുന്ന ആഫ്രിക്കൻ കളിക്കാർ' എന്ന തലക്കെട്ടിലാണ് ബിബിസി ഡോക്യുമെൻ്ററി അണിയിച്ചിരുക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം ചെറു മൈതാനങ്ങളിൽ നടന്നു വരുന്ന സെവൻസ് ഫുട്ബോളും അവിടങ്ങളിൽ മാറ്റുരയ്ക്കുന്ന ആഫ്രിക്കൻ കളിക്കാരെപ്പറ്റിയുമാണ് ഡോക്യുമെൻ്ററി ചർച്ച ചെയ്യുന്നത്. 300ലധികം ആഫ്രിക്കൻ താരങ്ങൾ കേരളത്തിലെ സെവൻസ് ടീമുകളിൽ കളിക്കുന്നുണ്ടെന്ന് ഡോക്യുമെൻ്ററി പറയുന്നു.

'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിലെ സാമുവലിനെപ്പോലെ കുടുംബം നോക്കാനായി കേരളത്തിലേക്ക് വിമാനം കയറിയ ബെഞ്ചമിൻ ഗ്ബാമി എന്ന ലൈബീരിയൻ കളിക്കാരനുമായുള്ള സംസാരത്തിലൂടെയാണ് ഡോക്യുമെൻ്ററിയുടെ യാത്ര. കേരളത്തിലെ ജനങ്ങൾ തങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും കളി താൻ ആസ്വദിക്കുന്നുണ്ടെന്നും ബെഞ്ചമിൻ പറയുന്നു.

ബിബിസി ന്യൂസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം രണ്ടര ലക്ഷത്തോളം ആളുകൾ കണ്ടിട്ടുണ്ട്. 2300ലധികം റിയാക്ഷനുകളും ആയിരത്തിലധികം ഷെയറുകളും ഡോക്യുമെൻ്ററിക്ക് ലഭിച്ചു കഴിഞ്ഞു.