കലിപ്പടക്കി ബ്ലാസ്റ്റേഴ്സ്; സാൾട്ട് ലേക്കിൽ എതിരില്ലാത്ത രണ്ട് ഗോൾ ജയം

ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയ് മലയാളി താരം സഹൽ അബ്ദുൽ സമദ് ഭാവിയിലേക്കുള്ള താരമാണെന്ന് അടിവരയിട്ടു.

കലിപ്പടക്കി ബ്ലാസ്റ്റേഴ്സ്; സാൾട്ട് ലേക്കിൽ എതിരില്ലാത്ത രണ്ട് ഗോൾ ജയം

ഐ എസ് എൽ അഞ്ചാം സീസൺ ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. കളിയുടെ സമസ്ത മേഖലകളിലും അമർ ടൊമാർ കൊൽക്കത്തയെ പൂട്ടിക്കെട്ടി മറുപടിയില്ലാത്ത ഇരട്ട ഗോൾ ജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. മത്സരത്തിൻ്റെ 77, 86 മിനിട്ടുകളിലായിരുന്നു ഗോളുകൾ. കേരളത്തിൻ്റെ രണ്ട് വിദേശ സ്ട്രൈക്കർമാരും വല ചലിപ്പിച്ച മത്സരം ആ നിലയ്ക്കും ശ്രദ്ധേയമായി.

ആദ്യ പകുതിയിലും ബ്ലാസ്റ്റേഴ്സിന് ഒട്ടേറെ അവസരങ്ങൾ ലഭിച്ചുവെങ്കിലും ഫിനിഷിംഗിലെ പോരായ്മ തിരിച്ചടിയായിരുന്നു. തുടർച്ചയായ അറ്റാക്കുകളിലൂടെ ബ്ലാസ്റ്റേഴ്സ് കൊൽക്കത്ത പ്രതിരോധക്കോട്ടയുടെ കെട്ടുറപ്പ് പല തവണ പരീക്ഷിച്ചു. ഗോളൊഴിഞ്ഞു നിന്ന ആദ്യ പകുതിക്ക് ശേഷം 77ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടി. മറ്റെഹ് പൊപ്ലാനിക് ആണ് ലീഗിലെയും ബ്ലാസ്റ്റേഴ്സിന്റെയും ആദ്യ ഗോൾ നേടിയത്. സ്റ്റഹാനോവിചിന്റെ ഷോട്ട് ഡിഫ്ലക്റ്റഡ് ആയി ഉയർന്നപ്പോൾ ഒരു ഹെഡറിലൂടെ പൊപ്ലാനിക് വലയിൽ എത്തിക്കുകയായിരുന്നു.

86ആം മിനുട്ടിൽ സ്റ്റഹോനാവിചിലൂടെ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും 3 പോയന്റും ഉറപ്പിച്ചു. ബോക്സിന് പുറത്ത് നിന്ന് ഒരു വലം കാലൻ ഷോട്ടിലൂടെയാണ് ആയിരുന്നു സ്റ്റൊഹാനോവിചിന്റെ ഗോൾ പിറന്നത്. ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയ് മലയാളി താരം സഹൽ അബ്ദുൽ സമദ് ഭാവിയിലേക്കുള്ള താരമാണെന്ന് അടിവരയിട്ടു. കഴിഞ്ഞ സീസണിൽ ഫസ്റ്റ് ഇലവനിൽ ഉണ്ടായിരുന്ന പ്രശാന്തിനും വിനീതിനും അവസരം നൽകാതെ ഡേവിഡ് ജെയിംസ് സഹലിന് അവസരം നൽകിയതെന്തിന് എന്നതിനും ഈ കളി മറുപടി നൽകി.

പന്തടക്കത്തിലും ഷോട്ടുകളിലും പാസ് കൃത്യതയിലും മികച്ചു നിന്ന ബ്ലാസ്റ്റേഴ്സ് മനോഹരമായ ഫുട്ബോളാണ് കാഴ്ച വെച്ചത്. ഡേവിഡ് ജെയിംസിൻ്റെ സൈനിംഗുകളൊക്കെ ഗംഭീരമായി. ഭാവനാസമ്പന്നമായ മധ്യനിരയും ഗോളടിക്കാൻ കഴിയുന്ന മുന്നേറ്റ നിരയും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനെ മികച്ച ടീമുകളിലൊന്നാക്കുമെന്നത് ഉറപ്പാണ്.

Read More >>