താന്‍ ഉപയോഗിക്കാത്ത സാധനങ്ങള്‍ മറ്റുള്ളവരെക്കൊണ്ടു വാങ്ങിപ്പിക്കാനാകില്ല; പെപ്‌സികോയുമായുള്ള കോടികളുടെ കരാര്‍ അവസാനിപ്പിച്ച് വിരാട് കോഹ്ലി

ക്രിക്കറ്റ് ലോകത്തെ അതിപ്രശസ്തനായ കോഹ്ലിയുടെ തീരുമാനം പെപ്‌സി ഉത്പന്നങ്ങളുടെ വില്‍പ്പനയെ സാരമായി ബാധിക്കുമെന്നുറപ്പാണ്...

താന്‍ ഉപയോഗിക്കാത്ത സാധനങ്ങള്‍ മറ്റുള്ളവരെക്കൊണ്ടു വാങ്ങിപ്പിക്കാനാകില്ല; പെപ്‌സികോയുമായുള്ള കോടികളുടെ കരാര്‍ അവസാനിപ്പിച്ച് വിരാട് കോഹ്ലി

പെപ്‌സികോ കമ്പനിയുമായി ഒപ്പുവച്ച കോടികളുടെ കരാര്‍ ഉപേക്ഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി. ആറുവര്‍ഷത്തെ കരാറാണ് കോഹ്ലി അപ്രതീക്ഷിതമായി അവസാനിപ്പിച്ചത്. താന്‍ ഉപയോഗിക്കാത്ത സാധനങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കണമെന്നു വാദിക്കാനാകില്ല എന്ന കാരണത്താലാണ് കോഹ്ലി കരാറില്‍ നിന്നും പിണ്‍ന്‍മാറുന്നതെന്നാണ് സൂചനകള്‍.

ശീതള പാനീയങ്ങളൊന്നും താന്‍ ഉപയോഗിക്കാറില്ലെന്നും, താന്‍ ഉപയോഗിക്കാത്ത വസ്തുക്കള്‍ മറ്റുള്ളവരോട് വാങ്ങണമെന്ന് പറയാന്‍ തനിക്കാവില്ലെന്നും കോഹ്ലി വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഫിറ്റ്‌നസ് സംബന്ധമായി ആരോഗ്യകാര്യങ്ങളില്‍ കോഹ്ലി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ്. അതിനാല്‍ ശീതള പാനിയങ്ങളൊന്നും ഉപയോഗിക്കാറില്ലെന്നും അതുകൊണ്ടുതന്നെ അത്തരം പരസ്യങ്ങളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നും കോഹ്ലി പറഞ്ഞതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കി.

ക്രിക്കറ്റ് ലോകത്തെ അതിപ്രശസ്തനായ കോഹ്ലിയുടെ തീരുമാനം പെപ്‌സി ഉത്പന്നങ്ങളുടെ വില്‍പ്പനയെ സാരമായി ബാധിക്കുമെന്നുറപ്പാണ്. ട്വന്റി-20യില്‍ ഒന്നാം സ്ഥാനത്തും ഏകദിനത്തില്‍ മൂന്നാമതും ടെസ്റ്റില്‍ അഞ്ചാമതുമാണ് താരത്തിന്റെ റാങ്കിംഗ്. മികച്ച ഫോം നിലനിര്‍ത്തു്‌നതിനുള്ള മുന്നൊരുക്കമാണ് ഇന്ത്യന്‍ നായകന്റെ തീരുമാനത്തിനു പിന്നിലുള്ളതെന്നറിയുന്നു.