റോജർ മില്ലയുടെ ഗോൾ; അഥവാ സ്കോർപ്പിയോൺ കിക്കിനപ്പുറം വളർന്ന ഹിഗ്വിറ്റയുടെ പിഴവ്

തോൽവിഭാരം മുഴുവൻ ഹിഗ്വിറ്റയുടെ ചുമലിലിട്ട് കളി പ്രേമികളും കൈ കഴുകി. ഇതോടെയാണ് ഹിഗ്വിറ്റ വട്ടൻ എന്നറിയപ്പെട്ടത്.

റോജർ മില്ലയുടെ ഗോൾ; അഥവാ സ്കോർപ്പിയോൺ കിക്കിനപ്പുറം വളർന്ന ഹിഗ്വിറ്റയുടെ പിഴവ്

കാല്പന്തുകളി മിടുക്കിനപ്പുറം ആകസ്മികതകളും കൂടി ഉൾക്കൊണ്ടതാണ്. അതല്ലെങ്കിൽ കറുത്ത കുതിരകളും അട്ടിമറികളും സംഭവിക്കരുതല്ലോ. 90 ൽ അർജന്റീനയെയും റൊമേനിയയെയും തോല്പിച്ച് കാമറൂൺ ക്വാർട്ടർ ഫൈനൽ കളിക്കരുതായിരുന്നല്ലോ. ഒരു കളിക്കാരന്റെ അശ്രദ്ധയോ അമിതമായ ആത്മവിശ്വാസമോ സമ്മർദ്ദമോ ഒക്കെ ഒരു കളിയുടെ ഫലം തന്നെ മാറ്റിമറിക്കുന്നത് നാമെത്രയോ തവണ കണ്ടു കഴിഞ്ഞു. എന്നാൽ കേവലം കളിയല്ല, കളിക്കാരനെത്തന്നെ മാറ്റിമറിക്കുന്ന ചിലത് ഫുട്ബോൾ മൈതാനത്ത് സംഭവിച്ചിട്ടുണ്ട്.

ഈ പട്ടികയിലേക്ക് ആദ്യമെത്തുന്നത് ഹിഗ്വിറ്റയാണ്. കൊളംബിയൻ ഗോളി റെനെ ഹിഗ്വിറ്റ. വട്ടനായ ഗോളി എന്ന് ഫുട്ബോൾ ലോകം വിളിച്ച നീളൻ മുടിക്കാരൻ. മൈതാനത്ത് പന്തിനായി പോരാടുന്ന ടീമംഗങ്ങളോടൊപ്പം ആക്രമണത്തിൽ പങ്കാളിത്തം വഹിച്ചു കൊണ്ടിരുന്ന ഹിഗ്വിറ്റ ഒരു തലമുറയുടെ ഗോൾ കീപ്പർമാരുടെ പ്രതിനിധിയായിരുന്നു. ക്രോസ്ബാറിന് കീഴിൽ സ്കോർപ്പിയോൺ കിക്കുകൾ കൊണ്ട് അവിശ്വസനീയമായ സേവുകൾ നടത്തിയ ഹിഗ്വിറ്റ മൈതാനത്തിലേക്കിറങ്ങിക്കളിക്കുന്ന ശൈലി കൊണ്ട് കൂടിയാണ് ശ്രദ്ധേയനായത്. എന്നാൽ 1990 ലെ ലോകകപ്പ് ഹിഗ്വിറ്റയുടെ തിരിച്ചടികളുടെ തുടക്കമായി.

28 വര്‍ഷത്തിന് ശേഷം കൊളംബിയ ലോക ഫുട്‌ബോള്‍ ഭൂപടത്തിലേക്ക് തിരിച്ചെത്തി എന്നതായിരുന്നു 1990 ലോകകപ്പിന്റെ ഏറ്റവും വലിയ സവിശേഷത. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതിനെത്തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 106 ആം മിനിറ്റിൽ റോജർ മില്ല ആദ്യ ഗോൾ നേടി. പത്ത് മിനിട്ടുകൾക്ക് ശേഷം ബെർണാർഡോയിലൂടെ കൊളംബിയ തിരിച്ചടിച്ചു. രണ്ട് മിനിട്ടുകൾക്ക് ശേഷമാണ് അത് സംഭവിച്ചത്. പന്തുമായി മൈതാനമദ്ധ്യം വരെ ഓടിക്കേറിയ ഹിഗ്വിറ്റയിൽ നിന്ന് പന്ത് റാഞ്ചിയ റോജർ മില്ല അത് ഗോളിലേക്ക് തിരിച്ചു വിട്ട് ലീഡ് തിരിച്ചു പിടിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കൊളംബിയ തോറ്റു.

മാധ്യമങ്ങൾ ഹിഗ്വിറ്റയെ വളഞ്ഞാക്രമിച്ചു. ഹിഗ്വിറ്റയുടെ സാഹസിക നീക്കം ഇല്ലായിരുന്നെങ്കിൽ മത്സരം സമനില ആകുമായിരുന്നു എന്നവർ പറഞ്ഞു. തോൽവിഭാരം മുഴുവൻ ഹിഗ്വിറ്റയുടെ ചുമലിലിട്ട് കളി പ്രേമികളും കൈ കഴുകി. ഇതോടെയാണ് ഹിഗ്വിറ്റ വട്ടൻ എന്നറിയപ്പെട്ടത്. എന്നാൽ ഹിഗ്വിറ്റ തന്റെ നീക്കത്തെ ന്യായീകരിച്ചു കൊണ്ടിരുന്നു. ജയം മാത്രം ലക്ഷ്യമിട്ട് ഒന്നാകെ അക്രമിച്ചതിന്റെ ഭാഗമായിട്ടാണ് താൻ പന്തുമായി കുതിച്ചതെന്നും അത് പോസിറ്റിവ് ഫുട്ബോൾ ആയിരുന്നുവെന്നും ഹിഗ്വിറ്റ വാദിച്ചു. എന്നാൽ ഈ വാദമുഖങ്ങളൊന്നും വരുത്തി വെച്ച മുറിവിന് പരിഹാരമായിരുന്നില്ല. ലോകം ഹിഗ്വിറ്റയെ ഇങ്ങനെ തന്നെ അടയാളപ്പെടുത്തി വെച്ചു. ഒരേയൊരു തോൽ‌വിയിൽ ഹിഗ്വിറ്റയ്ക്ക് ജീവിതകാലം മുഴുവൻ തലകുനിച്ചു നിൽക്കേണ്ടി വന്നു.


Read More >>