'ഇന്ത്യൻ കളിക്കാരെ ഇഷ്ടപ്പെടാതെ നിങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നതെന്തിന്?'; വിവാദമായി കോഹ്ലിയുടെ പ്രസ്താവന

"പക്ഷേ, ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് മറ്റുള്ളവയെ ഇഷ്ടപ്പെടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല."- വീഡിയോയിൽ വിരാട് പറയുന്നു.

ഇന്ത്യൻ കളിക്കാരെ ഇഷ്ടപ്പെടാതെ നിങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നതെന്തിന്?; വിവാദമായി കോഹ്ലിയുടെ പ്രസ്താവന

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി ആരാധകനു നൽകിയ മറുപടി വിവാദമാകുന്നു. ഇന്ത്യക്കാരുടെ ബാറ്റിംഗിനെക്കാൾ ഓസ്ട്രേലിയക്കാരുടെയും ഇംഗ്ലീഷുകാരുടെയും ബാറ്റിംഗാണ് തനിക്കിഷ്ടം എന്ന കമൻ്റിനുള്ള മറുപടിയാണ് വിവാദമാകുന്നത്. അങ്ങനെയെങ്കിൽ നിങ്ങൾക്ക് ആ രാജ്യത്ത് പോയി ജീവിച്ചു കൂടേ എന്നാണ് കമൻ്റിനുള്ള മറുപടിയായി കോഹ്ലിയുടെ വിവാദ പ്രസ്താവന.

കമൻ്റുകൾക്ക് മറുപടി നൽകുന്ന വീഡിയോയിലെ ഒരു ഭാഗമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. "താങ്കൾ ഒരു ഓവർറേറ്റഡ് ബാറ്റ്സ്മാനാണ്. താങ്കളുടെ ബാറ്റിംഗിൽ ഒരു പ്രത്യേകതയും എനിക്ക് തോന്നിയിട്ടില്ല. ഇന്ത്യൻ കളിക്കാരുടെ ബാറ്റിംഗിനെക്കാൾ ഞാൻ ഇംഗ്ലീഷ്, ഓസ്ട്രേലിയൻ കളിക്കാരുടെ ബാറ്റിംഗാണ് ആസ്വദിക്കാറുള്ളത്."- ഇങ്ങനെയാണ് ആരാധകൻ്റെ കമൻ്റ്.

"ശരി. നിങ്ങൾ ഇന്ത്യയിൽ ജീവിക്കണമെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾ മറ്റെവിടെയെങ്കിലും പോയി ജീവിക്കൂ. മറ്റു രാജ്യങ്ങളെ സ്നേഹിച്ചു കൊണ്ട് എന്തിനാണ് നിങ്ങൾ ഞങ്ങളുടെ രാജ്യത്ത് ജീവിക്കുന്നത്? എന്നെ നിങ്ങൾ ഇഷ്ടപ്പെടുന്നില്ല എന്നത് ഞാൻ കണക്കാക്കുന്നില്ല. പക്ഷേ, ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് മറ്റുള്ളവയെ ഇഷ്ടപ്പെടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല."- ഇതാണ് കമൻ്റിനു മറുപടിയായി വിരാടിൻ്റെ പ്രസ്താവന.

കോഹ്ലിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. 'പാക്കിസ്ഥാനീപ്പോടാ' എന്ന സംഘപരിവാർ മുദ്രാവാക്യത്തിൻ്റെ മറ്റൊരു പതിപ്പായാണ് പലരും കോഹ്ലിയുടെ ഈ പ്രസ്താവനയെ കാണുന്നത്. അതേ സമയം, വിരാട് കോഹ്ലി-അനുഷ്ക വിവാഹം ഇറ്റലിയിൽ വെച്ചായിരുന്നു എന്നതും ശ്രദ്ധേയമാണ്.


Read More >>