രഞ്ജി ട്രോഫി: തിരിച്ചടിച്ച് കേരളം; വിദർഭ 208ന് പുറത്ത്

അഞ്ചു വിക്കറ്റെടുത്ത സന്ദീപ് വാര്യറും മൂന്ന് വിക്കറ്റെടുത്ത ബേസിൽ തമ്പിയുമാണ് കുറഞ്ഞ സ്കോറിന് മുൻ ചാമ്പ്യന്മാരെ കെട്ടു കെട്ടിച്ചത്.

രഞ്ജി ട്രോഫി: തിരിച്ചടിച്ച് കേരളം; വിദർഭ 208ന് പുറത്ത്

രഞ്ജി ട്രോഫി സെമിഫൈനലിൽ തിരിച്ചടിച്ച് കേരളം. മികച്ച ബാറ്റ്സ്മാന്മാർ അടങ്ങിയ വിദർഭയെ 208 റൺസിന് കേരളം പുറത്താക്കി. 102 റൺസിൻ്റെ ലീഡാണ് വിദർഭയ്ക്കുള്ളത്. അഞ്ചു വിക്കറ്റെടുത്ത സന്ദീപ് വാര്യറും മൂന്ന് വിക്കറ്റെടുത്ത ബേസിൽ തമ്പിയുമാണ് കുറഞ്ഞ സ്കോറിന് മുൻ ചാമ്പ്യന്മാരെ കെട്ടു കെട്ടിച്ചത്. ബാക്കിയുള്ള രണ്ടു വിക്കറ്റുകൾ മൂന്നാം പേസർ എംഡി നിധീഷ് വീഴ്ത്തി.

വയനാട്ടിലെ കൃഷ്ണഗിരിയിൽ നടന്ന സെമിഫൈനൽ മത്സരത്തിൽ പേസർമാരാണ് തിളങ്ങിയത്. കേരളത്തെ 106നു പുറത്താക്കിയ വിദർഭ കരുത്തോടെയാണ് തുടങ്ങിയത്. സഞ്ജയ് രാമസ്വാമി, ഫേസ് ഫസൽ, വസീം ജാഫർ എന്നിങ്ങനെ മികച്ച കളിക്കാരടങ്ങിയ ടോപ്പ് ഓർഡറിൻ്റെ മികവിൽ വിദർഭ പടുകൂറ്റൻ സ്കോർ പടുത്തുയർത്തുമെന്ന് കരുതിയെങ്കിലും അച്ചടകത്തോടെ പന്തെറിഞ്ഞ കേരളാ പേസർമാർക്കു മുന്നിൽ പത്തി മടക്കുകയായിരുന്നു. ഫേസ് ഫസലും സഞ്ജയ് രാമസ്വാമിയും ചേർന്ന് ഇന്നിംഗ്സിന് തുടക്കമിട്ട വിദർഭ ആദ്യ വിക്കറ്റിൽ കേരളത്തിൻ്റെ ഓപ്പണിംഗ് ബൗളർമാരായ സന്ദീപ് വാര്യർ, ബേസിൽ തമ്പി എന്നിവരെ ഫലപ്രദമായി നേരിട്ടു. തുടർന്ന് മൂന്നാം പേസർ എംഡി നിധീഷാണ് കേരളത്തിനാഇ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. തുടർന്ന് ഒത്തു ചേർന്ന വസീം ജാഫറും ഫേസ് ഫസലും കേരളത്തിൽ നിന്ന് മത്സരം തട്ടിയെടുക്കുമോ എന്ന് തോന്നുന്ന തരത്തിൽ അനായാസമായി ഇന്നിംഗ്സ് കെട്ടിപ്പടുക്കവേ കൂട്ടത്തകർച്ച നേരിടുകയായിരുന്നു. വസീം ജാഫറിനെയും നിധീഷാണ് പുറത്താക്കിയത്.

ആദ്യ ദിനം അവസാനിക്കുമ്പോൾ ഉണ്ടായിരുന്ന 171/5 എന്ന സ്കോറിനോട് 37 റൺസുകൾ കൂട്ടിച്ചേർക്കുന്നതിനിടെ വിദർഭ ഓൾ ഔട്ടാവുകായിരുന്നു. കേരളത്തിൻ്റെ രഞ്ജി പ്രകടനങ്ങളിൽ സുപ്രധാന പങ്കു വഹിച്ച സന്ദീപ്-ബേസിൽ പേസ് സഖ്യം വിദർഭ ബാറ്റ്സ്മാന്മാർക്ക് ഭീഷണിയായി. 75 റൺസെടുത്ത ഓപ്പണറും ക്യാപ്റ്റനുമായ ഫേസ് ഫസലാണ് വിദർഭയുടെ ടോപ്പ് സ്കോറർ. വസീം ജാഫർ 34 റൺസെടുത്തു.

നേരത്തെ 7 വിക്കറ്റെടുത്ത ഇന്ത്യൻ പേസർ ഉമേഷ് യാദവിൻ്റെ മികവിലാണ് വിദർഭ കേരളത്തെ കുറഞ്ഞ സ്കോറിനു പുറത്താക്കിയത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ വിദർഭയോട് കഴിഞ്ഞ വർഷം ക്വാർട്ടറിലും കേരളം പരാജയപ്പെട്ടിരുന്നു.