കേരളാ ക്രിക്കറ്റ് ജാതകം തിരുത്തുന്നു; ഇന്ത്യൻ അണ്ടർ 19 ടീമിൽ രണ്ട് മലയാളികൾ

ഇക്കഴിഞ്ഞ കുച്ച് ബെഹാർ ട്രോഫിയിലെ പ്രകടനങ്ങളാണ് ഇരുവർക്കും ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നത്.

കേരളാ ക്രിക്കറ്റ് ജാതകം തിരുത്തുന്നു; ഇന്ത്യൻ അണ്ടർ 19 ടീമിൽ രണ്ട് മലയാളികൾ

സമീപകാലത്തായി കേരളാ ക്രിക്കറ്റ് കൈവരിച്ച അഭൂതപൂർവ്വമായ വളർച്ചയെ സാധൂകരിക്കും വിധം ഇന്ത്യൻ അണ്ടർ 19 ടീമിൽ രണ്ട് മലയാളികൾ ഇടം പിടിച്ചു. സൂരജ് അഹൂജ നയിക്കുന്ന ടീമില്‍ വരുണ്‍ നായനാര്‍, വത്‌സാല്‍ ഗോവിന്ദ് എന്നിവരാണ് ഇടംപിടിച്ചത്. ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ ചതുര്‍ദിന മത്സരങ്ങളിൽ ഇരുവരും ഇന്ത്യക്ക് വേണ്ടി പാഡണിയും.

ഇക്കഴിഞ്ഞ കുച്ച് ബെഹാർ ട്രോഫിയിലെ പ്രകടനങ്ങളാണ് ഇരുവർക്കും ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നത്. ഒരു ട്രിപിൾ സെഞ്ചുറിയുൾപ്പെടെ 1235 റൺസ് സ്കോർ ചെയ്ത വത്സൽ ഗോവിന്ദായിരുന്നു ടൂർണമെൻ്റ് ടോപ്പ് സ്കോറർ. 123.50 എന്ന അവിശ്വസനീയമായ ശരാശരിയിലാണ് വത്സൽ ഗോവിന്ദിൻ്റെ പ്രകടനം. ഒരു ഇരട്ട സെഞ്ചുറിയോടെ 679 റൺസെടുത്ത വരുൺ നായനാർ പട്ടികയിൽ പതിനാറാമതാണ്.

തിരുവനന്തപുരത്താണ് ദക്ഷിണാഫ്രിക്ക അണ്ടന്‍ 19നെതിരെ ഇന്ത്യന്‍ അണ്ടര്‍ 19 ടീം രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ കളിക്കുന്നത്. ആദ്യ മത്സരം ഫെബ്രുവരി 20നും രണ്ടാം മത്സരം 26നും ആരംഭിക്കും.