അനസ് എടത്തൊടിക വിരമിച്ചു; ഫുട്ബോൾ ലോകത്തിന് ഞെട്ടൽ

യുവതാരങ്ങൾക്ക് അവസരമൊരുക്കാനായി വിരമിക്കുന്നു എന്ന് അനസ് ഫേസ്ബുക്കിൽ കുറിച്ചു.

അനസ് എടത്തൊടിക വിരമിച്ചു; ഫുട്ബോൾ ലോകത്തിന് ഞെട്ടൽ

മലയാളിയായ ഇന്ത്യൻ ദേശീയ താരം അനസ് എടത്തൊടിക രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇന്ത്യൻ സെൻ്റർ ബാക്ക് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. യുവതാരങ്ങൾക്ക് അവസരമൊരുക്കാനായി വിരമിക്കുന്നു എന്ന് അനസ് ഫേസ്ബുക്കിൽ കുറിച്ചു.

11 വർഷത്തോളം കാത്തിരുന്നിട്ടാണ് രാജ്യത്തിനു വേണ്ടി കളിക്കാൻ അവസരം കിട്ടിയതെന്നും കുറച്ചു നാൾ മാത്രമാണ് ഇന്ത്യൻ ജേഴ്സി അണിയാൻ സാധിച്ചതെന്നും അനസ് കുറിപ്പിലൂടെ പറഞ്ഞു. ബഹ്റിനുമായി നടന്ന ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൻ്റെ ആദ്യ മിനിട്ടുകളിൽ പരിക്കേറ്റ് കളം വിടേണ്ടി വന്നതും കുറിപ്പിൽ സൂചിപ്പിച്ച അനസ് തന്നെ വിശ്വസിച്ച കോച്ച് സ്റ്റീഫൺ കോൺസ്റ്റൻ്റൈന് നന്ദി പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇന്ത്യൻ ജേഴ്സിയിൽ ആകെ 17 മത്സരങ്ങൾ മാത്രം കളിച്ചിട്ടാണ് അനസിൻ്റെ പടിയിറക്കം. സന്തോഷ് ജിങ്കാനുമായിച്ചേർന്നുള്ള അനസിൻ്റെ ഡിഫൻസ് കൂട്ടുകെട്ട് ഇന്ത്യൻ പ്രതിരോധത്തെ സമീപകാലത്ത് ഉറച്ചതാക്കിയിരുന്നു.