സഹതാപമല്ല; യുവിയെ വാങ്ങിയത് കൃത്യമായ തന്ത്രമെന്ന് മുംബൈ ഇന്ത്യൻസ്

യുവരാജിനും മലിംഗയ്ക്കും ടീമിൽ കൃത്യമായ റോളുകൾ ഉണ്ടാവുമെന്നും അനുഭവ സമ്പത്തിനും യുവത്വത്തിനും ഒരു പോലെ പ്രാധാന്യം നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ആകാശ് പറഞ്ഞു.

സഹതാപമല്ല; യുവിയെ വാങ്ങിയത് കൃത്യമായ തന്ത്രമെന്ന് മുംബൈ ഇന്ത്യൻസ്

ഐപിഎൽ താരലേലത്തിൽ യുവരാജ് സിംഗിനെ സ്വന്തമാക്കിയത് കൃത്യമായ തന്ത്രമാണെന്ന് മുംബൈ ഇന്ത്യൻസ്. അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക് യുവിയെ സ്വന്തമാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും ടീം ഉടമ ആകാശ് അംബാനി പറഞ്ഞു. ജയ്പൂരിൽ നടന്ന താര ലേലത്തിനു ശേഷമായിരുന്നു ആകാശിൻ്റെ പ്രതികരണം.

"സത്യസന്ധമായി പറഞ്ഞാൽ, യുവരാജിനും മലിംഗയ്ക്കുമായി കൂടുതൽ പണം ഞങ്ങൾ മാറ്റിവച്ചിരുന്നു. എന്നിട്ടും ഒരു കോടി രൂപയ്ക്കു യുവരാജിനെ ടീമിലെത്തിക്കാൻ സാധിച്ചത് 12 വർഷത്തെ ഐപിഎൽ താരലേലത്തിന്റെ ചരിത്രത്തിൽത്തന്നെ മുംബൈയ്ക്കു ലഭിച്ച ഏറ്റവും വലിയ നേട്ടമാണ്. ഒരു താരത്തിന് കരിയറിൽ നേടാൻ കഴിയുന്ന കിരീടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുള്ള താരമാണ് യുവരാജെന്ന് ഓർക്കണം."– ആകാശ് അംബാനി പറഞ്ഞു.

യുവരാജിനും മലിംഗയ്ക്കും ടീമിൽ കൃത്യമായ റോളുകൾ ഉണ്ടാവുമെന്നും അനുഭവ സമ്പത്തിനും യുവത്വത്തിനും ഒരു പോലെ പ്രാധാന്യം നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ആകാശ് പറഞ്ഞു.

മുംബൈ ഇന്ത്യൻസിൻ്റെ പ്രധാന ബൗളറായിരുന്ന മലിംഗയെ കഴിഞ്ഞ വർഷം പുറത്താക്കിയെങ്കിലും ബൗളിംഗ് മെൻ്ററായി അദ്ദേഹം ടീമിനൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിലെ ഓപ്പണിംഗ് ബൗളർ മുസ്തഫിസുർ റഹീമിനെ മുംബൈ റിലീസ് ചെയ്തിരുന്നു. ആ ഒഴിവിലേക്ക് മലിംഗ എത്തുമെന്നാണ് കരുതപ്പെടുന്നത്. മലിംഗയെ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കാണ് മുംബൈ ടീമിൽ എത്തിച്ചത്.