സാവി പറഞ്ഞത് അച്ചട്ടായി; ഏഷ്യാ കപ്പ് പ്രവചനത്തിൽ അത്ഭുതമായി സ്പാനിഷ് ഇതിഹാസം

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ഭാവിയോടൊപ്പം മറ്റു ചില പ്രവചനങ്ങൾ കൂടി സാവി നടത്തി.

സാവി പറഞ്ഞത് അച്ചട്ടായി; ഏഷ്യാ കപ്പ് പ്രവചനത്തിൽ അത്ഭുതമായി സ്പാനിഷ് ഇതിഹാസം

ഇക്കൊല്ലത്തെ ഏഷ്യാ കപ്പ് മത്സരങ്ങൾ തുടങ്ങും മുൻപ് സ്പാനിഷ് ഇതിഹാസം സാവിയുമായി നമ്മൾ ഇന്ത്യക്കാർ ഒന്ന് കോർത്തിരുന്നു. ഏഷ്യാ കപ്പിൽ ഇന്ത്യ ഒരു അത്ഭുതവും കാണിക്കില്ലെന്നും ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായിരിക്കുമെന്നും പ്രവചിച്ച സാവിയെ തലങ്ങും വിലങ്ങും നമ്മൾ ആക്രമിച്ചു. ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ തായ്ലൻഡിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തറ പറ്റിച്ചപ്പോൾ ഈ ആക്രമണത്തിന് ശക്തിയേറി. സാവിയുടെ ഫേസ്ബുക്ക് പേജിൽ വരെ പൊങ്കാലയുമായി നമ്മൾ ചെന്നു. എന്തിന്, സാവി ഒരു ഓവറേറ്റഡ് കളിക്കാരനാണെന്നു പോലും നമ്മൾ പറഞ്ഞു കളഞ്ഞു.

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ഭാവിയോടൊപ്പം മറ്റു ചില പ്രവചനങ്ങൾ കൂടി സാവി നടത്തി. ജപ്പാനും ഖത്തറും തമ്മിൽ നടക്കുന്ന ഫൈനലിൽ ജപ്പാനെ തോൽപിച്ച് ഖത്തർ ചരിത്രത്തിലാദ്യമായി ഏഷ്യാ കപ്പ് കിരീടം ചൂടുമെന്നായിരുന്നു സാവിയുടെ പ്രവചനങ്ങൾ. അതിനെയും ഫുട്ബോൾ ലോകം പുച്ഛിച്ചു തള്ളി. ദക്ഷിണ കൊറിയയും ജപ്പാനും ഓസ്ട്രേലിയയുമൊക്കെ പങ്കെടുക്കുന്ന ഏഷ്യാ കപ്പിൽ ഖത്തറോ എന്ന് സകലരും മുഖം ചുളിച്ചു.

ഇപ്പോൾ ഏഷ്യാ കപ്പ് ഫൈനൽ ലൈനപ്പായി. ഫൈനൽ കളിക്കുന്നത് ഖത്തറും ജപ്പാനും. അതെ, കിറുകൃത്യം പ്രവചനം. ഇനി ഇന്ത്യയെപ്പറ്റി സാവിയുടെ പ്രവചനം. ആദ്യ മത്സരത്തിൽ ജയം കുറിച്ചെങ്കിലും ഇന്ത്യ ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ആ പ്രവചനവും കൃത്യം. ക്വാർട്ടർ ഫൈനലുകളിലെത്തുമെന്ന് സാവി പ്രവചിച്ച എട്ടിൽ ഏഴു ടീമും കൃത്യമായി ക്വാർട്ടർ കളിച്ചു. സെമി പ്രവചനവും തെറ്റിയത് ഒരേയൊരു ടീമിൻ്റെ കാര്യത്തിൽ മാത്രമാണ്. അവസാനം ഫൈനലും കൃത്യം. ഇനിയറിയേണ്ടത് ഫൈനൽ റിസൽട്ടാണ്. ഖത്തർ ചാമ്പ്യന്മാരാകുമെന്നാണ് സാവി പ്രവചിച്ചിരിക്കുന്നത്. അതറിയാൻ വെള്ളിയാഴ്ച വരെ കാക്കണം. അന്നാണ് ഫൈനൽ!

Read More >>